News - 2024

യുവവൈദികന്‍ വാഹനാപകടത്തില്‍ മരണമടഞ്ഞു

സ്വന്തം ലേഖകന്‍ 16-10-2016 - Sunday

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത വൈദികനും ആളൂര്‍ ബെറ്റര്‍ ലൈഫ് മൂവ്മെന്റിന്റെ അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ. ജോണി ജോസ് കുന്നത്തുപ്പറമ്പില്‍ (39) വാഹനാപകടത്തില്‍ മരണമടഞ്ഞു. പുല്ലൂരില്‍ വച്ച് വൈദികന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് തട്ടിയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് പുല്ലര്‍ സേക്രട്ട് ഹാര്‍ട്ട് ആശുപത്രിയിലും പിന്നീട് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെളയനാട് സെന്റ് മേരീസ് ഇടവകാംഗമായ ഫാ. ജോണി ജോസ് കുന്നത്തുപ്പറമ്പില്‍ 2010-ലാണ് തിരുപട്ടം സ്വീകരിച്ചത്. തെക്കന്‍ താണിശ്ശേരി, കല്ലേറ്റുങ്കര, ചാലക്കുടി ഫൊറോന എന്നീ ദേവാലയങ്ങളില്‍ അസിസ്റ്റന്റ് വികാരിയായും തൊട്ടിപ്പാള്‍ ഇടവകയില്‍ വികാരിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മൃതസംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച ഉച്ചക്കഴിഞ്ഞ് 2.30നു വെളയനാട് സെന്റ് മേരീസ് ഇടവകയില്‍ നടക്കും. സെന്റ് ജെയിംസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച (18.10.2016) 3.30ന് ആളൂരിലുള്ള ബെറ്റര്‍ ലൈഫ് മൂവ്മെന്റ് ധ്യാനകേന്ദ്രത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകീട്ട് 5.30 മുതല്‍ 6.30 വരെ തൊട്ടിപ്പാള്‍ സെന്റ് മേരീസ് ഇടവകയില്‍ മൃതദേഹം ദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് മൃതദേഹം വീട്ടിലെത്തിക്കും. ബുധനാഴ്ച 1.30ന് ആരംഭിക്കുന്ന മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ കാര്‍മ്മികത്വം വഹിക്കും.

More Archives >>

Page 1 of 93