News - 2024

ഇന്ത്യയിലെ ലത്തീന്‍ സഭയ്ക്കു ആരാധനക്രമ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍: ചരിത്രനേട്ടം

ഡോ. പീറ്റര്‍ കണ്ണമ്പുഴ 26-10-2016 - Wednesday

ഇന്ത്യയിലെ ലത്തീന്‍ സഭയുടെ രൂപതകളില്‍ ആരാധനക്രമ അനുഷ്ഠാനങ്ങളില്‍ പാലിക്കപ്പെടേണ്ട 'മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍' ( Directives for the Celebration of the Liturgy) 2016 സെപ്തംബര്‍ 20ന് ഔദ്യോഗികമായി പ്രകാശനം ചെയ്തു. ഈ 'ആരാധനക്രമ മാര്‍ഗ്ഗരേഖ' ഭാരതത്തിലെ ലത്തീന്‍ സഭയുടെ മാത്രമല്ല എല്ലാ ക്രൈസ്തവ സഭകളുടെയും ആരാധനക്രമ ചരിത്രത്തിലെ 'പൊന്‍തൂവല്‍' എന്ന് സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശേഷിപ്പിച്ചു. ലിറ്റര്‍ജി ആഘോഷങ്ങളില്‍ വിശ്വാസികളുടെ അര്‍ത്ഥപൂര്‍ണ്ണവും സജീവവും സമ്പൂര്‍ണ്ണവും ബോധപൂര്‍വ്വകവുമായ പങ്കാളിത്തം ഉറപ്പാക്കുവാന്‍ ആരാധനക്രമ നവീകരണത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങളോടൊത്തു യാത്ര ചെയ്യുന്ന നേരായ ദിശാബോധത്തിന്റെ തിളക്കമാര്‍ന്ന സാക്ഷ്യപാത്രമാണ് ഈ മാര്‍ഗ്ഗരേഖ.

കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ (CCBI) ബാംഗ്ലൂരില്‍ വെച്ച് നടന്ന 27-ാമത് പ്ലീനറി അസംബ്ലിയില്‍ (ഫെബ്രുവരി 3-8, 2015) 'ആരാധനക്രമവും ജീവിതവും' എന്ന വിഷയം ചര്‍ച്ച ചെയ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയ ഈ മാര്‍ഗ്ഗരേഖ 2016 മാര്‍ച്ച് 6ന് കൂടിയ പ്ലീനറി അസംബ്ലിയില്‍ അംഗീകരിക്കപ്പെട്ടു. ഏഷ്യന്‍ ചൈതന്യത്തിന്റെ സവിശേഷ സ്വഭാവത്തോടുകൂടിയ ഉന്നതവും - പരിശുദ്ധവുമായ - ദൈവീകതയോടുള്ള വിശ്വസ്ഥതയോടും സമര്‍പ്പണത്തോടും ബഹുമാനാദരവുകളോടും കൂടിവേണം ആരാധനക്രമം ആഘോഷിക്കപ്പെടേണ്ടത്. ഈ ലക്ഷ്യമാണ് ആരാധനക്രമ നിര്‍ദ്ദേശങ്ങള്‍കൊണ്ട് ഉദ്ദേശിക്കുക എന്ന് CCBI-യുടെ പ്രസിഡന്റും ബോംബെ ആര്‍ച്ചുബിഷപ്പുമായ കര്‍ദ്ദിനാള്‍ ഓസുവാള്‍ഡ് ഗ്രേഷ്യസ് ഈ മാര്‍ഗ്ഗരേഖയുടെ 'ആമുഖത്തില്‍' സൂചിപ്പിക്കുന്നുണ്ട്.

മെത്രാന്‍മാരെ അവരുടെ ആരാധനക്രമ ഉത്തരവാദിത്വത്തില്‍ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ മാര്‍ഗ്ഗരേഖ തയ്യാറാക്കിയിട്ടുള്ളതെന്ന് CCBI-യുടെ ആരാധനക്രമത്തിനുവേണ്ടിയുള്ള കമ്മീഷന്‍ ചെയര്‍മാനും ഷില്ലോങ്ങ് ആര്‍ച്ചുബിഷപ്പുമായ ഡൊമിനിക് ജാല ഈ മാര്‍ഗ്ഗരേഖ പ്രകാശനം ചെയ്യ്ത സെപ്തംബര്‍ 20ന് ഈ ലേഖകനോട് പ്രതിപാദിക്കുകയുണ്ടായി. പ്രാദേശിക സഭയായ രൂപതയുടെ മെത്രാനാണ് 'മുഖ്യ ആരാധനക്രമ പരികര്‍മ്മി' (Chief Liturgist). ഓരോ രൂപതയിലും ആരാധനക്രമ ജീവിതത്തിന് ഊടും പാവും മേകുന്ന വഴികാട്ടിയായ മെത്രാന്റെ ഗൗരവമായ ഉത്തരവാദിത്തവും കടമയുമാണ് വിശ്വാസസമൂഹത്തിലെ എല്ലാ അംഗങ്ങളേയും ആരാധനക്രമം അതിന്റെ പൂര്‍ണ്ണതയില്‍ ആഘോഷിക്കുവാനും ജീവിക്കുവാനും പ്രപ്തമാക്കുക എന്നത്.

