News - 2024

ക്യൂബയിലെ കത്തോലിക്ക സഭയ്ക്കു ശക്തമായ വളര്‍ച്ച മുന്നോട്ട് ഉണ്ടാകുമെന്ന് നിരീക്ഷകരുടെ വിലയിരുത്തല്‍

സ്വന്തം ലേഖകന്‍ 01-12-2016 - Thursday

ഹവാന: വരും കാലങ്ങളില്‍ ക്യൂബയിലെ കത്തോലിക്ക സഭയ്ക്കു ശക്തമായ വളര്‍ച്ചയുണ്ടാകുമെന്ന് രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിലുള്ളവരുടെ വിലയിരുത്തല്‍. വിപ്ലവ നായകനായ ഫിഡല്‍ കാസ്‌ട്രോയുടെ കാലശേഷം ക്യൂബ എങ്ങനെയായിരിക്കും മുന്നേറുക എന്നതാണ് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നീരിക്ഷിക്കുന്നത്. ഇത്തരം നിരീക്ഷണങ്ങളില്‍ ഏറ്റവും പ്രാധാന്യം ലഭിച്ചത് ക്യൂബയിലെ സഭയുടെ വളര്‍ച്ചയെ പറ്റിയാണ്.

കത്തോലിക്ക സഭയും ഫിഡല്‍ കാസ്‌ട്രോയുമായുള്ള ബന്ധത്തില്‍ പലകാലഘട്ടങ്ങളിലും അകല്‍ച്ച ഉണ്ടായിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ കുറെ കാലങ്ങളായി സഭയുമായുള്ള ബന്ധം ശക്തമായി മെച്ചപ്പെടുത്തുവാന്‍ ഫിഡല്‍ കാസ്‌ട്രോയ്ക്ക് സാധിച്ചിരുന്നു. റൗള്‍ കാസ്‌ട്രോയുടെ അധികാരത്തിലുള്ള ക്യൂബയില്‍, കത്തോലിക്ക സഭ ശക്തമായി വളര്‍ച്ച പ്രാപിച്ചിട്ടുണ്ടെന്നും വരുന്ന കാലഘട്ടങ്ങളിലും ഇതേ വളര്‍ച്ച തുടരുമെന്നും അമേരിക്കയിലെ കാത്തലിക്ക് യൂണിവേഴ്സിറ്റി സോഷ്യോളജി വകുപ്പ് തലവനായ എന്റിക്യൂ പ്യൂമാന്‍ അഭിപ്രായപ്പെട്ടു.

സാന്റിയാഗോ ഡീ ക്യൂബയിലുള്ള ഒരു ജസ്യൂട്ട് സ്‌കൂളിലാണ് ഫിഡല്‍ കാസ്‌ട്രോ പഠനം നടത്തിയിരുന്നത്. ഹവാനയിലും ജസ്യൂട്ട് കോളജിലും പഠനം പൂര്‍ത്തീകരിച്ച ശേഷമാണ് വിപ്ലവത്തിന്റെ വഴിയിലേക്ക് ഫിഡല്‍ തിരിയുന്നത്. 1950-ല്‍ അദ്ദേഹം നയിച്ച ഗറില്ലാ ഗ്രൂപ്പിലുള്ളവരില്‍ മിക്കവരും ദൈവവിശ്വാസികളുമായിരുന്നു. ബിഷപ്പ് നിയമിച്ച ഒരു ചാപ്ലിന്‍ ഇവരുടെ സംഘടനയുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റി നല്‍കിയിരുന്നു. മരണപ്പെടുന്ന വിപ്ലവകാരികളെ അടക്കം ചെയ്യുന്നതിനും വൈദികരുടെ സഹായം ഗറില്ലാ ഗ്രൂപ്പ് തേടിയിരുന്നു.

