News - 2024
അമേരിക്കയില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നവര്‍ക്ക് അഭയം നല്‍കാന്‍ ക്രൈസ്തവ ദേവാലയങ്ങള്‍ രംഗത്ത്
സ്വന്തം ലേഖകന്‍ 28-11-2016 - Monday
വാഷിംഗ്ടണ്‍: അമേരിക്കയില്‍ നിന്നും നാടുകടത്തല്‍ ഭീഷണി നേരിടുന്നവര്‍ക്ക് അഭയകേന്ദ്രങ്ങള്‍ ഒരുക്കുവാന്‍ സന്നദ്ധരായി നൂറുകണക്കിന് ദേവാലയങ്ങള്‍ രംഗത്ത്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായിരിക്കുന്ന ആശങ്കയില്‍ ബുദ്ധിമുട്ടുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കുന്നതിനാണ് 300-ല്‍ അധികം ദേവാലയങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം 'സാഞ്ച്വറി ഇന്‍ ദ സ്ട്രീറ്റ്' എന്ന പേരില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് സുരക്ഷിത താമസസ്ഥലം ഒരുക്കുന്ന പദ്ധതിയുടെ വോളന്റിയറുമാരാകുവാന്‍ ആയിരങ്ങളാണ് കടന്നുവരുന്നത്.
കഴിഞ്ഞ രണ്ടാഴ്ചത്തെ കണക്കുകള്‍ പ്രകാരമാണ് വിവിധ സഭകളിലെ 300-ല്‍ അധികം ദേവാലയങ്ങള്‍ ഈ പദ്ധതിയോട് സഹകരിക്കുവാനുള്ള സന്നദ്ധത അറിയിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് മുമ്പ് 65 വോളന്റിയറുമാര്‍ മാത്രമായിരുന്നു പദ്ധതിയില്‍ പങ്കുചേരുവാന്‍ പേരു നല്‍കിയിരുന്നത്. എന്നാല്‍, ഫലം പുറത്തുവന്ന ശേഷം ആയിരത്തില്‍ അധികം പേര്‍ വോളന്റിയറുമാരായി രംഗത്തു വന്നു. രാജ്യത്തുള്ള ചില സിനഗോഗുകളും പദ്ധതിയോട് സഹകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്.
താന്‍ അധികാരത്തില്‍ എത്തിയാല്‍ ഉടന്‍ തന്നെ, 11 മില്യണോളം അനധികൃത കുടിയേറ്റക്കാരെ രാജ്യത്തു നിന്നും നാടുകടത്തുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. കുറ്റകൃത്യങ്ങളിലും മറ്റും ഏര്‍പ്പെടുന്നവരില്‍ കൂടുതലും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരാണെന്നും ട്രംപ് പറഞ്ഞിരുന്നു. അമേരിക്കയുടെ നിയുക്ത പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതോടെ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന ലക്ഷകണക്കിന് കുടിയേറ്റക്കാര്‍ പ്രശ്നത്തിലായിരിക്കുകയാണ്.
ന്യൂയോര്‍ക്ക്, ചിക്കാഗോ, ഫിലാഡല്‍ഫിയ, ലോസാഞ്ചലസ് തുടങ്ങിയ നിരവധി സംസ്ഥാനങ്ങള്‍ അനധികൃത കുടിയേറ്റക്കാരെ തങ്ങള്‍ സുരക്ഷിതമായി പാര്‍പ്പിക്കുമെന്ന് ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഈ സംസ്ഥാനങ്ങളിലെ മേയറുമാര്‍ ട്രംപിന്റെ നിലപാടിനോട് യോജിക്കാത്തവരാണ്. അതേ സമയം ഫെഡറല്‍ ഇമിഗ്രേഷന്‍ ഓര്‍ഡേഴ്‌സ് പാലിക്കുവാന്‍ മടിക്കുന്ന സംസ്ഥാനങ്ങള്‍ക്കും, നഗരങ്ങള്‍ക്കും നല്‍കുന്ന ഫെഡറല്‍ ഫണ്ട് താന്‍ തടഞ്ഞുവയ്ക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി അമേരിക്കയില്‍ താമസിക്കുന്നവര്‍ ട്രംപിന്റെ നിലപാടില്‍ പരിഭ്രാന്തരാണെന്ന് സാഞ്ചറി മൂവ്‌മെന്റിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന പീറ്റര്‍ പെഡോംന്റി പറഞ്ഞു.
"തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതു മുതല്‍ ജനങ്ങള്‍ പ്രശ്നത്തിലാണ്. ശരിയായ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്നവരും, കുടിയേറ്റക്കാരും വലിയ ഭീതിയിലായിരിക്കുന്നു. മുമ്പ് ഒരിക്കലും ഉണ്ടാകാത്ത തരം ഭയമാണ് അമേരിക്കന്‍ ജനതയുടെ മനസില്‍ ഉടലെടുത്തിരിക്കുന്നത്. എന്നാല്‍ അമേരിക്കയിലെ ദൈവജനം പ്രശ്‌നങ്ങളെ നേരിടുന്നവരെ സഹായിക്കുവാന്‍ കാര്യക്ഷമമായി രംഗത്തുണ്ട്. ഭീതിയിലും, ദുരിതത്തിലുമായിരിക്കുന്ന ജനങ്ങള്‍ക്കായി അവര്‍ കരുതലോടെ സഹായം ഒരുക്കുന്നത് ഏറെ ഗുണകരവും, ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസകരവുമാണ്". പീറ്റര്‍ പീഡിമോന്റി പറഞ്ഞു.