News
ആസിയ ബീബിയെ ഉടന്‍ തൂക്കിലേറ്റണമെന്ന ആവശ്യവുമായി തീവ്ര മുസ്ലിം സംഘടനകളുടെ പ്രതിഷേധ റാലി; പ്രാര്‍ത്ഥനയുമായി ക്രൈസ്തവര്‍
സ്വന്തം ലേഖകന്‍ 17-10-2016 - Monday
ലാഹോര്‍: വ്യാജ മതനിന്ദാ കുറ്റത്തിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രൈസ്തവയായ ആസിയ ബീബിയെ ഉടന്‍ തൂക്കിലേറ്റണമെന്ന ആവശ്യവുമായി പാക്കിസ്ഥാന്റെ വിവിധ നഗരങ്ങളില്‍ പ്രതിഷേധം. സുന്നി മുസ്ലീങ്ങളിലെ തീവ്രവാദ നിലപാടുള്ളവരാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കറാച്ചി, ഇസ്ലാമാബാദ്, ലാഹോര്‍ തുടങ്ങിയ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം തന്നെ പ്രതിഷേധ റാലി സംഘടിപ്പിക്കപ്പെട്ടു. 'തെഹ്രീക്ക് ഇ ലബായ്ക്ക് റസൂല്‍ അള്ളാ' എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്.
കോടതിയില്‍ നിന്നും വിധിയുണ്ടായിട്ടും എന്തുകൊണ്ടാണ് ആസിയയെ തൂക്കിലേറ്റാത്തതെന്ന് പ്രതിഷേധക്കാര്‍ ചോദിക്കുന്നു. ആസിയയെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങളും ഹാംങ് ആസിയ (#HangAsia) എന്ന ഹാഷ് ടാഗ് എഴുതിയ നിരവധി കാര്‍ഡുകളും ഉയര്‍ത്തിപിടിച്ചാണ് പ്രതിഷേധക്കാര്‍ റാലികളില്‍ പങ്കെടുത്തത്. അന്താരാഷ്ട്ര സമ്മര്‍ദങ്ങളുടെ പേരിലാണ് പ്രവാചകനെ നിന്ദിച്ച ഒരു സ്ത്രീയെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വധിക്കാത്തതെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
ആറു വര്‍ഷമായി വ്യാജ ആരോപണത്തിന്റെ പേരില്‍ ആസിയ ബീബി ജയിലിലാണ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇവരുടെ അപ്പീല്‍ പാക് സുപ്രീംകോടതി ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് പരിഗണനക്കു എടുത്തത്. എന്നാല്‍, പാനലിലെ ഒരു ജഡ്ജി പിന്‍മാറിയതിനെ തുടര്‍ന്ന് കേസ് അനിശ്ചിത കാലത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
ഇതോടെ ആസിയ ബീബിയുടെ കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വം തുടരുകയാണ്. സുപ്രീകോടതി കേസ് ഉടന്‍ പരിഗണിച്ച് വേഗം ആസിയയെ വധിക്കണമെന്നതു പ്രതിഷേധക്കാരുടെ ആവശ്യമാണ്. അതേ സമയം ആസിയായുടെ മോചനത്തിനായി ക്രൈസ്തവ സംഘടനകള്‍ വിവിധ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥന നടത്തുന്നുണ്ട്.
പാക്കിസ്ഥാന്‍ ഭരണഘടനയിലെ മതനിന്ദാ കുറ്റം എന്ന വകുപ്പിനെ കറുത്ത നിയമമായിട്ടാണ് എല്ലാവരും വിശേഷിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാജ ആരോപണം കെട്ടിചമയ്ക്കുന്നതിനായി മാത്രമാണ് ഈ നിയമം രാജ്യത്ത് ഉപയോഗിക്കുന്നത്. ആസിയയുടെ കേസ് നീണ്ടു പോകുന്നതിനാല്‍ തന്നെ അവരെ സുപ്രീം കോടതി മോചിപ്പിക്കുമെന്ന പ്രതീക്ഷയ്ക്കു കാത്തിരിപ്പ് നീളുകയാണ്.
ഇത്രയും കാലം കഠിന തടവില്‍ കഴിഞ്ഞ, അഞ്ച് കുട്ടികളുടെ അമ്മയായ ആസിയയോട് പരമ്മോന്നത നീതിപീഠം കരുണ കാണിക്കുമെന്നാണ് ആസിയയുടെ മോചനത്തിനായി ശ്രമിക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്.
ഇതിനിടെ ഒരു ജഡ്ജി നടത്തിയ പ്രസ്താവനയും ആസിയയുടെ കാര്യത്തില്‍ നീതി നിഷേധിക്കപ്പെടുവാനാണ് സാധ്യതയെന്നതിന്റെ തെളിവാണ്. തന്നെ കൂടി പാനലില്‍ ഉള്‍പ്പെടുത്തിയാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കേസ് പരിഗണിച്ച് ആസിയയെ തൂക്കിലേറ്റാന്‍ വിധിക്കുമെന്നാണ് ജഡ്ജി പറഞ്ഞത്.
ആസിയയുടെ മോചനത്തിനായി പഞ്ചാബ് മേഖലയില്‍ നിന്നുള്ള സമ്മര്‍ദം മാത്രം ഗുണം ചെയ്യില്ലെന്ന്, സിന്ദ് പ്രവിശ്യയിലെ ബിഷപ്പായ ഷുക്കാര്‍ദിന്‍ സാംസണ്‍ പറഞ്ഞു. തീവ്രവാദ നിലപാടുള്ളവരുടെ പ്രതിഷേധം കോടതിവിധിയെ സ്വാധീനിക്കുമോ എന്ന് താന്‍ ഭയക്കുന്നതായും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
മനുഷ്യാവകാശ സംഘനകള്‍ പലതും ആസിയയുടെ മോചനത്തിനായി രംഗത്തുണ്ട്. അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് കേസ് സുപ്രീകോടതി വരെ എത്തിക്കുവാന്‍ സാധിച്ചത്. അന്താരാഷ്ട്ര സമൂഹം പോലും ആവശ്യപ്പെട്ടിട്ടും വിഷയത്തില്‍ പാക്കിസ്ഥാന്‍ നിലപാട് മാറ്റുന്നില്ലെന്ന കാര്യവും ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴി വച്ചിട്ടുണ്ട്.