വിപ്ലവ പ്രസ്ഥാനം നിരീശ്വരവാദ പ്രസ്ഥാനമായും, തീവ്രകമ്യൂണിസ്റ്റ് ആശയങ്ങളിലേക്കും ചുവടുമാറ്റിയപ്പോള്‍ വൈദികര്‍ അതിനെ എതിര്‍ത്തു. ഇതേ തുടര്‍ന്നാണ് ഫിഡല്‍ സഭയ്‌ക്കെതിരെ തിരിഞ്ഞത്. വിപ്ലവത്തെ തടയുന്ന ശക്തിയാണ് സഭയെന്ന് ഫിഡല്‍ പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് രാജ്യത്തെ ദേവാലയങ്ങള്‍ അടയ്ക്കപ്പെട്ടു. വൈദികരില്‍ പലരെയും ഭൂഗര്‍ഭഅറയിലേക്ക് മാറ്റി. 1970-ല്‍ സഭയുടെ മേലുള്ള സര്‍ക്കാരിന്റെ സ്വാധീനം കുറഞ്ഞു വരികയായിരിന്നു. 1998-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ സന്ദര്‍ശനം കൂടി കഴിഞ്ഞപ്പോഴേക്കും ക്യൂബയിലെ സഭ കൂടുതല്‍ സ്വാതന്ത്ര്യത്തിലേക്ക് കടന്നു.

2012-ല്‍ ബനഡിക്റ്റ് പതിനാറാമനും ക്യൂബ സന്ദര്‍ശിച്ചു. ഏറെ നാള്‍ കടുത്ത ശത്രുക്കളായിരുന്ന അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി നിര്‍ണ്ണായക ചര്‍ച്ചകള്‍ നടന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലഘട്ടത്തിലാണ്. ഒരിക്കലും യോജിക്കാത്ത ശത്രുക്കളാണ് ക്യൂബയും അമേരിക്കയുമെന്ന് വിധിയെഴുതിയവര്‍ ഫ്രാന്‍സിസ്പാപ്പയുടെ ഇടപെടലിലൂടെ ഇരുരാജ്യങ്ങളും അടുക്കുന്നതിനെ അത്ഭുതത്തോടെയാണ് നോക്കി കണ്ടത്.

അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് 126 തടവുകാരുടെ മോചനത്തിനായി ക്യൂബന്‍ കര്‍ദിനാളായ ജയ്മീ ഒര്‍ട്ടിഗ ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. അമേരിക്കയും ക്യൂബയും തമ്മില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നത് കര്‍ദിനാള്‍ ഓര്‍ട്ടിഗയുടെ ഈ ഇടപെടലിലൂടെയാണ്. കത്തോലിക്ക സഭയുടെ യുക്തിപൂര്‍വ്വമുള്ള രാഷ്ട്രീയ ഇടപെടലുകളാണ് ക്യൂബയില്‍ ജനങ്ങളുടെയും ഭരണാധികാരികളുടെ ഇടയില്‍ ശക്തമായ മതിപ്പ് സഭയ്ക്ക് സമ്പാദിച്ചു നല്‍കിയതെന്ന് ബൗറുഞ്ച് കോളജിലെ റിട്ടയേഡ് പ്രൊഫസര്‍ ടെഡ് ഹെന്‍ക് വിലയിരുത്തുന്നു.

വിപ്ലവനായകന്‍റെ കാലശേഷമുള്ള ക്യൂബയില്‍ ശക്തമായി സുവിശേഷം പ്രഘോഷിക്കുവാനും സാമൂഹിക മാറ്റങ്ങള്‍ക്ക് തങ്ങളുടെതായ ഇടപെടലുകള്‍ നടത്തുവാനും കത്തോലിക്ക സഭ തയ്യാറെടുക്കുകയാണെന്ന്‍ നിരീക്ഷകര്‍ പറയുന്നു. 2010-ലെ കണക്കുകള്‍ പ്രകാരം രാജ്യത്തിലെ 60% ജനങ്ങളും കത്തോലിക്ക വിശ്വാസികളാണ്.

More Archives >>

Page 1 of 111