ഓരോ രൂപതയുടെയും പ്രത്യേകതകള്‍ കണക്കിലെടുത്ത് പ്രാദേശികവും, ഭാഷാപരവും, സാംസ്‌കാരികവുമായ കാര്യങ്ങള്‍ പരിഗണിച്ചും ഈ മാര്‍ഗ്ഗരേഖ ഏറ്റവും വേഗത്തില്‍ ഫലപ്രദമായരീതിയില്‍ നടപ്പിലാക്കുവാനുള്ള ഉത്തരവാദിത്വം രൂപതാദ്ധ്യക്ഷന്‍മാരേയും റീജീയണല്‍ കോണ്‍ഫ്രന്‍സുകളേയും അശ്രയിച്ചാണിരിക്കുകയെന്ന് അര്‍ച്ചുബിഷപ്പ് ഡൊമിനിക് ജാല ഈ ലേഖകനോടു വിശദീകരിക്കുകയുണ്ടായി. ഈ ആരാധനക്രമ മാര്‍ഗ്ഗരേഖയില്‍ പറയുന്ന നിര്‍ദ്ദേശങ്ങളൊന്നും തന്നെ പുതിയാതായി ഉണ്ടാക്കിയതും പാസാക്കിയതുമായ ആരാധനക്രമ നിയമങ്ങള്‍ അല്ലായെന്നുള്ളതു എടുത്തുപറയേണ്ടതാണ്.

'പഴയ വീഞ്ഞ് പുതിയ തോല്‍ക്കുടത്തിലെന്നപോലെയാണ്' ഈ മാര്‍ഗ്ഗരേഖയെന്ന് ഇതിന്റെ മുഖ്യശില്പികളിലൊരാളും CCBIയുടെ എക്‌സിക്യൂട്ടിവ് സെക്രട്ടറിയും ലത്തീന്‍ ആരാധനക്രമ പണ്ഡിതനുമായ റവ. ഡോ. ഫെര്‍ണാണ്ടസ് അയ്‌റസ് അദ്ദേഹവുമായുള്ള അഭിമുഖത്തില്‍ പറയുകയുണ്ടായി. ഈ മര്‍ഗ്ഗരേഖയെന്നത് അരാധനക്രമഗ്രന്ഥങ്ങളില്‍ നല്കിയിട്ടുള്ള കര്‍മ്മവിധികളും അനുഷ്ഠാനരീതികളും അവയെ സംബന്ധിച്ച കാനോന്‍ നിയമത്തില്‍ നല്കിയിട്ടുള്ള മാനദണ്ഡങ്ങളും റോമില്‍ നിന്നും മറ്റും നല്കിയിട്ടുള്ള ആരാധനക്രമത്തെ സംബന്ധിച്ച സഭയുടെ പ്രബോധനങ്ങളിലും ഔദ്യോഗിക നിര്‍ദ്ദേശങ്ങളിലുമുള്ള കാര്യങ്ങളും ശാസ്ത്രീയമായി പഠിച്ച് ക്രമപ്പെടുത്തിട്ടുള്ളതാണ് ഈ മാര്‍ഗ്ഗരേഖ.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം ആരാധനക്രമ തലങ്ങളില്‍ അത്ഭൂതാവഹവും വിപ്ലവാത്മകവുമായ ചലനങ്ങള്‍ സ്യഷ്ടിച്ചു. ഇന്ത്യയിലും നിരവധി നവീകരണ പദ്ധതികള്‍ ആവിഷ്‌കരിക്കുകയുണ്ടായി. എന്നാല്‍ ആരാധനക്രമത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ചുള്ള അജ്ഞതകെണ്ടും ഉത്തരവാദിത്തപ്പെട്ട ചില കേന്ദ്രങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും അവയുടെ ദുരുപയോഗം കൊണ്ടും ആരാധനക്രമ അനുഷ്ഠാനങ്ങളില്‍ ആശയകുഴപ്പങ്ങളും സംശയങ്ങളും ഉടലെടുത്തു. അതിനാലാണ് ലിറ്റര്‍ജിയുടെ ദൈവികമാനത്തിന് ഊന്നല്‍ നല്‍കികൊണ്ട് ആര്, എവിടെ, എങ്ങനെ എപ്രകാരമാണ് കൂദാശകളും മറ്റ് അനുഷ്ഠാനങ്ങളും ക്രിത്യതയൊടും വ്യക്തമായും സുതാര്യതയോടും പരികര്‍മ്മം ചെയ്യേണ്ടതെന്ന നിര്‍ദ്ദേശങ്ങളാണ് ഈ മര്‍ഗ്ഗരേഖയിലൂടെ നല്‍കുക.

