Meditation. - June 2024

സ്‌നാപകയോഹന്നാനെ പോലെ ആത്മാവിൽ നിറഞ്ഞ് ക്രിസ്തുവിനെ പ്രഘോഷിക്കാം

സ്വന്തം ലേഖകന്‍ 26-06-2024 - Wednesday

"പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍, പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവകോപം അവന്റെ മേല്‍ ഉണ്ട്" (യോഹ 3: 36).

യേശു ഏകരക്ഷകൻ: ജൂൺ 26
ഈ ലോകത്തിന്റെ മോഹങ്ങൾക്ക് അടിമപ്പെടാതെയും, ആരുടെയും മുഖം നോക്കാതെയും ക്രിസ്തുവിനെക്കുറിച്ചുള്ള സത്യങ്ങൾ സ്‌നാപകയോഹന്നാൻ ധൈര്യപൂർവ്വം ലോകത്തോടു വിളിച്ചു പറഞ്ഞു. മറ്റുള്ളവരുടെ മുൻപിൽ താൻ ശ്രദ്ധിക്കപ്പെടാതിരിക്കാനും ലോകം മുഴുവനും ക്രിസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വേണ്ടി "അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം" എന്നു പറഞ്ഞുകൊണ്ട് സ്നാപകയോഹന്നാൻ രക്ഷകനെ പ്രഘോഷിച്ചു. ഇത് എല്ലാ വചനപ്രഘോഷകരും മാതൃകയാക്കേണ്ടതാണ്.

ദൈവപുത്രന്‍റെ ഭൂമിയിലേക്കുള്ള ആഗമനം അതിപ്രധാനമായ മഹാസംഭവമായിരുന്നു. അതിനുവേണ്ടി നൂറ്റാണ്ടുകളിലൂടെ ലോകത്തെ ഒരുക്കുവാന്‍ ദൈവം തിരുമനസ്സായി. ആദ്യ ഉടമ്പടിയുടെ അനുഷ്ഠാനങ്ങളും, ബലികളും പ്രതിരൂപങ്ങളും പ്രതീകങ്ങളുമെല്ലാം അവിടുന്നു ക്രിസ്തുവിലേക്ക് കേന്ദ്രീകരിച്ചു. ഇസ്രായേലില്‍ തുടരെത്തുടരെ വന്ന പ്രവാചകന്മാര്‍ മുഖേന, ദൈവം അവിടുത്തെക്കുറിച്ചു അറിയിപ്പു നല്‍കുന്നു. ഇതിനുംപുറമേ, അവിടുത്തെ ആഗമനത്തെക്കുറിച്ചുള്ള ഒരു മങ്ങിയ പ്രതീക്ഷ വിജാതീയരുടെ ഹൃദയങ്ങളിലും ദൈവം ഉണര്‍ത്തിയിരുന്നു.

വചനം മാംസമായി ഈ ഭൂമിയിലേക്ക് ഒരുദിവസം വെറുതെ അവതരിക്കുകയല്ല ചെയ്‌തത്‌. പിന്നെയോ, അതിനായി ഈ ലോകത്തെ ദൈവം പ്രത്യേകമാം വിധം ഒരുക്കി. ഇപ്രകാരമുള്ള ഒരു ഒരുക്കം എല്ലാ വചനപ്രഘോഷണങ്ങൾക്കും ആത്മീയ ശുശ്രൂഷകൾക്കും ആവശ്യമാണ്. വചനം പ്രഘോഷിക്കപ്പെടുന്ന സ്ഥലങ്ങളും സാഹചര്യങ്ങളും പ്രത്യേകമാം വിധം ക്രമീകരിക്കപ്പെടുന്നതിനും, വചനം ശ്രവിക്കുന്നവരുടെ ഹൃദയങ്ങൾ ക്രിസ്തുവിനെ സ്വീകരിക്കാൻ ഒരുങ്ങുന്നതിനും വേണ്ടി പ്രത്യേക പ്രാർത്ഥനയും ഉപവാസവും ആവശ്യമാണ്.

കര്‍ത്താവിന്‍റെ വരവിനു തൊട്ടുമുന്‍പ് അവിടുത്തെ വഴി ഒരുക്കുവാനായി അയയ്ക്കപ്പെട്ട മുന്നോടി ആയിരുന്നു സ്നാപകയോഹന്നാന്‍. അത്യുന്നതന്‍റെ പ്രവാചകനായ യോഹന്നാന്‍, പ്രവാചകന്മാരില്‍ അവസാനത്തേതെങ്കിലും, അവരെല്ലാവരെയുംകാള്‍ ഉന്നതനായിരുന്നു. യോഹന്നാന്‍ സുവിശേഷം ഉദ്ഘാടനം ചെയ്യുന്നു; മാതൃഗര്‍ഭത്തില്‍ വച്ചു തന്നെ ക്രിസ്തുവിന്‍റെ ആഗമനം സ്വാഗതം ചെയ്യുന്നു: "മണവാളന്‍റെ മിത്രം" ആയിരിക്കുന്നതില്‍ സന്തോഷിക്കുകയും ചെയ്യുന്നു.

"ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്" എന്നാണ് അദ്ദേഹം ക്രിസ്തുവിനെ ലോകത്തിനു പരിചയപ്പെടുത്തിയത്. ഏലിയായുടെ ചൈതന്യത്തോടും ശക്തിയോടുംകൂടെ യേശുവിനു മുന്‍പേ രംഗപ്രവേശം ചെയ്ത യോഹന്നാന്‍ പ്രസംഗത്തിലൂടെയും മാനസാന്തരത്തിന്‍റെ മാമ്മോദീസയിലൂടെയും രക്തസാക്ഷിത്വത്തിലൂടെയും അവിടുത്തേക്കു സാക്ഷ്യം വഹിക്കുന്നു.

വിചിന്തനം
ഓരോ വര്‍ഷവും ക്രിസ്തുവിന്റെ മുന്നോടിയായ യോഹന്നാന്‍റെ ജനനവും രക്തസാക്ഷിത്വവും ഘോഷിച്ചുകൊണ്ട്, സഭ അദ്ദേഹത്തിന്‍റെ ആഗ്രഹത്തോടു ഐക്യപ്പെടുന്നു: "അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം". ഇപ്രകാരം സ്വയം കുറയുവാനും തന്നിലും മറ്റുള്ളവരിലും ക്രിസ്തു വളരുവാനുമുള്ള തീവ്രമായ അഭിലാഷത്താൽ ഓരോ വചനപ്രഘോഷകരും നിറയുവാൻ വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »