News - 2024
നോര്‍വെയിലെ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്
സ്വന്തം ലേഖകന്‍ 26-11-2016 - Saturday
ഓസ്‌ലോ: നോര്‍വേയില്‍ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന്‍ പുതിയ കണക്കുകള്‍. രാജ്യത്തിന്റെ ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്കല്‍ ഏജന്‍സിയാണ് ഇതു സംബന്ധിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. 2012 മുതലുള്ള കാലയളവില്‍ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ 42 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,45,000 കത്തോലിക്ക വിശ്വാസികളാണ് നോര്‍വേയില്‍ ഇപ്പോഴുള്ളത്.
ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ നോര്‍വെയില്‍ 85.6% പേരും ക്രൈസ്തവ വിശ്വാസികളാണ്. അതേ സമയം ഇതേ കാലയളവില്‍ രാജ്യത്തെ ഇസ്ലാം മതവിശ്വാസികളുടെ എണ്ണത്തില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു. രാജ്യത്ത് 1,48,000 മുസ്ലീങ്ങളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതിനോട് അടുപ്പിച്ചു തന്നെയാണ് കത്തോലിക്ക വിശ്വാസികളുടെ എണ്ണമെന്ന കാര്യം ഏറെ ശ്രദ്ധേയമാണ്. ജൂത വിശ്വാസികളാണ് രാജ്യത്തിലെ ഏറ്റവും ചെറിയ മതവിഭാഗം. നോര്‍വയില്‍ ആകെ 770 ജൂത വിശ്വാസികളാണുള്ളത്.
നോര്‍വേയില്‍ ഏറ്റവും കൂടുതലുള്ളത് ലൂഥറന്‍ സഭാംഗങ്ങളാണ്. എന്നാല്‍, ഇവരുടെ എണ്ണത്തില്‍ വലിയ ഇടിവ് നേരിടുന്നതായും പഠനം ചൂണ്ടികാണിക്കുന്നു. 2015-ല്‍ മാത്രം 37,000 ലൂഥറന്‍ വിശ്വാസികളാണ് സഭയില്‍ നിന്നും കൊഴിഞ്ഞു പോയത്. വിശ്വാസികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും, രാജ്യത്തെ ഏറ്റവും വലിയ വിശ്വാസ സമൂഹം ലൂഥറന്‍ സഭ തന്നെയാണ്. 3.8 മില്യണ്‍ അംഗങ്ങളാണ് ലൂഥറന്‍ സഭയ്ക്കുള്ളത്. നോര്‍വേയിലെ ജനസംഖ്യയുടെ 73 ശതമാനമാണിത്.
പശ്ചിമേഷ്യയില്‍ നിന്നും, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റമാണ് രാജ്യത്തെ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തിലെ വര്‍ദ്ധനവിന് കാരണമായതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.