News - 2025
ഓശാന ഞായറില്‍ ഒലിവുചില്ലകളേന്താന് കാന്തല്ലൂർ കുരിശുപള്ളി തയാറെടുക്കുന്നു
സ്വന്തം ലേഖകന്‍ 08-04-2017 - Saturday
തൊടുപുഴ: ജയ് വിളികളോടെ ഒലിവു ചില്ലകളുമായി ജനം യേശുവിനെ ജറുസലേം ദേവാലയത്തിലേക്ക് എതിരേറ്റതിനെ അനുസ്മരിക്കുന്ന ഓശാന ഞായര്‍ ശുശ്രൂഷയില്‍ സാധാരണ കുരുത്തോലകളാണു പള്ളികളിൽ ഉപയോഗിക്കുന്നത്. എന്നാല്‍ ഇടുക്കി രൂപതയിലെ കാന്തല്ലൂർ വേളാങ്കണ്ണി മാതാ പള്ളിയിൽ കുരുത്തോലയല്ല ഉപയോഗിക്കുക. നാളെ ഓശാനത്തിരുനാളിനു വിശ്വാസികൾ കൈകളിലേന്തുന്നത് ഒലിവുചില്ലകളാണ്.
കാന്തല്ലൂർ എസ്എച്ച് ഹൈസ്കൂളിലെ അധ്യാപകനും പ്രമുഖ കർഷകനുമായ ജോർജ് ജോസഫ് തോപ്പിലാണ് തന്റെ കൃഷിയിടത്തിൽനിന്നുള്ള ഒലിവു ചില്ലകൾ വിശ്വാസികൾക്കു നല്കാന് പള്ളിയിലെത്തിക്കുന്നത്. മൂന്നു വർഷം മുൻപ് ഗ്രീസിൽനിന്നു സുഹൃത്ത് കൊണ്ടുവന്നു കൊടുത്ത ഒലിവ് തൈ ജോർജ് ജോസഫ് പ്രത്യേക ശ്രദ്ധ കൊടുത്താണ് വളർത്തിയത്. ശിഖിരങ്ങളോടെ 12 അടി ഉയരത്തിലാണ് തൈ സ്ഥിതി ചെയ്യുന്നത്.
ജൈവകൃഷിയിൽ ഏറെ ശ്രദ്ധ നല്കുന്ന ജോര്‍ജ്ജ് മാഷ് ആപ്പിൾ ഉൾപ്പെടെയുള്ള ഫലവൃക്ഷത്തോട്ടത്തോടു ചേർത്താണ് ഒലിവു മരവും വളര്‍ത്തുന്നത്. ജോര്‍ജ്ജിനു പൂര്‍ണ്ണ പിന്തുണയുമായി ഭാര്യ ജെസിയും കൃഷിയിൽ സജീവമാണ്. എൽപി സ്കൂൾ അധ്യാപികയാണ് ജെസി. കാന്തല്ലൂർ സെന്റ് മേരീസ് പള്ളിയുടെ കുരിശുപള്ളിയായ വേളാങ്കണ്ണി പള്ളിയിൽ നാളെ രാവിലെ ആറിനു വികാരി ഫാ. ജോസഫ് പവ്വത്ത് ചില്ലകൾ വെഞ്ചരിച്ചു നൽകും.