ഇന്ത്യയിലെ ലത്തീന്‍ സഭയുടെ കീഴിലുള്ള എല്ലാ ദൈവാലയങ്ങളിലും ആരാധനക്രമാനുഷ്ഠാനങ്ങളുടെയും ക്രമവിധികളുടെയും ഏകീകരണം സംജാതമാകുമെന്ന് പ്രത്യാശിക്കുന്നുണ്ടങ്കിലും സഭാമക്കള്‍ തമ്മിലുള്ള ഐക്യമാണ് പ്രധാന ലക്ഷ്യമെന്ന് ഫാ. ഫെര്‍ണാണ്ടസ് അയ്‌റസ് പറഞ്ഞു. ഈ മാര്‍ഗ്ഗരേഖ ഫലപ്രദമായ വിധത്തില്‍ നടപ്പിലാക്കുവാന്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഓരോ ലത്തീന്‍ ദൈവാലയത്തിലേയ്ക്കു കടന്നു ചെല്ലുമ്പോഴും അവിടെ എങ്ങനെയാണ് ഓരോ തിരുക്കര്‍മ്മവും അനുഷ്ഠിക്കപ്പെടുന്നതും ഓരോ വിശ്വാസിയും അതില്‍ എപ്രകാരമാണ് പങ്കെടുക്കേണ്ടതെന്നും ക്യത്യമായി അറിയാന്‍ കഴിയും. ഇതായിരിക്കും ഈ ആരാധനക്രമ നിര്‍ദ്ദേശങ്ങളുടെ വിജയമെന്ന് ഇഇആക-യുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ അദ്ദേഹമായുള്ള സൗഹ്യദ സംഭാഷണത്തില്‍ പങ്കുവെച്ചത്.

ഈ മാര്‍ഗ്ഗരേഖയുടെ രണ്ടുമുതല്‍ പതിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിലായി ആരാധനക്രമം ആഘോഷിക്കേണ്ടതെങ്ങയെന്നുള്ള മാനദണ്ഡങ്ങള്‍ ആരാധനക്രമ തത്വങ്ങളുടെയും അവ പ്രായോഗികമായി നടപ്പിലാക്കേണ്ടതിന്റെയും അടിസ്ഥാനത്തില്‍ വിശദീകരിച്ചിരിക്കുന്നു. ഒന്നാം അദ്ധ്യായത്തില്‍ നല്‍കിയിട്ടുള്ള 'ആമുഖത്തില്‍' ആരാധനക്രമ മാനദണ്ഡങ്ങളുടെ ആവശ്യകതയും അവയുടെ ഉറവിടങ്ങളും സൂചിപ്പിച്ചിരിക്കുന്നു. പതിനാലാം അദ്ധ്യായത്തിലെ 'ഉപസംഹാരത്തിന്' ശേഷം ലിറ്റര്‍ജിയില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ വിശദമായി നല്കിയിട്ടുണ്ട്. ഈ മാര്‍ഗ്ഗരേഖയിലുള്ള ചില നിര്‍ദ്ദേശങ്ങളാണ് സമ്യക്കായി താഴെ നല്കിയിരിക്കുന്നത്.

ആഢംബരം ഒഴിവാക്കിയ മഹോന്നതവും ആകര്‍ഷകവുമായ ലാളിത്യം നിറഞ്ഞു തുളുമ്പുന്ന ആരാധനാലയമാണ് ഉത്തമവും അഭിലക്ഷണീയവും. സ്വര്‍ഗ്ഗീയ യഥാര്‍ത്ഥ്യത്തിലേയ്ക്കും ദൈവീകരഹസ്യാത്മകതയിലേക്കും ദൈവജനത്തെ നയിക്കുവാനുതകുന്ന വിധത്തിലുമായിരിക്കണം ദൈവാലയ നിര്‍മ്മിതിയും തിരുകര്‍മ്മാനുഷ്ഠാനങ്ങള്‍ക്കുവേണ്ടിയുള്ള സ്ഥലസജ്ജീകരണവും. ദൈവശുശ്രൂഷയുടെ വിവിധമാനങ്ങള്‍ കണക്കിലെടുത്തുവേണം ദൈവാലയത്തിന്റെ രൂപകല്‍പന നടത്തേണ്ടത്. ആരാധാനാലയങ്ങള്‍ പുതുതായി നിര്‍മ്മിക്കുമ്പോഴും പുനരുദ്ധരിക്കുമ്പോഴും ലിറ്റര്‍ജി പണ്ഡിതരുമായുള്ള കൂടിയാലോചനയും അവരുടെ പങ്കാളിത്തവും അനിവാര്യഘടകമാണ്.

