News - 2024

ഇറാഖി ക്രൈസ്തവരില്‍ ആറില്‍ അഞ്ചു പേരും തീവ്രവാദ ഭീഷണി മൂലം രാജ്യത്തു നിന്ന്‍ പലായനം ചെയ്തതായി കണക്കുകള്‍

സ്വന്തം ലേഖകന്‍ 14-10-2016 - Friday

ലണ്ടന്‍: ഇറാഖിലുണ്ടായിരുന്ന ക്രൈസ്തവരുടെ പലായനത്തിന്റെ ശരിയായ ചിത്രം വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. 2003 മുതല്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ ആറ് ഇറാഖി ക്രൈസ്തവരില്‍ അഞ്ചു പേരും രാജ്യത്ത് നിന്നും അക്രമം ഭയന്ന് പലായനം ചെയ്തതായി 'പ്രീമിയര്‍' എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഓപ്പണ്‍ ഡോര്‍സ്' എന്ന സംഘടനയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

2010 മുതല്‍ സിറിയയിലെ ക്രൈസ്തവരുടെ നേര്‍പകുതിയും തീവ്രവാദികളെ ഭയന്ന് രാജ്യം വിട്ടതായി ഓപ്പണ്‍ ഡോര്‍സില്‍ പ്രവര്‍ത്തിക്കുന്ന ലിസാ പിയേഴ്‌സി വ്യക്തമാക്കുന്നു. "ഈ രാജ്യങ്ങളില്‍ ഇപ്പോഴും തുടര്‍ന്ന് ജീവിക്കുന്ന ക്രൈസ്തവര്‍ക്ക് തങ്ങളുടെ ജീവന്‍ സുരക്ഷിതമല്ലെന്ന കാര്യം അറിയാം. എന്നിരുന്നാലും ക്രൈസ്തവ വിശ്വാസം ആദ്യമായി പൊട്ടിമുളച്ച മണ്ണിനെ ഉപേക്ഷിച്ച് പലായനം ചെയ്യുവാന്‍ അവര്‍ താല്‍പര്യപ്പെടുന്നില്ല. തങ്ങള്‍ക്ക് ചുറ്റുമുള്ള ചെറിയ സംഘം വിശ്വാസികളുമൊത്ത് അവര്‍ ജീവിക്കുന്നു". ലിസാ പിയേഴ്‌സ് പറഞ്ഞു.

ക്രൈസ്തവ, മുസ്ലീം നേതാക്കള്‍ തങ്ങളുടെ മതങ്ങളിലെ സന്നദ്ധ സംഘടനകള്‍ വഴിയും, യുഎന്‍ പോലുള്ള സംഘടനകള്‍ വഴിയും ദുരിതം അനുഭവിക്കുന്ന ജനതയെ സഹായിക്കുവാന്‍ മുന്നിട്ട് ഇറങ്ങണമെന്ന് ഓപ്പണ്‍ ഡോര്‍സ് ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര സമൂഹം വിഷയത്തില്‍ ഇടപെടണമെന്ന് മേഖലയില്‍ അവശേഷിക്കുന്ന ക്രൈസ്തവരും അഭ്യര്‍ത്ഥിക്കുന്നുണ്ട്.

"ക്രൈസ്തവരായ ഞങ്ങളെ ന്യൂനപക്ഷം എന്ന് വിളിക്കരുത്. കാരണം, ഒരുകാലത്ത് ഞങ്ങളുടെതായിരുന്നു ഈ രാജ്യം. എന്നാല്‍ ഇപ്പോള്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ കാരണം ഞങ്ങള്‍ക്ക് വീടും, ബന്ധുക്കളും, രാജ്യവും എല്ലാം നഷ്ടപ്പെടുകയാണ്. ഇപ്പോഴും പലരും ഇവിടെ തുടരുന്നത് ഈ രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു വേണ്ടിയാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ കൈത്താങ്ങ് അതിനായി ആവശ്യമാണ്". ക്രൈസ്തവ വിശ്വാസിയായ റാമി പറഞ്ഞു. സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ക്രൈസ്തവര്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് അഭയാര്‍ത്ഥികളായി പലായനം ചെയ്യുന്നത്.

More Archives >>

Page 1 of 92