News - 2024

ഇസ്ലാമാബാദ്-റാവല്‍പിണ്ടി രൂപത മെത്രാന്‍ റൂഫിന്‍ അന്തോണി കാലം ചെയ്തു

സ്വന്തം ലേഖകന്‍ 18-10-2016 - Tuesday

റാവല്‍പിണ്ടി: പാക്കിസ്ഥാനിലെ ഇസ്ലാമാബാദ്-റാവല്‍പിണ്ടി രൂപതയുടെ മെത്രാന്‍ റൂഫിന്‍ അന്തോണി കാലം ചെയ്തു. 2010 മുതല്‍ ഇസ്ലാമാബാദ്-റാവല്‍പിണ്ടി രൂപതയുടെ ചുമതലകള്‍ വഹിക്കുകയായിരുന്നു അദ്ദേഹം. 76 വയസുള്ള ബിഷപ്പ് റൂഫിന്‍ അന്തോണി 30 വര്‍ഷത്തോളം സഭയുടെ ദൈവരാജ്യപ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. ഫൈസലാബാദ് ജില്ലയിലെ കുഷ്പൂര്‍ എന്ന സ്ഥലത്ത് 1940 ഫെബ്രുവരി 12-ാം തീയതിയാണ് ബിഷപ്പ് റൂഫിന്‍ അന്തോണി ജനിച്ചത്.

1969 ജൂണ്‍ 29-ാം തീയതി റൂഫിന്‍ അന്തോണി തിരുപട്ടം സ്വീകരിച്ച് ഫൈസലാബാദില്‍ ഒരു വൈദികനായി തന്റെ അജപാലന ദൗത്യം ആരംഭിച്ചു. 2005-ല്‍ കുഷ്പൂര്‍ ഇടവകയില്‍ സേവനം ചെയ്യുമ്പോള്‍ ഫൈസലാബാദിന്റെ വികാരി ജനറലായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

2009 ആഗസ്റ്റ് മാസം നാലാം തീയതി എമിരിറ്റസ് ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയാണ് ഇസ്ലാമാബാദ്-റാവല്‍പിണ്ടി രൂപതയുടെ സഹായമെത്രാനായി ബിഷപ്പ് റൂഫിന്‍ അന്തോണിയെ നിയമിച്ചുകൊണ്ടുള്ള കല്‍പ്പന പുറപ്പെടുവിച്ചത്. അതേ വര്‍ഷം സെപ്റ്റംബര്‍ 21-ാം തീയതി ബിഷപ്പ് റൂഫിന്‍ അന്തോണി ബിഷപ്പായി അഭിഷേകം ചെയ്യപ്പെട്ടു.

ക്യൂട്ടയിലെ വിശുദ്ധ പിയൂസ് പത്താമന്‍ സെമിനാരിയുടെ ആത്മീയ ഡയറക്ടര്‍, കറാച്ചിയിലെ ക്രിസ്തുരാജ സെമിനാരിയിലെ അധ്യാപകന്‍, പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയുടെ ദേശീയ ഡയറക്ടര്‍, പാക്കിസ്ഥാന്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ ജനറല്‍ സെക്രട്ടറി, കാത്തലിക് യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങി നിരവധി പദവികള്‍ ബിഷപ്പ് റൂഫിന്‍ അന്തോണി വഹിച്ചിട്ടുണ്ട്.

More Archives >>

Page 1 of 93