തിരുക്കര്‍മ്മാഘോഷങ്ങളില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ക്കും ദൈവാലയത്തിലേയ്ക്കു കടന്നുവരുന്ന മറ്റു സന്ദര്‍ശകര്‍ക്കും സ്വാഗതമരുളുന്നതായിരിക്കണം ദൈവാലയന്തരീക്ഷം. ദൈവസാന്നിദ്ധ്യ സ്മരണ ഉണര്‍ത്തുന്നതിനും ആരാധനാലയത്തിന്റെ പരിപാവനത അനുഭവിക്കുവാനും സാധിക്കുന്ന തരത്തിലുമായിരിക്കണം ആരാധനാലയം സംവിധാനം ചെയ്യേണ്ടത്. വിശ്വാസത്തെ പ്രകാശിപ്പിക്കുകയും ഉജ്ജീവിപ്പിക്കുകയും പകര്‍ന്നു നല്‍കുകയും ചെയ്യുന്ന ആത്മീയ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന വാസ്തുകലയാലും കലാസ്യഷ്ടികളാലും അലംക്യതമായ വേദികളാണ് തിരുക്കര്‍മ്മങ്ങള്‍ക്കുവേണ്ടി സജ്ജ്മാക്കേണ്ടത്. അവയെല്ലാം തന്നെ മതബോധനപരവും ദിവ്യരഹസ്യ പ്രബോധനപരവുമായ ഉള്‍ക്കാഴ്ച്ചകളാല്‍ സമ്പന്നവുമായിരിക്കണം.

ദൈവാലയം ഭൂമിയിലെ ദൈവസാന്നിദ്ധ്യത്തിന്റെ സമാഗമകൂടാരവും വിശ്വാസികളുടെ പ്രാര്‍ത്ഥനാലയവുമാണ്. എന്നാല്‍ ഭൂമി ദൈവസാന്നിദ്ധ്യത്തിന്റെ നിത്യമായ ഗേഹവും മനുഷ്യരുടെ മാത്രമല്ല എല്ലാ ജീവജാലങ്ങളുടെയും പൊതുഭവനവുംകൂടിയണ്. ആകയാല്‍ പരിസ്ഥിതി സംരക്ഷിക്കുവാനുള്ള സഭയുടെ ധാര്‍മ്മികമായ ഉത്തരവാദിത്വവും സമര്‍പ്പണവും പ്രകടമാക്കുന്ന നിസ്തുല മാത്യകയാകണം ദൈവാലയത്തിനകവും പുറവും. പള്ളിപരിസരം വ്യത്തിയായി സൂക്ഷിക്കേണ്ടതും വിവിധയിനം ചെടികള്‍ വച്ചുപിടിപ്പിച്ച് മനോഹരമായി പരിപാലിക്കേണ്ടതുമാണ്.

തിരുക്കര്‍മ്മങ്ങള്‍ക്കുപയോഗിക്കുന്ന പ്രക്യതിയില്‍നിന്നുള്ള പുഷ്പവും, വെള്ളവും, ഓസ്തിയും, വിഞ്ഞും ദൈവദാനത്തിന്റെ മകുടോദാഹരണമാണ്. ചെടികളില്‍ നിന്നുള്ള പുഷ്പങ്ങള്‍കൊണ്ട് വേണം ദൈവാലയത്തിനകം അലംങ്കരിക്കേണ്ടത്. പള്ളിക്കകത്ത് പ്ലാസ്റ്റിക്ക് പൂക്കളുടെയും മറ്റ് വസ്തുക്കള്‍കൊണ്ട് നിര്‍മ്മിച്ച പൂക്കളുടെയും ഉപയോഗം പാടെ ഉപേക്ഷിക്കേണ്ടതും നിരോധിക്കേണ്ടതുമാണ്. തിരുക്കര്‍മ്മാഘോഷങ്ങളുടെ ലാളിത്യത്തിനനുയോജ്യമായ മിതമായ പുഷ്പാലങ്കാരം മാത്രമേ കരണീയമയിട്ടുള്ളൂ. ദൈവാലയങ്ങളിലെ പുഷ്പാലങ്കാരങ്ങളുടെ ധൂര്‍ത്ത് തീര്‍ത്തും വര്‍ജ്ജിക്കേണ്ടതാണ്.

