News - 2024
ഭീകരാക്രമണങ്ങള്‍ക്കെതിരെ ലോകത്തു വിപ്ലവകരമായ മുന്നേറ്റം ആവശ്യമാണെന്ന് ഐഎസ് തീവ്രവാദികളില്‍ നിന്ന്‍ രക്ഷപ്പെട്ട സിറിയന്‍ വൈദികന്‍
സ്വന്തം ലേഖകന്‍ 18-10-2016 - Tuesday
ഹോംസ്: സിറിയയിലെ ക്രൈസ്തവരുടെ ജീവിതസാഹചര്യം വളരെ പരിതാപകരമാണെന്നും ഭീകരാക്രമണങ്ങള്‍ക്കെതിരെ ലോകത്തു വിപ്ലവകരമായ മുന്നേറ്റം ആവശ്യമാണെന്നും ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി പിന്നീട് രക്ഷപ്പെട്ട സിറിയന്‍ വൈദികന്‍ ഫാ. ജാക്വസ് മൗറാദ്.
എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടനയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഫാദര്‍ ജാക്വസ് മൗറാദ് പ്രസ്താവന നടത്തിയിരിക്കുന്നത്. 2015 മേയ് മാസമാണ് വൈദികനെ മാര്‍ ഏലീയാസ് ആശ്രമം സ്ഥിതി ചെയ്യുന്ന അല്‍-ക്വര്യാതായിനില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. അഞ്ചു മാസത്തിന് ശേഷം വൈദികന്‍ രക്ഷപെടുകയായിരുന്നു.
2016 ഏപ്രില്‍ മാസത്തിലാണ് അല്‍-ക്വര്യാതായന്‍ ഐഎസ് തീവ്രവാദികളുടെ കൈകളില്‍ നിന്നും സിറിയന്‍ സൈന്യം തിരികെ പിടിച്ചത്. എന്നാല്‍, ഐഎസിനു നിയന്ത്രണം നഷ്ടമായെങ്കിലും പട്ടണം താമസ യോഗ്യമല്ലെന്ന് പ്രദേശവാസി കൂടിയായ ഫാദര്‍ ജാക്വസ് മൗറാദ് വിശദീകരിക്കുന്നു. മിക്കവീടുകളും തകര്‍ക്കപ്പെട്ടതിനാല്‍ ജനങ്ങള്‍ക്ക് തിരികെ വരുവാന്‍ സാധിക്കില്ലെന്നും, വെള്ളവും വൈദ്യുതിയും പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും പ്രദേശത്ത് ലഭ്യമല്ലെന്നും ഫാദര്‍ മൗറാദ് പറയുന്നു.
"സിറിയയിലും, ഇറാഖിലും മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതിവരണമെന്ന് ലോകം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ സൗദി അറേബ്യയുമായി ഏര്‍പ്പെട്ടിരിക്കുന്ന ബിസിനസുകളില്‍ നിന്നും പിന്‍മാറണം. കാരണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണവും ആയുധവും വരുന്നത് സൗദിയില്‍ നിന്നുമാണ്. അമേരിക്കയും, റഷ്യയും എല്ലാം ഏറെ നാളായി സിറിയയില്‍ യുദ്ധവിമാനങ്ങള്‍ വഴി ബോംബ് വര്‍ഷിക്കുന്നു. എന്നാല്‍ അവര്‍ക്ക് തീവ്രവാദത്തെ തോല്‍പ്പിക്കുവാന്‍ സാധിച്ചിട്ടുണ്ടോ? ഇതിനാല്‍ തന്നെ പണവും, സൗകര്യങ്ങളും തീവ്രവാദികള്‍ക്ക് എത്തിക്കുന്നവരെയാണ് നാം ആദ്യം ഒറ്റപ്പെടുത്തേണ്ടത്". ഫാദര്‍ ജാക്വസ് മൗറാദ് കൂട്ടിചേര്‍ത്തു.
ക്രൈസ്തവരെ സിറിയയുടെയും ഇറാഖിന്റേയും പലഭാഗങ്ങളില്‍ നിന്നും തുടച്ചുമാറ്റുന്ന പ്രക്രിയയാണ് പലപ്പോഴും നടന്നിരുന്നത്. ചില മേഖലകളില്‍ ക്രൈസ്തവര്‍ ഇതിനെ ഒരു പരിധി വരെ ചെറുത്തു നിന്നു. ക്രൈസ്തവര്‍ ഒരിക്കലും തങ്ങളെ തിരികെ ആക്രമിക്കുകയില്ലെന്ന ബോധ്യമാണ് തീവ്രവാദികളെ ക്രൈസ്തവര്‍ക്ക് നേരെ തിരിയുവാന്‍ പ്രേരിപ്പിക്കുന്ന പ്രധാനഘടകം. മുസ്ലീം മതസ്ഥരുമായി നടത്തുന്ന ചര്‍ച്ചകള്‍ ഒരു പരിധി വരെ അക്രമത്തെ അവസാനിപ്പിക്കുന്നതിന് സഹായകരമാണെന്ന് താന്‍ കരുതുന്നതായും വൈദികന്‍ പറയുന്നു.