News - 2024

ഭൗതിക സുഖങ്ങളില്‍ ശ്രദ്ധ ചെലുത്തി ക്രിസ്തുവിന്റെ ആഗമനത്തെ വിസ്മരിക്കരുത്: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 28-11-2016 - Monday

വത്തിക്കാന്‍: ഭൗതിക കാര്യങ്ങളില്‍ അടിസ്ഥാനപ്പെടുത്തി കൊണ്ടുള്ള ജീവിതം അവസാനിപ്പിക്കണമെന്നാണ് ആഗമന കാലഘട്ടം നമ്മേ ഓര്‍മ്മപ്പെടുത്തുന്നതെന്ന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. ആഗമനകാലത്തിന്റെ ആദ്യ ഞായറാഴ്ചയായ ഇന്നലെ വിശുദ്ധ ബലി മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ സംസാരിക്കുകയായിരിന്നു പാപ്പ. ലോകത്തിന്റെ വിവിധ മോഹങ്ങളിലും സൗകര്യങ്ങളിലും മനസിനെ അര്‍പ്പിക്കാതെ ക്രിസ്തുവിന്റെ വരവിനായി നാം കാത്തിരിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.

"ലോകത്തിന്റെ മോഹങ്ങള്‍ക്ക് കീഴ്‌പ്പെട്ടവരായി നാം മാറരുത്. ലോകത്തിലെ എല്ലാ മോഹങ്ങളുടെയും താല്‍പര്യങ്ങളുടെയും മേല്‍ ഭരണം നടത്തുവാനുള്ള കഴിവാണ് ആഗമന കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത്. നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം എന്നത് ക്രിസ്തുവുമായി നാം മുഖാമുഖം നില്‍ക്കുന്ന ദിനമാണ്. അതിനായി വേണം നാം ഒരുങ്ങുവാന്‍". പാപ്പ പറഞ്ഞു.

ക്രിസ്തുവിന്റെ ആഗമനത്തെ സംബന്ധിക്കുന്ന വെളിപ്പാടുകളെ കുറിച്ചും. അവിടുത്തെ അവതാരത്തെ കുറിച്ചും, മരിച്ചവരേയും ജീവിച്ചിരിക്കുന്നവരേയും വിധിക്കുവാനുള്ള രണ്ടാം വരവിനെ കുറിച്ചുമാണ് പാപ്പ തന്റെ പ്രസംഗത്തിലൂടെ വിശദീകരിച്ചത്. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെ മുന്നില്‍ കണ്ടുവേണം നാം ഒരോ ദിവസവും മുന്നോട്ടു ജീവിക്കേണ്ടതെന്നും മാര്‍പാപ്പ പറഞ്ഞു.

"ക്രിസ്തുവിന്റെ രണ്ടാം വരവ് എപ്പോഴാണ് നടക്കുന്നതെന്ന് മുന്‍കൂട്ടി നിശ്ചയിക്കുവാന്‍ കഴിയുകയില്ല. ഈ സമയത്തെ നേരിടുന്നതിനായി നാം ശരിയായി ഒരുങ്ങിയിട്ടുണ്ടോ എന്ന കാര്യം ചിന്തിക്കണം. അവിടുത്തെ രണ്ടാം വരവിന്റെ ദിനത്തോട് ചേര്‍ത്തുവച്ചു വേണം നാം ജീവിക്കുവാന്‍". പാപ്പ ഓര്‍മ്മിപ്പിച്ചു. ഈ രീതിയിലുള്ള ജീവിതം നയിക്കുന്നവര്‍ക്ക് മഹത്വകരമായ ക്രിസ്തുവിന്റെ രണ്ടാം വരവില്‍ അവിടുത്തെ സ്വീകരിക്കുവാന്‍ സാധിക്കുമെന്നു പാപ്പ കൂട്ടിച്ചേര്‍ത്തു.

More Archives >>

Page 1 of 110