ആരാധനക്രമത്തിന്റെ അവിഭാജ്യഘടകമാണ് സംഗീതം. തിരുകര്‍മ്മങ്ങളുടെ ആഘോഷത്തിനും ആത്മീയ ഉല്‍ക്കര്‍ഷമേകുന്നതിനും സംഗീതം അനിവാര്യം തന്നെയാണ്. വിശ്വാസം ജനിപ്പിക്കുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമായവിധത്തിലായിരിക്കണം ദൈവലായ ഗീതം ആലപിക്കേണ്ടത്. ഓരോ ആരാധനക്രമ ആഘോഷത്തിനും അനുയോജ്യമായ ഗീതം തെരെഞ്ഞടുക്കുവാന്‍ പ്രത്യക ശ്രദ്ധ ചെലുത്തേണ്ടിരിക്കുന്നു. ദൈവാലയത്തിനുള്ളിലെ ഉല്ലാസപരമായ കലാപരിപാടിയല്ല സംഗീതം. എന്നാല്‍ കലാപരമായ ഗാനശ്രുശ്രൂഷ സമൂഹത്തെ ഒന്നാകെ പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്നതും തങ്ങളുടെ ഉള്ളിലുള്ള ദാനമായ വിശ്വാസത്തെ പ്രകാശിപ്പിക്കുന്നതിനും പങ്കുവെക്കുന്നതിനും പ്രചോദനം നല്‍കുന്നതുമാകണം.

ഗ്രിഗോറിയന്‍ ഗാനം സാര്‍വ്വത്രിക സഭയില്‍ പ്രത്യേകിച്ച് ലത്തീന്‍ സഭയില്‍ ഉന്നതമായ സ്ഥാനം അലങ്കരിക്കുന്നുണ്ട്. എങ്കിലും സാംസ്‌കാരിക അനുരൂപണ തത്വത്തിന്റെ അടിസ്ഥാനത്തില്‍ ആരാധനക്രമത്തിന്റെ പൊതുമാനദണ്ഢങ്ങള്‍ പാലിച്ച്‌കെണ്ട് തദ്ദേശിയ സംഗീതോപകരണവും ഗാനവും ലിറ്റര്‍ജിയില്‍ ഉള്‍പ്പെടുത്താം. എന്നിരുന്നാലും ആരാധനക്രമ ആഘോഷങ്ങളില്‍ ഉത്തരവാദിത്തപ്പെട്ട സഭാധിക്യതര്‍ അംഗീകരിച്ച ഗാനങ്ങള്‍ മാത്രമേ ആലപിക്കാവൂ. ദൈവാലയന്തരീക്ഷത്തിനു ചേര്‍ന്നതും ആരാധനക്രമാനുഷ്ഠാനത്തിന്റെ പരിപാവനതയ്ക്കു മാറ്റുകുട്ടുന്ന വിധത്തിലുമുള്ള സംഗീതോപകരണങ്ങളാണ് ഉപയോഗിക്കേണ്ടത്.

പ്രാദേശിക, സാംസ്‌കാരിക പ്രത്യേകതകളൊടെയുള്ള പരമ്പരാഗത സംഗീതോപകരണങ്ങള്‍ തിരഞ്ഞെടുക്കാം. എങ്കിലും അവയുടെ എണ്ണത്തിലുള്ള തളളിക്കയറ്റം നിയന്ത്രിക്കേണ്ടതാണ്. സെക്യൂലര്‍ ഗാനമേളയിലുപയോഗിക്കുന്ന ആധുനിക സംഗീതോപകരണങ്ങള്‍ വര്‍ജ്ജിക്കേണ്ടതാണ്. തനിമയോടും ഇമ്പകരമായും സൗന്ദര്യത്തോടുംകൂടെ ഗാനങ്ങള്‍ ആലപിക്കുവാന്‍ വിശ്വാസികളെ പ്രചോദിപ്പിക്കുന്ന സംഗീതോപകരണങ്ങളാണ് തെരഞ്ഞടുക്കേണ്ടത്. ആത്മിയ അന്തരീക്ഷം സംജാതമാക്കുവാനും സമൂഹത്തെ പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്നതിനും ഗാനങ്ങള്‍ ഒരുമിച്ച് പാടുവാനും ഉതകുന്ന സംഗീതോപകരണങ്ങളാണ് ആവശ്യമായിട്ടുള്ളത്.

