News - 2024

വനിതാ പൗരോഹിത്യം സഭ ഒരിക്കലും അംഗീകരിക്കില്ലെന്ന് ഫ്രാന്‍സിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 02-11-2016 - Wednesday

റോം: സ്ത്രീകളുടെ പൗരോഹിത്യ പദവിയില്‍ കത്തോലിക്ക സഭയുടെ നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്ത്രീകളെ പുരോഹിതരോ, ബിഷപ്പുമാരോ ആയി നിയമിക്കുന്ന സമ്പ്രദായത്തെ കത്തോലിക്ക സഭ ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും ഇത്തരം ചര്‍ച്ചകള്‍ അടഞ്ഞ അധ്യായമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സ്വീഡനിലെ തന്റെ അപ്പസ്‌ത്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം വത്തിക്കാനിലേക്കുള്ള യാത്രക്കിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് പാപ്പ സഭയുടെ നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കിയത്.

സ്വീഡനിലെ ലൂഥറന്‍ സഭയുടെ ചടങ്ങുകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുത്തു സഭാ ഐക്യത്തിനുള്ള ആഹ്വാനം നല്‍കിയിരുന്നു. രാജ്യത്തെ ലൂഥറന്‍ സഭയിലെ വനിത ആര്‍ച്ച് ബിഷപ്പായ ആന്റജി ജാക്കെലന്‍ ആണ് പാപ്പ പങ്കെടുത്ത ചടങ്ങുകളുടെ നേതൃത്വ നിരയില്‍ പ്രവര്‍ത്തിച്ചത്. ഈ സാഹചര്യത്തിലാണ് കത്തോലിക്ക സഭയിലും വനിതകളെ പുരോഹിതരാക്കുമോ എന്ന ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോട് ചോദിച്ചത്.

വനിതകളെ പുരോഹിതരാക്കുന്ന കാര്യത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും, സംശയങ്ങള്‍ക്കും 1994-ല്‍ തന്നെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തീര്‍പ്പു കല്‍പ്പിച്ചിട്ടുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ മറുപടിയായി പറഞ്ഞു. യേശുക്രിസ്തു തന്റെ ശിഷ്യന്‍മാരായി സ്വീകരിച്ച അപ്പോസ്‌ത്തോലന്‍മാരില്‍ പുരുഷന്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നു പാപ്പ കൂട്ടിചേര്‍ത്തു.

മനുഷ്യക്കടത്ത്, വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുമായുള്ള കൂടിക്കാഴ്ച, യൂറോപ്പിലെ മതേതര വാദങ്ങളുടെ വളര്‍ച്ച എന്നീ വിഷയങ്ങളിലുള്ള തന്റെ പ്രതികരണവും മാര്‍പാപ്പ വിമാനത്തിലെ പത്രസമ്മേളനത്തിലൂടെ നല്‍കി. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്ന മനുഷ്യര്‍ക്കു നേരെ അതിര്‍ത്തികള്‍ അടയ്ക്കുന്നത് ശരിയായ പ്രവണതയല്ലെന്ന തന്റെ നിലപാട് മാര്‍പാപ്പ വീണ്ടും ആവര്‍ത്തിച്ചു.

"ആവശ്യത്തിലിരിക്കുന്ന ഒരാള്‍ക്ക് നേരെ മനുഷ്യഹൃദയങ്ങളെ അടയ്ക്കുന്നത് തെറ്റായ പ്രവണതയാണ്. അഭയാര്‍ത്ഥികളായി എത്തുന്നവരെ യൂറോപ്പ് സ്വീകരിക്കണം. വ്യത്യസ്തങ്ങളായ നിരവധി സംസ്‌കാരങ്ങളുടെ കൂട്ടായ്മയാണ് യൂറോപ്പ്. വരുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസവും നല്‍കുവാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കണം. മനുഷ്യക്കടത്തിനെ തടയുവാന്‍ ഇത്തരം പ്രവര്‍ത്തികള്‍ ഉപകരിക്കും". മാര്‍പാപ്പ പറഞ്ഞു.

More Archives >>

Page 1 of 100