News - 2024
മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ദേശീയ ആഘോഷം നാളെ; കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് മുഖ്യാതിഥി
സ്വന്തം ലേഖകന്‍ 18-10-2016 - Tuesday
ഡൽഹി: പാവങ്ങളുടെ അമ്മയായ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ദേശീയ ആഘോഷം നാളെ ഡൽഹിയിൽ നടക്കും. ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെയും (സിബിസിഐ) ഡൽഹി അതിരൂപതയുടെയും ഫരീദാബാദ്, ഗുഡ്ഗാവ് രൂപതകളുടെയും സംയുക്‌താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനം വിജ്‌ഞാൻ ഭവനിൽ വൈകുന്നേരം 4.30നാണ് ആരംഭിക്കുക. സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് മുഖ്യാതിഥിയായിരിക്കും. സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അധ്യക്ഷ പദവി അലങ്കരിക്കും.
സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്, ദേശീയ മനുഷ്യാവകാശ കമ്മീഷനംഗം ജസ്റ്റിസ് സിറിയക് ജോസഫ്, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ, പ്രഫ. കെ.വി. തോമസ്, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ്, മുൻ തെരഞ്ഞെടുപ്പു കമ്മീഷണർ നവീൻ ചൗള, എംപിമാർ എന്നിവർ അടക്കമുള്ള പ്രമുഖർ സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്.
രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സന്ദേശം ഗുഡ്ഗാവ് ബിഷപ് ജേക്കബ് മാർ ബർണബാസും കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ സന്ദേശം മുൻ കേന്ദ്രമന്ത്രി ഓസ്കർ ഫെർണാണ്ടസും വായിക്കും. മിഷണറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറൽ സിസ്റ്റർ പ്രേമ പീറിക് എംസി സമ്മേളനത്തിൽ പ്രസംഗിക്കും.
വത്തിക്കാൻ സ്‌ഥാനപതി ആർച്ച് ബിഷപ് ഡോ. സാൽവത്തോറെ പെനാക്കിയോ, കർദിനാൾമാരായ മാർ ജോർജ് ആലഞ്ചേരി, ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഡോ. ടെലസ്ഫോർ ടോപ്പോ, സിബിസിഐ വൈസ് പ്രസിഡന്റുമാരായ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ്പ് ഡോ. ഫിലിപ് നേരി ഫെരാവോ എന്നിവർ അടക്കം രാജ്യത്തെ അമ്പതോളം മെത്രാപ്പോലീത്തമാരും മെത്രാന്മാരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മിഷണറീസ് ഓഫ് ചാരിറ്റിയിലെ നൂറോളം കന്യാസ്ത്രീകളും നിരവധി വൈദികരും വിശ്വാസികളും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്.