കാര്‍മ്മികരും, ഗായകസംഘവും വിശ്വാസികളെല്ലാവരും ഒരുമിച്ച് പാടുന്ന രീതി നിര്‍ബ്ബന്ധമായും പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. ഇതിന് തടസ്സമായ സംഗീതോപകരണങ്ങള്‍, മൈക്രോഫോണുകള്‍, സൗണ്ട് സിസ്റ്റം എന്നിവയുടെ ആധിപത്യം നിയന്ത്രിക്കപ്പെടണം. ദൈവാലയത്തിനുള്ളില്‍ ഗായകസംഘത്തിനുവേണ്ടി പ്രത്യേകമായി നിശ്ചയിക്കപ്പടുന്ന സ്ഥലം അവരുടെ കൗദാശിക ഭാഗഭാഗിത്വം ഉറപ്പാക്കുന്ന തരത്തിലും സഭാസമൂഹത്തോട് ചേര്‍ന്നു നില്‍ക്കത്തക്കവിധത്തിലുമായിരിക്കണം. ഗായകര്‍ ആരാധനക്രമത്തിന്റെ ചൈതന്യം നന്നായി അറിയുന്നവരും ഗാനാലാപനം സഭയില്‍ നിര്‍വഹിക്കുന്ന ദൈവശൂശ്രൂഷയാെണന്നു ഉത്തമബോധ്യവും ഉള്ളവരുമാകണം.

വിശ്വാസികളുടെ ശ്രദ്ധ തങ്ങളിലേയ്ക്ക് ആകര്‍ഷിക്കുന്ന മനോഭാവം ഗായകര്‍ക്ക് ഉണ്ടാകരുത്. ആരാധനക്രമ ശൂശ്രൂഷകരുടെ ധര്‍മ്മാണ് തങ്ങള്‍ നിര്‍വഹിക്കുന്നത് എന്ന ഉത്തമ ബോധ്യത്തോടെ വേണം ഗായകര്‍ ദൈവാലയത്തിനുള്ളില്‍ വ്യാപരിക്കേണ്ടത്. ആരാധനക്രമരേഖകള്‍ അനുശാസിക്കുന്നതുപോലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നവരാണ് ആരാധന ഗാനങ്ങള്‍ ആലപിക്കേണ്ടതും സംഗീതോപകരണങ്ങള്‍ വായിക്കേണ്ടതും.

ഗായകസംഘത്തിന്റെയോ വ്യക്തികളുടെ താല്പര്യത്തിനോ മുന്‍ഗണന നല്‍കാതെ സഭാകൂട്ടായ്യ്മയോട് ചേര്‍ന്നു നിന്നുകൊണ്ട് വിശ്വാസധിഷ്ഠിതവും വിശ്വാസപ്രഘോഷണത്തിനു ഉപയുക്തവുമായ ഗാനങ്ങളായിരിക്കണം. ആരാധനക്രമ ആഘോഷങ്ങള്‍ക്കായി തെരഞ്ഞടുക്കേണ്ടതും ആലപിക്കേണ്ടതും. ആരാധനക്രമത്തിന്റെ ചൈതന്യത്തിനും അന്ത:സത്തയ്ക്കും ചേരാത്ത വിധത്തില്‍ പെന്‍ഡ്രൈവ്, സെല്‍ഫോണ്‍, ടേപ്പ് റിക്കാര്‍ഡര്‍, സി ഡി എന്നിവ ഉപയോഗിച്ചുള്ള ഗാനാലാപനം നിരോധിക്കപ്പെടേണ്ടെതാണ്. ആനുകാലിക ഹിറ്റ്ഗാനങ്ങളുടെ സംഗീതാവിഷ്‌കാരങ്ങള്‍ക്കെണ്ട് ആരാധനഗീതങ്ങളെ മലീമസപ്പെടുത്തുവാന്‍ പാടുള്ളതല്ല.

അതീവ ശ്രദ്ധയോടെവേണം ബലിവേദിയുടെ (മദ്ബഹ) പൂജ്യത നിലനിര്‍ത്തേണ്ടത്. ദിവ്യപൂജ അര്‍പ്പിക്കപ്പെടേണ്ട അള്‍ത്താരയുടെ പരിപാവനത അഭംഗുരം കാത്തുപാരിപാലിക്കപ്പെടണം. പൂക്കള്‍, സാരി, എന്നിവ കൊണ്ടുള്ള അലങ്കാരം ബലിപീഠത്തിന്റെ തനിമയെ നഷ്ടപ്പെടുത്തരുത്. പൂക്കളും തിരിക്കാലുകളും ബലിപീഠത്തിന്‍മേല്‍ വയ്യ്ക്കുവാന്‍ പാടുള്ളതല്ല. വചനശൂശ്രൂഷക്കായി ഉപയോഗിക്കുന്ന സുവിശേഷഗ്രന്ഥം ബലിപീഠത്തിന്‍മേല്‍ പ്രതിഷ്ഠിക്കാം.

