News - 2024
ചൈനീസ് സര്‍ക്കാര്‍ തിരഞ്ഞെടുത്ത നൂറ്റാണ്ടിന്റെ വാസ്തുകലാ നിര്‍മ്മിതികളില്‍ സെന്റ് സോഫിയ കത്തീഡ്രല്‍ ദേവാലയവും
സ്വന്തം ലേഖകന്‍ 13-10-2016 - Thursday
ബെയ്ജിംഗ്: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 98 ചൈനീസ് വാസ്തുകലാ നിര്‍മ്മിതികളില്‍ ഒന്നായി ഹാര്‍ബിനിലെ സെന്റ് സോഫിയ കത്തീഡ്രല്‍ തെരഞ്ഞെടുക്കപ്പെട്ടു. ചൈനീസ് ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ പ്രധാന ആരാധന കേന്ദ്രമാണ് സെന്റ് സോഫിയ കത്തീഡ്രല്‍. ചൈനീസ് പുരാവസ്തു വകുപ്പും, സാംസ്‌കാരിക വകുപ്പും സംയുക്തമായി നടത്തിയ നിരവധി പഠനങ്ങള്‍ക്ക് ശേഷമാണ് 110 വര്‍ഷത്തോളം പഴക്കമുള്ള കത്തീഡ്രലിനേയും പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
1907 മാര്‍ച്ചില്‍ റഷ്യന്‍ നമ്പര്‍-4 പട്ടാള യൂണിറ്റിന്റെ ആരാധനയ്ക്കായി ആണ് ഈ ദേവാലയം നിര്‍മ്മിച്ചത്. തടി ഉപയോഗിച്ചു അധിക ഭാഗവും പണിതിരിക്കുന്ന ഈ ദേവാലയം റഷ്യന്‍ വാസ്തുകലയുടെ എക്കാലത്തേയും ഉത്തമ ഉദാഹരണമാണ്. 53.3 മീറ്ററോളം ഉയരമുള്ള സെന്റ് സോഫിയ കത്തീഡ്രല്‍ ദേവാലയം ഉച്ചവെയിലിന്റെ സമയത്ത് നോക്കുമ്പോള്‍ മോസ്‌കോയിലെ ചുമന്ന ചത്വരത്തോട് സാദ്യശ്യമുള്ളതായി തോന്നും.
നിയോ-ബൈസന്റൈന്‍ വാസ്തുകലയുടെ അടിസ്ഥാനത്തിലാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. 1996-ല്‍ തന്നെ ദേശീയ പരമ്പരാഗത നിര്‍മ്മിതികളുടെ പട്ടികയില്‍ സെന്റ് സോഫിയ കത്തീഡ്രല്‍ ഇടം പിടിച്ചിരുന്നു. പതിമൂവായിരത്തില്‍ അധികം ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ ചൈനയിലുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹാര്‍ബിന്‍, ഇന്നര്‍ മംഗോളിയ, സിന്‍ജിയാംങ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഓര്‍ത്തഡോക്സ് വിശ്വാസികളില്‍ അധികവും വസിക്കുന്നത്.
2013-ല്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തലവനായ കിറില്‍ പാത്രീയാര്‍ക്കീസ് ചൈനയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് നേരിട്ട് എത്തിയാണ് പാത്രീയാര്‍ക്കീസ് കിറിലിനെ സ്വീകരിച്ചത്. ദ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിള്‍, ദ ഷാന്‍ഹായി പാര്‍ക്ക് ഹോട്ടല്‍, വുഹാന്‍ യാംഗ്റ്റ്‌സി നദിക്ക് കുറുകെയുള്ള പാലം എന്നീ നിര്‍മ്മിതികളാണ് പൈതൃക പട്ടികയില്‍ ഇടം പിടിച്ച മറ്റു സ്ഥാനക്കാര്‍.