News - 2024
അഭയാര്‍ത്ഥികളായ കുട്ടികള്‍ക്ക് ഇറ്റാലിയന്‍ സര്‍ക്കാര്‍ പൗരത്വം നല്‍കണമെന്ന് ആര്‍ച്ച് ബിഷപ്പ് സില്‍വാനോ ടോമസി
സ്വന്തം ലേഖകന്‍ 03-11-2016 - Thursday
വത്തിക്കാന്‍: ഇറ്റലിയില്‍ ജനിക്കുന്ന അഭയാര്‍ത്ഥികളായ ശിശുക്കള്‍ക്കും, അഭയാര്‍ത്ഥികളായി രാജ്യത്തേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്കും ഇറ്റാലിയന്‍ പൗരത്വം നല്‍കണമെന്ന് ആര്‍ച്ച് ബിഷപ്പ് സില്‍വാനോ ടോമസി. നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള വത്തിക്കാന്‍ പൊന്തിഫിക്കല്‍ സമിതിയുടെ അധ്യക്ഷനാണ് ആര്‍ച്ച് ബിഷപ്പ് സില്‍വാനോ ടോമസി.
"രാജ്യത്ത് ജനിക്കുന്ന അഭയാര്‍ത്ഥികളായ കുട്ടികളും, കുട്ടികളായിരിക്കുമ്പോഴെ രാജ്യത്തേക്ക് കടന്നു വരുന്ന അഭയാര്‍ത്ഥികളും വളരെ വേഗം ഇറ്റലിയുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടും. മുതിര്‍ന്നവരില്‍ നിന്നും വ്യത്യസ്ഥമായ സാഹചര്യമാണ് കുട്ടികള്‍ക്കുള്ളത്".
"ഈ വസ്തുത പരിഗണിച്ച് കുട്ടികള്‍ക്ക് നിയമപരമായ അവകാശങ്ങളും മറ്റും ലഭ്യമാകുന്ന തരത്തില്‍ അവര്‍ക്ക് ഇറ്റാലിയന്‍ പൗരത്വം നല്‍കണം. അഭയാര്‍ത്ഥികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുമ്പോള്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന ധാരണ, കാര്യങ്ങളെ ശരിയായ രീതിയില്‍ മനസിലാക്കാത്തതു കൊണ്ടാണ്". ആര്‍ച്ച്ബിഷപ്പ് സില്‍വാനോ തോമസി പറഞ്ഞു.
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങളായ ആളുകള്‍ക്ക് മതത്തിന്റെയും, വംശത്തിന്റെയും അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന വേര്‍തിരിവിനെ ആര്‍ച്ച് ബിഷപ്പ് സില്‍വാനോ ടോമസി അപലപിച്ചു. ഐക്യരാഷ്ട്ര സഭയില്‍ വത്തിക്കാന്‍ പ്രതിനിധിയായി ജനീവയില്‍ ഏറെ നാള്‍ സേവനം ചെയ്ത ആര്‍ച്ച്ബിഷപ്പ്, പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ പ്രശ്‌നങ്ങളെ സംബന്ധിച്ച് പഠനം നടത്തുന്ന വ്യക്തി കൂടിയാണ്. ന്യൂനപക്ഷ സമുദായങ്ങളിലെ ആളുകള്‍ തുടര്‍ച്ചയായി വേട്ടയാടപ്പെടുന്ന അവസ്ഥയാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ന്‍ നിലനില്‍ക്കുന്നത്.