ദിവ്യരഹസ്യങ്ങളുടെ സമര്‍പ്പണ സമയത്തുമാത്രമാണ് അപ്പവും കാസയും അള്‍ത്താരയില്‍ സ്ഥാപിക്കേണ്ടത്. വിശ്വാസികള്‍ കാണത്തക്ക വലുപ്പത്തിലുള്ള കുരിശുരൂപം അള്‍ത്താരയുടെ മുകളിലോ സമീപത്തോ ഉണ്ടായിരിക്കണം. അള്‍ത്താരയില്‍ നിന്നും വചനപ്രഘോഷണവും, പ്രസംഗവും, അറിയിപ്പുകളും നടത്തുവാന്‍ പാടുള്ളതല്ല. അവയ്ക്ക് ഓരോന്നിനും പ്രത്യേകം പീഠം ആവശ്യമാണ്. ലിറ്റര്‍ജി കമന്റെറ്റേഴ്സ്, ക്വെയര്‍ മാസ്റ്റേഴ്‌സ് എന്നിവരും അവരവര്‍ക്ക് നിശ്ചയിക്കപ്പെട്ട പീഠമാണ് ഉപയോഗിക്കേണ്ടത്.

ബലിവേദിയില്‍ വചനപീഠത്തിനു (ആമ്പൊ) ഉന്നതമായ സ്ഥാനം ഉണ്ടായിരിക്കണം. വിശുദ്ധഗ്രന്ഥ വായനകള്‍ക്കും സങ്കീര്‍ത്തനാലാപനത്തിനും പൊതുമദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും പ്രസംഗത്തിനും വേണ്ടി മാത്രമേ വചനപീഠം ഉപയോഗിക്കാവൂ. വചന ശൂശ്രൂഷകനുമാത്രമേ വചനപീഠത്തിനരികില്‍ നില്‍ക്കുവാന്‍ സാധിക്കുക. പ്രഘോഷണഗ്രന്ഥങ്ങള്‍ ഉപയോഗിച്ചുവേണം വായനകള്‍ നടത്തേണ്ടത്. അതിനുപകരമായി ബൈബിളോ, ബൈബിള്‍ ഡയറികളോ, ലീഫ് ലെറ്റ്‌സൊ, മറ്റും ഉപയോഗിച്ചുള്ള വിശുദ്ധഗ്രന്ഥ വായനകള്‍ ഉണ്ടാകരുത്. പ്രഘോഷണഗ്രന്ഥങ്ങളില്‍ നിന്നുള്ള വായനകള്‍ക്കു പകരമായി മറ്റ് മതഗ്രന്ഥങ്ങളില്‍ നിന്നോ സന്ന്യാസ സമൂഹത്തിന്റെ സ്ഥാപകരുടെ പുസ്തകങ്ങളില്‍ നിന്നുപോലുമുള്ള ഭാഗങ്ങള്‍ വായിക്കാന്‍ പാടില്ലത്തതാണ്. ബാനറുകള്‍,പോസ്റ്ററുകള്‍, ഫ്‌ളാഷ് കാര്‍ഡുകള്‍ എന്നിവയും വചനപീഠത്തിന്‍മേല്‍ നിന്ന് ഒഴിവാക്കേണ്ടതാണ്.

എല്ലാ ദൈവലയങ്ങളിലും സവിശേഷഹാര്‍മായ രീതിയില്‍ സജ്ജ്മാക്കിയ സുവിശേഷഗ്രന്ഥം നിര്‍ബന്ധമായും ഉണ്ടാകണം. ലിറ്റര്‍ജിയില്‍ പ്രഘോഷിക്കപ്പെടുന്ന യേശുവിനെ പ്രതിനിധാനം ചെയ്യുന്ന സുവിശേഷഗ്രന്ഥത്തിന് പ്രത്യേക വണക്കം നല്‍കേണ്ടതാണ്. സുവിശേഷവായനക്കു മുന്‍പായി സുവിശേഷഗ്രന്ഥം ധൂപിക്കണം. കത്തിച്ച തിരിക്കാലുകളുടെ അകമ്പടിയോടെ വേണം അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന സുവിശേഷഗ്രന്ഥം പ്രദിക്ഷിണമായി വചനവേദിയിലേക്ക് കൊണ്ടുവരേണ്ടത്. ജസ്റ്റിസ് സണ്‍ഡേ, ബൈബിള്‍ സണ്‍ഡേ, എന്നിങ്ങനെ വിഷയാസ്പദമാക്കിയുള്ള വായനകള്‍ ഞായറാഴ്ച വായനകള്‍ക്ക് പകരമായി തെരഞ്ഞെടുക്കുവാന്‍ പാടുള്ളതല്ല. വി. ഗ്രന്ഥവായനകള്‍ കുട്ടികളുടെ കുര്‍ബാനക്ക് പോലും നാടകീയമായി അവതരിപ്പിക്കുവാന്‍ അനുവാദമില്ല.

