News - 2024
ഇന്‍റര്‍നെറ്റ് വഴിയുള്ള സുവിശേഷ പ്രഘോഷണത്തിനും വിലക്ക്: പുതിയ നിയമവുമായി പാകിസ്ഥാന്‍ സര്‍ക്കാര്‍
സ്വന്തം ലേഖകന്‍ 25-11-2016 - Friday
ലാഹോര്‍: പാക്കിസ്ഥാനിലെ ക്രൈസ്തവ മാധ്യമങ്ങളെ പൂര്‍ണ്ണമായും രാജ്യത്തു നിന്നും തുടച്ചു നീക്കുവാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്ത്. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ പ്രത്യേക തരം വിലക്കുകള്‍ ഏര്‍പ്പെടുത്തിയാണ് ക്രൈസ്തവ മാധ്യമങ്ങളെ ലക്ഷ്യംവച്ചുള്ള സര്‍ക്കാരിന്റെ നടപടി. 'പ്രിവന്‍ഷന്‍ ഓഫ് ഇലട്രോണിക്‌സ് ക്രൈം ബില്‍' എന്ന പേരിലാണ് പുതിയ നിയന്ത്രണങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന ബില്‍ സര്‍ക്കാര്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നത്.
പുതിയ ബില്‍ വരുന്നതോടെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി സുവിശേഷം പ്രസംഗിക്കുന്നതിന് വിലക്കുകള്‍ ഉണ്ടാകും. അടുത്തിടെയാണ് പാക്കിസ്ഥാനിലെ ക്രൈസ്തവ ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ അവകാശം കൂട്ടത്തോടെ എടുത്തു കളഞ്ഞുകൊണ്ടുള്ള തീരുമാനം സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയത്. ഇതിനു തുടര്‍ച്ചയായാണ് സുവിശേഷത്തെ ജനങ്ങളിലേക്ക് എത്തുന്നത് തടയുവാനായി പുതിയ തരം നിയമം കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടലുകള്‍ നടത്തുന്നത്.
സര്‍ക്കാര്‍ നടപടി തികച്ചും അപലപനീയമാണെന്ന് നാഷണല്‍ കാത്തലിക് കമ്യൂണിക്കേഷന്‍സ് സെന്റര്‍ ഡയറക്ടര്‍ ഫാദര്‍ കൈസര്‍ ഫെറോസ് പറഞ്ഞു. "ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനില്‍, ക്രിസ്തുവിന്റെ വചനം ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ഇന്റര്‍നെറ്റ് വലിയ പങ്കാണ് വഹിക്കുന്നത്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പുരോഹിതര്‍ തങ്ങളുടെ സന്ദേശം പ്രചരിപ്പിക്കുവാന്‍ ശ്രമിക്കാറുമുണ്ട്. ഇന്റര്‍നെറ്റിലെ വിലക്കെന്നതുകൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത് സുവിശേഷത്തിന്റെ വിലക്കെന്നു തന്നെയാണ്". ഫാദര്‍ കൈസര്‍ ഫെറോസ് പറഞ്ഞു.
തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കുവാന്‍ എന്ന പേരിലാണ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പുതിയ നിയമം നടപ്പിലാക്കുവാന്‍ ഒരുങ്ങുന്നത്. വിഘടനവാദപരമായ സന്ദേശങ്ങളെ തടയുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. എന്നാല്‍, മുസ്ലീം മതവിശ്വാസവുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഒരു നിയന്ത്രണവും ഉണ്ടാകില്ലെന്നും ബില്‍ പറയുന്നു. ഒരു രാജ്യത്ത് രണ്ടു തരം നീതി നടപ്പിലാക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധത്തിന് വഴി തെളിയിച്ചിട്ടുണ്ട്.
പുതിയ നിയമം ലംഘിക്കുന്നവര്‍ക്ക് 14 വര്‍ഷം വരെ കഠിന തടവ് ലഭിക്കും. പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ വിലക്കിനെ തുടര്‍ന്ന് സംപ്രേക്ഷണം നിര്‍ത്തിവച്ച ക്രൈസ്തവ ടിവി ചാനലുകള്‍ അവരുടെ പരിപാടികള്‍ യൂട്യൂബ് വഴിയാണ് വിശ്വാസികളിലേക്ക് എത്തിച്ചിരുന്നത്. ഇതേ തുടര്‍ന്ന് മൂന്നു വര്‍ഷത്തെ വിലക്കാണ് ഇത്തരം ചാനലുകളുടെ യൂട്യൂബ് അക്കൗണ്ടിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.
ഇന്റര്‍നെറ്റിലൂടെയുള്ള വചനപ്രഘോഷണം ഏറെ ശ്രദ്ധയോടെ മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളുവെന്നു ഫൈസലാബാദ് ബിഷപ്പ് ജോസഫ് അര്‍ഷാദ് നേരത്തെ നിര്‍ദേശിച്ചിരിന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏറെ ശ്രദ്ധയോടു കൂടിയാണ് പാക്കിസ്ഥാനിലെ ഓണ്‍ലൈന്‍ ക്രൈസ്തവ സൈറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, പുതിയ നിയമം എല്ലാത്തിനെയും തകിടം മറിക്കുകയാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുവാന്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ നിയന്ത്രണമുള്ള 10 രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാന്‍.