News

ഐവിഎഫ് ഗർഭധാരണ മാർഗ്ഗത്തിലൂടെ കോടിക്കണക്കിന് മനുഷ്യജീവനുകൾ നശിപ്പിക്കപ്പെടുന്നു: ഞെട്ടിപ്പിക്കുന്ന കണക്കുകൾ ബ്രിട്ടീഷ് പാർലമെന്റിൽ

സ്വന്തം ലേഖകന്‍ 25-11-2016 - Friday

ലണ്ടന്‍: ഐവിഎഫ് ഗർഭധാരണ മാർഗ്ഗത്തിലൂടെ കോടിക്കണക്കിന് മനുഷ്യജീവനുകളാണ് ഓരോ വർഷവും ലോകത്ത് നശിപ്പിക്കപ്പെടുന്നത്. ലോകജനസംഖ്യയുടെ ചെറിയൊരു ശതമാനം മാത്രമായ ബ്രിട്ടനിൽ കഴിഞ്ഞവർഷം 1,72,184 ഭ്രൂണങ്ങള്‍ നശിപ്പിച്ചു കളഞ്ഞതായി ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ഐവിഎഫ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്‍വിട്രോ ഫെര്‍ട്ടലൈസേഷന്‍ എന്ന ചികിത്സാ രീതിക്കു വേണ്ടി ഉപയോഗിക്കാതെ, നശിപ്പിച്ച ഭ്രൂണങ്ങളുടെ കണക്കാണ് പാര്‍ലമെന്റിലെ ഒരു ചോദ്യത്തിനുള്ള മറുപടിയായി ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ഒരു ക്രൈസ്തവ രാജ്യമെന്ന് ഭരണാധികാരികൾ തന്നെ വിശേഷിപ്പിക്കുന്ന ബ്രിട്ടനിലെ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിൽ, ഈ മാർഗ്ഗത്തിലൂടെ ലോകം മുഴുവൻ കോടിക്കണക്കിന് മനുഷ്യജീവനുകൾ ഓരോ വർഷവും നശിപ്പിക്കപ്പെടുന്നതായി കണക്കാക്കാം. ബ്രിട്ടീഷ് പാർലമെന്റിലെ ലോഡ് പ്രിയറിന്റെ മറുപടിയില്‍ നിന്നും 2014 ജൂലൈ ഒന്നു മുതല്‍ 2015 ജൂണ്‍ 30 വരെ 84,044 ഭ്രൂണങ്ങള്‍ ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിച്ചപ്പോൾ 1,72,184 ഭ്രൂണങ്ങള്‍ നശിപ്പിച്ചു കളഞ്ഞതായി വ്യക്തമാക്കുന്നു.

ക്രൈസ്തവ വിശ്വാസവും തിരുസഭയുടെ നിയമങ്ങളും കൃത്രിമ ഗര്‍ഭധാരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ദൈവം തന്റെ സ്വന്തം ഛായയിലും സാദൃശ്യത്തിലുമാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതെന്ന് ബൈബിൾ പഠിപ്പിക്കുന്നു. അതിനാല്‍ തന്നെ, മനുഷ്യന് മറ്റു ജീവജാലങ്ങള്‍ക്ക് ഇല്ലാത്ത മഹത്വം ഉണ്ട്. മനുഷ്യന്റെ ജീവന്‍ ദൈവത്തില്‍ നിന്നുള്ള ദാനമായിരിക്കെ, അതിനെ കൃത്രിമമായി സൃഷ്ടിക്കുന്നത് തെറ്റായ നടപടിയാണ്. ഇത്തരം നടപടികള്‍ വിവാഹത്തിന്റെ പവിത്രതയേ കളങ്കപ്പെടുത്തുന്നതുമാണ്. ഇതിനാലാണ് തിരുസഭ ഐവിഎഫ് പോലെയുള്ള മാര്‍ഗങ്ങളെ എതിര്‍ക്കുന്നത്.

വിവാഹത്തിലൂടെയുള്ള ദൈവീക പദ്ധതി എന്നത് സ്ത്രീയും, പുരുഷനും പരസ്പരം സ്‌നേഹം പങ്കിട്ട് ജീവിക്കുകയും ഇപ്രകാരമുള്ള സ്നേഹത്തിന്റെ പങ്കുവക്കലിലൂടെ ദൈവം ദാനമായി നൽകുന്ന മക്കളെ സ്വീകരിക്കുകയും ചെയ്യുക എന്നതാണ്. ഒരുമയോടും ഐക്യത്തോടും, സന്തോഷത്തോടുമുള്ള ഈ ജീവിതത്തില്‍ അവര്‍ക്ക് കുട്ടികളെ ലഭിക്കുവാനും, ലഭിക്കാതിരിക്കുവാനും സാധ്യതയുണ്ട്. മനുഷ്യജീവന്‍ ദൈവത്തിന്റെ ദാനമാണെന്ന സത്യത്തെയാണ് ഇവിടെ നിന്നും നാം മനസിലാക്കേണ്ടത്. അത് നിത്യ സത്യത്തില്‍ നിന്നും ഉത്ഭവിക്കുന്നതാണ്. അതിനെ കൃത്രിമമായുള്ള ഒരു ലാബില്‍ സൃഷ്ടിക്കേണ്ടതല്ല.

