News - 2024

ലോകത്തില്‍ സമാധാനം സൃഷ്ടിക്കുവാന്‍ എല്ലാവരും പരിശ്രമിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 26-12-2016 - Monday

വത്തിക്കാന്‍: തന്റെ ക്രിസ്തുമസ് ദിന സന്ദേശത്തില്‍ ലോക സമാധാനത്തിനായുള്ള പ്രത്യേക അഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. തീവ്രവാദവും, അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നുള്ള സംഘര്‍ഷവും, അനീതിയുമെല്ലാം ലോകത്തില്‍ അസമാധാനം സൃഷ്ടിക്കുകയാണെന്ന് മാര്‍പാപ്പ പറഞ്ഞു. നാല്‍പതിനായിരത്തില്‍ പരം വിശ്വാസികളാണ് ഇന്നലെ മാര്‍പാപ്പയുടെ പ്രസംഗം കേള്‍ക്കുവാന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തുകൂടിയത്. യുദ്ധവും, തീവ്രവാദ ഭീഷണിയും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ക്രിസ്തുമസിന്റെ പ്രത്യേക സമാധാനം ആശംസിച്ചാണ് പാപ്പ തന്റെ പ്രസംഗം ആരംഭിച്ചത്.

"ദൈവപുത്രന്റെ മനുഷ്യനായുള്ള ജനനത്തെ ആഹ്ലാദപൂര്‍വ്വം കൊണ്ടാടുന്ന ദിവസമാണ് ഇന്ന്. സമാധാനത്തിന്റെ രാജകുമാരനാണ് ദൈവപുത്രന്‍. അസാമാധാനത്തിന്റെ വിത്തുകള്‍ വിതയ്ക്കപ്പെടുന്ന ലോകത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. ദൈവത്തിന്റെ സമാധാനം പീഡനമനുഭവിക്കുന്ന ജനതകളുടെ മധ്യത്തിലേക്ക് ഇറങ്ങി ചെല്ലട്ടെ". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

ലോകത്തിന്റെ വിവിധ കോണുകളില്‍ ക്ലേശമനുഭവിക്കുന്ന ജനതകളെ തന്റെ പ്രസംഗത്തില്‍ മാര്‍പാപ്പ പ്രത്യേകം പേരെടുത്ത് പറഞ്ഞാണ് അവര്‍ക്കുള്ള ക്രിസ്തുമസിന്റെ സമാധാന സന്ദേശം ആശംസിച്ചത്. യുദ്ധം മൂലം സങ്കടത്തോടെയും, ഭീതിയോടെയും ക്രിസ്തുമസിനെ വരവേല്‍ക്കുന്ന സിറിയന്‍ ജനതയെയാണ് പാപ്പ ആദ്യം അനുസ്മരിച്ചത്. സമാധാനത്തിന്‍റെ പുതിയൊരു അദ്ധ്യായം ചരിത്രത്തില്‍ തുറക്കാനുമുള്ള ബോധ്യവും ധൈര്യവും ഇസ്രായേല്‍ പലസ്തീന്‍ രാഷ്ട്രങ്ങള്‍ക്ക് ഉണ്ടാവട്ടെയെന്ന്‍ പാപ്പ അനുസ്മരിച്ചു.

ഇറാഖ്, യെമന്‍, ലിബിയ, നൈജീരിയ, ഉത്തരകൊറിയ, കോംങ്കോ, മ്യാന്‍മാര്‍, യുക്രൈന്‍, കൊളംമ്പിയ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളെയും പേരെടുത്ത് പറഞ്ഞാണ് തന്റെ സമാധാന സന്ദേശം മാര്‍പാപ്പ അറിയിച്ചത്. തീവ്രവാദി ആക്രമണങ്ങളിലും, യുദ്ധങ്ങളിലും ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കളെയും മാര്‍പാപ്പ പ്രത്യേകം ആശ്വസിപ്പിച്ചു. അഭയാര്‍ത്ഥികള്‍, രാജ്യത്തു നിന്നും പുറത്താക്കപ്പെട്ടവര്‍, കുടിയേറ്റക്കാര്‍, മനുഷ്യകടത്തിന് വിധേയരായവര്‍ തുടങ്ങിയവരെയും തന്റെ ക്രിസ്തുമസ് സമാധാന സന്ദേശത്തില്‍ മാര്‍പാപ്പ സ്മരിച്ചു.

യുദ്ധമുഖത്ത് വേദനിക്കുന്ന കുഞ്ഞുങ്ങളെ ഓര്‍ക്കുന്നതായി പറഞ്ഞ പരിശുദ്ധ പിതാവ്, കുട്ടികള്‍ക്ക് വേണ്ടിയെങ്കിലും നല്ലൊരു നാളെയെ സൃഷ്ടിക്കുവാന്‍ മുതിര്‍ന്നവര്‍ കടപ്പെട്ടവരാണെന്ന ഓര്‍മ്മപ്പെടുത്തി. തന്റെ സന്ദേശം അവസാനിപ്പിച്ചത്.

More Archives >>

Page 1 of 120