News
പത്രോസിന്റെ പിന്‍ഗാമികളും ക്യൂബന്‍ വിപ്ലവനായകനും
സ്വന്തം ലേഖകന്‍ 28-11-2016 - Monday
വത്തിക്കാന്‍: താന്‍ വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രവും ആദര്‍ശവും ക്യൂബന്‍ വിപ്ലവനായകന്‍ ഫിഡല്‍ കാസ്ട്രോയെ മറ്റൊരു മനുഷ്യനാക്കിയപ്പോള്‍ അദ്ദേഹം ഒരു വിധിയെഴുത്ത് നടത്തി. മതം- അത് മനുഷ്യനെ മയക്കുന്ന കറപ്പാണ്. ഈ ചിന്തയാണ് ജന്മം കൊണ്ട് കത്തോലിക്കനായിരിന്ന കാസ്‌ട്രോയെ ആദ്ധ്യാത്മിക ജീവിതത്തില്‍ നിന്ന്‍ അകറ്റിയത്. 1959ൽ സഹോദരി എമ്മയുടെ വിവാഹത്തിനായിരുന്നു അദ്ദേഹം അവസാനമായി ഒരു ദേവാലയം സന്ദർശിച്ചത്. ബാറ്റിസ്റ്റയെ പരാജയപ്പെടുത്തി ക്യൂബൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അതേ വര്‍ഷം തന്നെയായിരിന്നു ഈ സന്ദര്‍ശനം.
തന്റെ ജീവിതത്തില്‍ അദ്ദേഹം കത്തോലിക്ക വിശ്വാസത്തോട് എന്നേക്കുമായി 'നോ' പറഞ്ഞു. ഇത് പാര്‍ട്ടിയില്‍ തന്നെ അദ്ദേഹം കൊണ്ട് വന്നു. കത്തോലിക്കനെ കമ്യൂണിസ്‌റ്റ് പാർട്ടിയിൽ എടുക്കരുതെന്ന ഉഗ്രശാസന തന്നെ അദ്ദേഹം നടത്തി. എന്നാല്‍ 1992ൽ ഈ തീരുമാനത്തിന് കാസ്‌ട്രോ അൽപം മൃദുസമീപനം വരുത്തി. കത്തോലിക്കർക്കു വേണമെങ്കിൽ പാർട്ടിയിൽ അംഗമാകാമെന്നായി. ഈ നിലപാട് നേതാക്കളെ അമ്പരപ്പിച്ചെങ്കിലും പക്ഷേ, അത് ഒരു അവസാനമായിരിന്നില്ല.
39 വര്‍ഷത്തെ ജീവിതത്തിന് ശേഷം കൃത്യമായി പറഞ്ഞാല്‍ 1998ൽ അദ്ദേഹത്തിന്റെ മനസ്സിനെ ഏറെ പിടിച്ചുലച്ച് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ക്യൂബന്‍ സന്ദര്‍ശനം നടത്തി. ക്യൂബ സന്ദർശനത്തിനു ഹവാന ജോസ് മാർട്ടി വിമാനത്താവളത്തിൽ വന്നിറങ്ങിയതു മുതൽ ജോസ് മാർട്ടിയിൽനിന്നു തിരിച്ചു റോമിലേക്കു മടങ്ങും വരെ വിനയമുള്ള, വിധേയത്വമുള്ള ഒരു മകനെ പോലെ കാസ്‌ട്രോ നിഴൽ പോലെ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ഒപ്പമുണ്ടായിരുന്നു.
അന്നു ഹവാന കത്തീഡ്രലിൽ പാപ്പ നയിച്ച പ്രഭാത കുർബാനയുടെ മുൻനിരയിൽ ക്യൂബൻ ഭരണത്തിലെ ഉന്നതർക്കൊപ്പം കാസ്‌ട്രോയും പങ്കെടുത്തത് മാധ്യമങ്ങളില്‍ തന്നെ ഒരു വലിയ വാര്‍ത്തയായി. ക്യൂബയിൽ ബഹുകക്ഷി ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും വേണമെന്ന മാർപാപ്പയുടെ വാക്കുകൾ കാസ്‌ട്രോ ശാന്തനായിരുന്നു കേട്ടു. ഗർഭഛിദ്രത്തെ എതിർക്കുന്ന സഭാ നിലപാട് ഹവാന പ്രസംഗങ്ങളിൽ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ വീണ്ടും ആവർത്തിച്ചു. ക്യൂബയ്‌ക്കെതിരായ അമേരിക്കൻ ഉപരോധത്തെയും മാർപാപ്പ കടുത്ത ഭാഷയിൽ വിമർശിച്ചതോടെ കാസ്‌ട്രോയുടെ മറുപടിക്കായി ലോകം കാതോര്‍ത്തു. എന്നാല്‍ കാസ്ട്രോ മിണ്ടിയില്ല.
പക്ഷേ അദ്ദേഹത്തിന്റെ മൌനം അധിക നാള്‍ നീണ്ടു നിന്നില്ല. പാപ്പ മടങ്ങി ഒരുമാസത്തിനകം ക്യൂബൻ കമ്യൂണിസ്‌റ്റുകാരെ ഞെട്ടിച്ചു കൊണ്ട് കാസ്‌ട്രോ പ്രഖ്യാപിച്ചു. "ഗർഭഛിദ്രം സന്താന നിയന്ത്രണത്തിനുള്ള അധാർമിക മാർഗമാണ്". ജനതയെ അമ്പരിപ്പിച്ച് അദ്ദേഹം 1998 ഡിസംബറിൽ വീണ്ടും പ്രഖ്യാപനമിറക്കി. "ക്രിസ്‌മസ് ദിനം ക്യൂബയിൽ പൊതു ഒഴിവുദിനം". വിപ്ലവനായകന്റെ ഈ മാറ്റത്തിന് പിന്നില്‍ എന്തായിരിക്കും കാരണമെന്ന് ലോകം ഒന്നടങ്കം ചോദിച്ചു. 2003ൽ ഒരു കത്തോലിക്കാ കോൺവന്റിന്റെ കൂദാശച്ചടങ്ങിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുത്തത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു വാര്‍ത്തയായി.
ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ദേഹവിയോഗം കാസ്‌ട്രോയ്‌ക്കു വ്യക്‌തിപരമായ നഷ്‌ടമായിരുന്നുവെന്നാണ് ലോകം വിലയിരുത്തിയത്. ഇതിനെ ശരി വെച്ചു കൊണ്ട് ‘എന്റെ വന്ദ്യപിതാവു യാത്രയായി’ എന്നാണ് അദ്ദേഹം അന്നു വിലപിച്ചത്. കാസ്‌ട്രോയുടെ മനസ്സു വായിച്ചവരുടെ പട്ടികയിൽ സഹോദരൻ റൗൾ, ചെഗുവേര, മുൻ കാനഡ പ്രധാനമന്ത്രി പിയറി ട്രൂഡോ, മുൻ സോവിയറ്റ് പ്രസിഡന്റ് നികിത ക്രൂഷ്ചേവ് തുടങ്ങി അപൂർവം ചിലരേ ഉണ്ടായിരുന്നുള്ളൂ. 1998ൽ ജോൺ പോൾ മാർപാപ്പയുടെ പേര് കാസ്‌ട്രോ തന്നെ ആ പട്ടികയിൽ എഴുതിച്ചേർത്തു.
ജോൺ പോൾ മാർപാപ്പയ്ക്കു പിന്നാലെ 2012 ല്‍ ബെനഡിക്ട് പതിനാറാമനും ക്യൂബ സന്ദര്‍ശനം നടത്തി. മാര്‍പാപ്പയ്ക്ക് ഫിഡലിന്റെ സഹോദരനും പ്രസിഡന്‍റുമായ റൗള്‍ കാസ്ട്രോ സമ്മാനിച്ചത് രാജ്യത്തിന്റെ പേട്രണ്‍ സെയിന്റായ ഔര്‍ ലേഡി ഓഫ് ചാരിറ്റി ഓഫ് എല്‍ കോബ്രെയുടെ രൂപമായിരുന്നു. ഫിഡല്‍ കാസ്‌ട്രോയെ കാണുവാന്‍ ബെനഡിക്ട് പതിനാറാമനും സമയം കണ്ടെത്തി.
2015ൽ ക്യൂബ സന്ദർശിക്കാനെത്തിയ ഫ്രാൻസിസ് മാർപാപ്പയും ഫിഡലിനെ സന്ദർശിച്ചു. നാലുദിവസത്തെ സന്ദര്‍ശനത്തിനായി ക്യൂബയിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഹവാന ജോസ് മാര്‍ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റൗള്‍ കാസ്‌ട്രോയാണ് സ്വീകരിച്ചത്. ക്യൂബന്‍ ജനതയുടെ പ്രശ്‌നങ്ങളും ദുഃഖങ്ങളും പരിഹരിക്കാന്‍ കത്തോലിക്ക സഭ എന്നും ഒപ്പമുണ്ടാകുമെന്നും യുഎസ്-ക്യൂബ ബന്ധം പുനഃസ്ഥാപിച്ചത് ലോകത്തിന് മാതൃകയാണെന്നും കൂടിക്കാഴ്ചയില്‍ മാര്‍പാപ്പ പറഞ്ഞപ്പോള്‍ ഏറെ നന്ദിയോടെയാണ് റൗള്‍ കാസ്‌ട്രോ തന്റെ പ്രതികരണം അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം വത്തിക്കാനില്‍ മാര്‍പാപ്പയെ കണ്ട റൗള്‍ കാസ്‌ട്രോ താന്‍ പ്രാര്‍ത്ഥനയിലേക്കും പള്ളിയിലേക്കും മടങ്ങിയേക്കുമെന്ന് സൂചന തന്നെ ലോകത്തിന് നല്കി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉദാത്ത സമീപനവും പാവങ്ങളെക്കുറിച്ചുള്ള കരുതലും ആഴമായി സ്വാധീച്ചിട്ടുണ്ടെന്നും ഈ മഹനീയ മാതൃക തുടര്‍ന്നാല്‍ കത്തോലിക്കാ വിശ്വാസത്തിലേക്കു താന്‍ തിരിച്ചുവരുമെന്നതില്‍ സംശയമില്ലെന്നുമാണ് റൌള്‍ കാസ്ട്രോ അന്ന്‍ പറഞ്ഞത്.
ഓരോ മാര്‍പാപ്പമാരുടെയും സന്ദര്‍ശനം കാസ്ട്രോ കുടുംബത്തിനും ക്യൂബന്‍ ജനതയ്ക്കും ഉണ്ടാക്കിയ മാറ്റങ്ങള്‍ ചെറുതല്ലയെന്ന് എടുത്ത് കാണിക്കുന്നതാണ് അവര്‍ എടുത്ത ഓരോ തീരുമാനവും. വിപ്ലവനായകന്റെ ഭൌതിക ശരീരം ഡിസംബർ നാലിനു സംസ്കരിക്കുമ്പോള്‍ ഈ മാറ്റങ്ങള്‍ ഒരു ചരിത്രമായി തന്നെ അവശേഷിക്കും.