ഭാര്യഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹത്തിൽ നിന്നും ഉത്ഭവിക്കേണ്ട മനുഷ്യ ജീവനെ ഒരു ലാബില്‍ സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ മക്കളെ ഒരു 'ഉല്‍പ്പന്നമായി' തരം താഴ്ത്തുകയാണ് ചെയ്യുക. ഇത്തരം ശാസ്ത്ര പരീക്ഷണങ്ങള്‍ക്കായി ഏറ്റവും മികച്ച ഭ്രൂണത്തെയാണ് തെരഞ്ഞെടുക്കുന്നത്. എല്ലാ ഭ്രൂണങ്ങള്‍ക്കും ജീവനുണ്ടെന്ന കാര്യവും, അതിന് ഗര്‍ഭപാത്രത്തില്‍ എത്തിപ്പെടുവാന്‍ സാധിച്ചാല്‍ വളര്‍ന്ന് ഒരു കുഞ്ഞായി മാറുവാന്‍ കഴിയുമെന്ന കാര്യവും നാം പലപ്പോഴും വിസ്മരിച്ചു കളയുന്നു. മനുഷ്യജീവനേയാണ് കേവലം മികവിന്റെ അടിസ്ഥാനത്തില്‍ ഇവിടെ നശിപ്പിച്ചു കളയുന്നതെന്ന് നാം ഓര്‍ക്കണം.

1987-ല്‍ വത്തിക്കാന്‍ പുറത്തിറക്കിയ 'ജീവന്റെ സമ്മാനം' എന്നര്‍ത്ഥം വരുന്ന 'ഡോനം വിറ്റേ' എന്ന രേഖ ഐവിഎഫ് സംവിധാനത്തെ ശക്തമായി എതിര്‍ക്കുന്നു. മക്കളില്ലാതെ ദുഃഖിക്കുന്ന ദമ്പതിമാര്‍, മക്കളെ ലഭിക്കുന്നതിനായി ശാസ്ത്രത്തിലെ മരുന്നകളുടെയോ മറ്റു സംവിധാനങ്ങളുടെയോ സഹായം തേടുന്നതിനെ സഭ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍, ഒരു ജീവനെ ലഭിക്കുവാന്‍ അനേകം ജീവനുകളെ ഇല്ലാതാക്കുന്നത് മഹാപാപമാണ്. വിവാഹത്തിന്റെ പവിത്രതയേ ഇത്തരം ശാസ്ത്രസംവിധാനങ്ങള്‍ കളങ്കപ്പെടുത്തുന്ന സ്ഥിതിയിലേക്ക് എത്തിക്കുമെന്നതിനാൽ ഇവ എതിര്‍ക്കപ്പെടേണ്ടതാണെന്ന് സഭ പഠിപ്പിക്കുന്നു.

ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകളിൽ നിന്നു തന്നെ ഇക്കാര്യം വ്യക്തമാണ്. ബ്രിട്ടനിൽ മാത്രം ഒരു വര്‍ഷം 84,044 ഭ്രൂണങ്ങളെ ഗര്‍ഭപാത്രത്തില്‍ വളരാന്‍ നിക്ഷേപിച്ചപ്പോള്‍, 1,72,184 ഭ്രൂണങ്ങളെ നശിപ്പിച്ചു കളഞ്ഞു. ഈ നടപടിയിലെ തെറ്റിനെയാണ് സഭ ശക്തമായി എതിര്‍ക്കുന്നത്.

ഇക്കാര്യത്തിൽ വിശ്വാസികൾക്കുള്ള അജ്ഞതയും തെറ്റിധാരണയും അകറ്റാൻ കാര്യമായ ബോധവൽക്കരണം ആവശ്യമാണ്. വിവാഹത്തിനു ശേഷം മക്കളെ ലഭിക്കാൻ കാലതാമസം അനുഭവപ്പെട്ടാൽ ഐവിഎഫ് പോലുള്ള മാർഗ്ഗങ്ങൾ അവലംബിക്കാൻ ഒരു ക്രൈസ്തവ വിശ്വാസി തയ്യാറാകരുത്. അത് മക്കൾക്കുള്ള അവകാശത്തെ നിഷേധിക്കുന്ന പ്രവർത്തികൂടിയാണ്. 'തന്റെ മാതാപിതാക്കളുടെ ദാമ്പത്യസ്നേഹത്തിന്റെ സവിശേഷപ്രവർത്തിയുടെ ഭാഗമായിരിക്കാനും, ഗർഭധാരണത്തിന്റെ നിമിഷം മുതൽ ഒരു വ്യക്തിയായി ആദരിക്കപ്പെടാനുമുള്ള' മക്കളുടെ അവകാശത്തിന്റെ നിഷേധമാണ് ഇത്തരം പ്രവർത്തികൾ.

"ശാരീരിക വന്ധ്യത ഒരു ദൗർഭാഗ്യമല്ലെന്നു സുവിശേഷം വ്യക്തമാക്കുന്നു. ന്യായമായ എല്ലാ വൈദ്യശാസ്ത്ര പ്രതിവിധികളും തേടിയിട്ടും വന്ധ്യതയ്ക്കു പരിഹാരം കാണാത്ത ദമ്പതികള്‍ എല്ലാ ആത്മീയ ഫലസമൃദ്ധിയുടെയും ഉറവിടമായ കര്‍ത്താവിന്റെ കുരിശിനോട് തങ്ങളെ തന്നെ ഐക്യപ്പെടുത്തേണ്ടതാണ്. അനാഥരായ കുട്ടികളെ ദത്തെടുത്തും അപരര്‍ക്ക് വേണ്ടി സേവനങ്ങള്‍ ചെയ്തും അവര്‍ക്ക് തങ്ങളുടെ ഉദാരത പ്രകടിപ്പിക്കാവുന്നതാണ്." (CCC 2379)

More Archives >>

Page 1 of 109