News - 2024

മൂന്നാമത്തെ കുഞ്ഞിനെ സംരക്ഷിക്കുവാനായി ഒളിവില്‍ കഴിയേണ്ടി വന്ന ചൈനീസ് ദമ്പതിമാരെ പറ്റിയുള്ള റിപ്പോര്‍ട്ടുമായി ബിബിസി: ഭരണകൂട നിലപാടുകള്‍ക്കെതിരെ പ്രതിഷേധം ശക്തം

സ്വന്തം ലേഖകന്‍ 02-11-2016 - Wednesday

ബെയ്ജിംഗ്: മൂന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കുവാന്‍ വേണ്ടി ഒളിവില്‍ പോകേണ്ടി വന്ന ദമ്പതിമാരുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ചൈനയിലെ ബിബിസി കറസ്‌പോണ്ടന്റിന്റെ റിപ്പോര്‍ട്ട്. ബെയ്ജിംഗിലെ ബിബിസി ന്യൂസ് കറസ്‌പോണ്ടന്റ് ആയ ജോണ്‍ സുഡ്വോര്‍ത്ത് ആണ് വാര്‍ത്ത പുറത്തുവിട്ടത്. നിയമപ്രകാരം ചൈനയില്‍ ദമ്പതികള്‍ക്കു രണ്ടു കുട്ടികള്‍ മാത്രമേ പാടുള്ളു. മൂന്നാമത് വീണ്ടും ഗര്‍ഭം ധരിച്ചാല്‍, ഗര്‍ഭഛിദ്രത്തിലൂടെ കുട്ടിയെ നശിപ്പിക്കണമെന്നതാണ് നിയമം. മൂന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കിയ ദമ്പതിമാരുടെ ജീവിതാനുഭവമാണ് പുറത്തുവന്നിരിക്കുന്നത്.

വര്‍ഷങ്ങളായി പിന്‍തുടര്‍ന്ന ഒറ്റകുട്ടി നയം ഒരു വര്‍ഷം മുമ്പാണ് ചൈന പിന്‍വലിച്ചത്. അതിന്റെ വാര്‍ഷികത്തിലാണ് ഈ തീരുമാനത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് പഠിക്കുന്നതിനായി ജോണ്‍ സുഡ്വോര്‍ത്ത് അന്വേഷണം നടത്തിയ ശേഷം ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാമത് ഒരു സ്ത്രീ ഗര്‍ഭിണിയാണെന്നു കണ്ടെത്തിയാല്‍ ഭരണകൂടം തന്നെ ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്തു നല്‍കും. ഓരോ മൂന്നു മാസത്തേയും ആറു മാസത്തേയും ഇടവേളകളില്‍ സ്ത്രീകള്‍ ഗര്‍ഭിണിയാണോ എന്ന കാര്യം പ്രാദേശിക ഭരണകൂടങ്ങള്‍ ആശുപത്രി വഴി പരിശോധിക്കുന്നുണ്ട്.

ഗര്‍ഭം അലസിപ്പിക്കുന്നതിനെ എതിര്‍ക്കുവാന്‍ ചൈനയില്‍ സാധിക്കില്ല. എതിര്‍ത്തു നില്‍ക്കുന്നവരെ ബലമായി ഗര്‍ഭഛിദ്രത്തിന് വിധേയരാക്കുകയാണ് ചെയ്യുക. ഇത്തരം ഒരു സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ദമ്പതിമാര്‍ തങ്ങളുടെ കുഞ്ഞിന്റെ ജീവന്‍ സംരക്ഷിക്കുന്നതിനായി ഒളിവില്‍ പോയത്. സ്വന്തം ഗ്രാമത്തില്‍ നിന്നും ഇവര്‍ മാറി താമസിക്കുകയാണ് ചെയ്തത്. പരിചയമില്ലാത്ത ആളുകളുടെ ഇടയിലേക്ക് പോയ ദമ്പതിമാരെ അവിടെ ആരും തിരിച്ചറിഞ്ഞില്ല. അപരിചിതമായ പ്രദേശത്താണ് തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിന് അവര്‍ ജന്മം നല്‍കിയത്.

സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും ഏറെ നാള്‍ ഒളിച്ചു താമസിക്കുവാന്‍ ഇവര്‍ക്ക് സാധിക്കില്ലയെന്നത് ഒരു വസ്തുതയാണ്. ഉടന്‍ തന്നെ ഇവര്‍ പിടിക്കപ്പെട്ടേക്കാം. മൂന്നാമത് ഒരു കുഞ്ഞിനു കൂടി ജന്മം നല്‍കി എന്ന കുറ്റത്തിന് വാര്‍ഷിക ശമ്പളത്തിന്റെ പത്തിരട്ടി തുക വരെ പിഴയായി ദമ്പതിമാര്‍ സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടിവരും. നിലവിലുള്ള ഇവരുടെ ജോലി നഷ്ടപ്പെടുവാനും സാധ്യതയുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും, മൂന്നാമത്തെ കുഞ്ഞിന്റെ മുഖം കാണുമ്പോള്‍ തങ്ങള്‍ എല്ലാം മറക്കുന്നതായി ദമ്പതിമാര്‍ ബിബിസി കറസ്‌പോണ്ടന്റ് ജോണ്‍ സുഡ്വോര്‍ത്തിനോട് വെളിപ്പെടുത്തി.

ചൈനയില്‍ നടക്കുന്നത് വലിയ മനുഷ്യാവകാശ ലംഘനമാണെന്ന് ജോണ്‍ സുഡ്വോര്‍ത്ത് തന്നെ പറയുന്നു. "ലോകത്ത് ഏതെങ്കിലും ഒരു ഭരണകൂടം മാസങ്ങളുടെ ഇടവേളകളില്‍ ഒരു സ്ത്രീയുടെ ഗര്‍ഭപാത്രം പരിശോധിക്കുമോ? അതില്‍ വളരുന്ന കുഞ്ഞിനെ നിര്‍ബന്ധപൂര്‍വ്വം നശിപ്പിക്കുവാന്‍ പ്രേരിപ്പിക്കുമോ? ഇത്തരം ഭീതികളുടെ പേരില്‍ ആര്‍ക്കെങ്കിലും ഒളിച്ചു താമസിക്കേണ്ടി വരുമോ?". ജോണ്‍ സുഡ്വോര്‍ത്ത് ചോദിക്കുന്നു.

നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും ഇത്തരം ഭരണകൂട ഭീകരതയ്‌ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. എത്ര കുട്ടികള്‍ വേണമെന്നുള്ള കാര്യം സര്‍ക്കാര്‍ തീരുമാനിക്കുന്നത് തന്നെ മൂഢത്തരമാണെന്നും സ്ത്രീയുടെ ശരീരത്തിന്‍മേലുള്ള അവകാശം പോലും സര്‍ക്കാരിനാണ് ചൈനയിലുള്ളതെന്നും വനിതാ സംരക്ഷക പ്രവര്‍ത്തകയായ റെഗ്ഗി ലിറ്റില്‍ ജോണ്‍ പറയുന്നു. ഒറ്റകുട്ടി നയം തെറ്റാണെന്ന് തിരിച്ചറിയാന്‍ ചൈനീസ് സര്‍ക്കാര്‍ ഏറെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നതായും അവര്‍ പറഞ്ഞു. ഇപ്പോള്‍ പിന്‍തുടരുന്ന നയങ്ങളും തെറ്റാണെന്ന് അവര്‍ക്ക് പിന്നീട് മാത്രമേ ബോധ്യമാകുകയുള്ളുവെന്നും ലിറ്റില്‍ ജോണ്‍ കൂട്ടിച്ചേര്‍ത്തു.

More Archives >>

Page 1 of 100