വചനശൂശ്രൂഷയുടെ അവിഭാജ്യഘടകമായ പ്രസംഗത്തിന് ഏറ്റവും ഉന്നതമായസ്ഥാനം സുവിശേഷവായനക്ക് ശേഷമാണ്. ദിവ്യബലിയുടെ ആരംഭത്തില്‍ വായനകളെ സംബന്ധിച്ച ആമുഖമോ, വിചിന്തനമോ നല്‍കുന്നത് അനുയോജ്യമല്ല. രൂപതാദ്ധ്യക്ഷന്റെ അജപാലന ലേഖനങ്ങള്‍പോലും പ്രസംഗത്തിനു പകരമാകുവാന്‍ പാടില്ലത്തതാണ്. അവസാന ആശീര്‍വാദത്തിനുമുമ്പായി ഇടയലേഖനത്തിന്റെ ഉള്ളടക്കം മാത്രം അറിയ്ക്കുകയോ അവയുടെ കോപ്പികള്‍ വിശ്വാസികള്‍ക്ക് ലഭ്യമാക്കുകയോ ചെയ്യാം.

ഈ മാര്‍ഗ്ഗരേഖയിലെ ഏഴാം അദ്ധ്യായത്തില്‍ 'യാഹ്‌വേ' എന്ന ഉപയോഗം ആരാധനാക്രമത്തില്‍ ഒഴിവാക്കേണ്ടതും ഉപയോഗിക്കാന്‍ പാടില്ലാത്തതുമാണ് എന്നു നിര്‍ദ്ദേശിക്കുന്നു. ലത്തിന്‍ ഭാഷ ആരാധനാക്രമ ഭാഷയായപ്പോള്‍ ആദിമക്രൈസ്തവരെപ്പോലെ ദൈവനാമം സൂചിപ്പിക്കുവാന്‍ കര്‍ത്താവ് എന്നാണ് ഉപയോഗിച്ചത്. ആരാധനാക്രമ ഗ്രന്ഥങ്ങള്‍, കൂദാശാനുകരണങ്ങള്‍, ഗാനങ്ങള്‍, വചനശുശ്രുഷ, പ്രാര്‍ത്ഥനാകൂട്ടായ്മകള്‍ എന്നിവയിലൊന്നുംതന്നെ യാഹ്‌വേ, യഹോവ എന്നി പേരുകള്‍ ദൈവനാമത്തെ സൂചിപ്പിക്കുവാന്‍ വേണ്ടി ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശിക്കുന്നു.

ഇന്ത്യയിലെ ലത്തീന്‍ സഭയ്ക്കായുള്ള ആരാധനാക്രമ ആഘോഷങ്ങള്‍ക്കുവേണ്ടിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ആദ്യപ്രതികളിലൊന്ന് സ്വന്തമാക്കിയ ആദിവസം തന്നെ ഈ മാര്‍ഗ്ഗരേഖ ആദ്യന്തം വായിച്ച് സന്തുഷ്ടി പ്രകടിപ്പിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു: ലത്തിന്‍ സഭയ്ക്ക് ചാരിതാര്‍ത്ഥ്യജനകമായ മുതല്‍ക്കുട്ടും ചരിത്രനേട്ടവുമാണ് ഈ ആരാധനാക്രമ നിര്‍ദ്ദേശങ്ങള്‍. സീറോ-മലബാര്‍ സഭയുടെ ആരാധനാക്രമാനുഷ്ഠാനങ്ങള്‍ക്കും ക്രമവിധികള്‍ക്കും ഈ നിര്‍ദ്ദേശങ്ങള്‍ പുതിയ ഉള്‍ക്കാഴ്ച നല്‍കും എന്നത് തീര്‍ച്ചയാണ്.

ഇന്ത്യയിലെ ലത്തീന്‍ സഭയ്ക്കായുള്ള ഈ ആരാധനാക്രമ നിര്‍ദ്ദേശങ്ങള്‍ ആരാധനാക്രമം ആഘോഷിക്കുന്ന എല്ലാ സ്ഥലങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സുപ്രധാനവും അടിസസ്ഥാനപരവുമായ റഫ്രന്‍സ് ഗ്രന്ഥമായിരിക്കും. സീറോ-മലബാര്‍ സഭയ്ക്കും ഇത്തരത്തിലൊരു ആരാധനാക്രമ നിര്‍ദ്ദേശങ്ങള്‍ എത്രയും പെട്ടന്ന് ഉണ്ടാകട്ടെയെന്ന് പ്രത്യാശിക്കാം.

More Archives >>

Page 1 of 97