News - 2024
ക്രിസ്തുവിനെ പ്രതി രക്തസാക്ഷിത്വം വഹിക്കുവാന്‍ ക്രൈസ്തവര്‍ തയാറെടുക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് മൗനീര്‍ അനിസ്
സ്വന്തം ലേഖകന്‍ 18-10-2016 - Tuesday
കെയ്‌റോ: പീഡനങ്ങളുടെയും അസഹിഷ്ണതകളുടെയും നടുവില്‍ ജീവന്‍ ബലിയായി അര്‍പ്പിക്കുവാന്‍ ക്രൈസ്തവര്‍ തയാറെടുക്കണമെന്ന് ആംഗ്ലിക്കന്‍ ബിഷപ്പിന്റെ ആഹ്വാനം. കെയ്‌റോ ആര്‍ച്ച് ബിഷപ്പ് മൗനീര്‍ അനിസാണ് പീഡനങ്ങളുടെ നടുവില്‍ ക്രിസ്തുവിനായി ജീവന്‍ നല്‍കുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ക്രൈസ്തവ വിശ്വാസികള്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ബിഷപ്പുമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം.
ക്രൈസ്തവ പീഡനം ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യങ്ങളായ സുഡാന്‍, കെനിയ, റുവാന്‍ഡ, നൈജീരിയ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക, മ്യാന്‍മര്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ബിഷപ്പുമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുവാനായി എത്തിയിരുന്നു.
സമ്മേളനത്തോട് അനുബന്ധിച്ച് നടത്തപ്പെട്ട സെമിനാറില്‍ വത്തിക്കാനില്‍ നിന്നും, കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നുമുള്ള പ്രത്യേക ക്ഷണിതാക്കളും പങ്കെടുത്തു. സുന്നി മുസ്ലീങ്ങളുടെ പഠനങ്ങളുടെ കേന്ദ്രമായ ഈജിപ്ത്തിലെ അല്‍ അസ്ഹാര്‍ സര്‍വകലാശാലയിലെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുവാന്‍ എത്തി.
അറബികളുടെ കടന്നുവരവോടെയാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ക്രൈസ്തവ വിശ്വാസികളുടെ ഇടയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന്‍ നോര്‍ത്ത് ആഫ്രിക്കയുടെ മുന്‍ ബിഷപ്പായിരുന്ന ബില്‍ മസ്‌ക് പറഞ്ഞു. പ്രാദേശികമായി ഉയര്‍ന്ന പ്രശ്‌നങ്ങളുടെ പേരില്‍ ജീവന്‍ നഷ്ടമായ ക്രൈസ്തവ വിശ്വാസികള്‍ ക്രിസ്തുവിനു വേണ്ടിയാണ് രക്തസാക്ഷിത്വം വഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈജിപ്ത്തില്‍ കോപ്റ്റിക് ക്രൈസ്തവ സമൂഹത്തിന് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിലുള്ള ആശങ്ക യോഗം പ്രത്യേകം ചര്‍ച്ച ചെയ്തു.
കത്തോലിക്ക സഭയും, പൌരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവ വിശ്വാസികളുള്ള സഭയാണ് ആംഗ്ലിക്കന്‍ സഭ. മറ്റു സഭകളിലെ വിശ്വാസികളെ പോലെ ആംഗ്ലിക്കന്‍ സഭയിലെ അംഗങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തുവിനെ പ്രതി പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്.
പുതിയ കാലഘട്ടത്തില്‍ സഭകള്‍ തമ്മിലുള്ള ഐക്യം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ആര്‍ച്ച് ബിഷപ്പ് മൗനീര്‍ അനിസ് പ്രത്യേകം പരാമര്‍ശിച്ചു. ബഹുഭാര്യ സമ്പ്രദായത്തേയും, യഹോവ സാക്ഷികള്‍ പോലെയുള്ള സഭകളേയും ബിഷപ്പുമാരുടെ സമ്മേളനം രൂക്ഷമായി വിമര്‍ശിച്ചു. സത്യവിശ്വാസികള്‍ ഇതിലേക്ക് ആകൃഷ്ടരാകരുതെന്നു ആര്‍ച്ച് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.