Meditation. - July 2024
യേശുക്രിസ്തുവിലൂടെ പ്രകടമാക്കപ്പെട്ട "ദൈവത്തിന്റെ സര്‍വ്വശക്തി"
സ്വന്തം ലേഖകന്‍ 17-07-2023 - Monday
"വിളിക്കപ്പെട്ടവര്‍ക്ക് - യഹൂദരോ ഗ്രീക്കുകാരോ ആകട്ടെ-ക്രിസ്തു ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമാണ്" (1 കോറി 1: 24).
യേശു ഏകരക്ഷകൻ: ജൂലൈ 17
ദൈവത്തിന്റെ എല്ലാ ഗുണവിശേഷങ്ങളിലും വച്ചു അവിടുത്തെ 'സര്‍വ്വശക്തി' മാത്രമാണ് വിശ്വാസപ്രമാണത്തില്‍ പരാമര്‍ശിക്കപ്പെടുന്നത്. കാരണം ദൈവത്തിന്റെ എല്ലാ ഗുണഗുണങ്ങളും അവിടുത്തെ സര്‍വ്വശക്തിയില്‍ അടങ്ങിയിരിക്കുന്നു. ഈ ശക്തി ഏറ്റുപറയുന്നതിന് നമ്മുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. എല്ലാം സൃഷ്ട്ടിച്ചവനും എല്ലാറ്റിനെയും ഭരിക്കുന്നവനും, എല്ലാം ചെയ്യാന്‍ കഴിവുള്ളവനുമാണ് ദൈവം. ദൈവത്തിന്റെ ശക്തി സ്നേഹമന്വിതവും രഹസ്യാത്മകവുമാണ്. ബലഹീനതയില്‍ പൂര്‍ണ്ണമാക്കപ്പെടുന്ന അവിടുത്തെ ശക്തിയെ വിശ്വാസത്തിന്റെ ദൃഷ്ടികള്‍ കൊണ്ട് മാത്രമേ നമ്മുക്ക് മനസ്സിലാക്കാന്‍ സാധിക്കൂ.
ദൈവത്തിന്റെ സര്‍വ്വശക്തിയെ വിശുദ്ധ ഗ്രന്ഥം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു, "യാക്കോബിന്റെ ശക്തനായവന്‍", "സൈന്യങ്ങളുടെ കര്‍ത്താവ്", "ബലവാനും ശക്തനുമായവന്‍" എന്നിങ്ങനെ ബൈബിള്‍ ദൈവത്തെ പ്രകീര്‍ത്തിക്കുന്നു. അങ്ങനെ ആകാശത്തിലും ഭൂമിയിലും ദൈവം സര്‍വ്വശക്തനാണ്. കാരണം അവിടുന്ന് അവയെ സൃഷ്ട്ടിച്ചു. ദൈവം പ്രപഞ്ചത്തിന്റെ നാഥനാണ്. അവിടുന്നാണ് അതിന്റെ ക്രമം നിശ്ചയിച്ചിരിക്കുന്നത്. അത് പൂര്‍ണ്ണമായും അവിടുത്തെ നിയന്ത്രണത്തിലാണ്. മനുഷ്യഹൃദയങ്ങളെയും ലോകസംഭവങ്ങളെയും അവിടുന്ന് സ്വന്തം ഇഷ്ട്ടമനുസരിച്ച് ഭരിക്കുന്നു.
ദൈവം സര്‍വ്വശക്തനായ പിതാവാകുന്നു. "ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്‍മാരും പുത്രികളും ആയിരിക്കും എന്നു സര്‍വശക്തനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു" (2 കോറി 6: 18). യേശുക്രിസ്തുവിലൂടെ നമ്മെ മക്കളായി സ്വീകരിച്ചുകൊണ്ടും നമ്മുടെ ആവശ്യങ്ങളില്‍ സഹായിച്ചു കൊണ്ടും ദൈവം തന്റെ പിതൃസഹജമായ സര്‍വ്വശക്തി പ്രകടമാക്കുന്നു. തന്റെ അനന്തകാരുണ്യത്തില്‍ ഉദാരമായി നമ്മുടെ പാപങ്ങള്‍ പൊറുത്തുകൊണ്ട് അവിടുന്ന് തന്റെ ശക്തി അതിന്റെ ഔന്നത്യത്തില്‍ വെളിപ്പെടുത്തുന്നു.
പിതാവായ ദൈവം തന്റെ പുത്രനായ യേശുക്രിസ്തു സ്വമേധയാ ഏറ്റെടുത്ത നിന്ദാപമാനങ്ങളിലൂടെയും ഉത്ഥാനത്തിലൂടെയും തിന്മയെ പരാജയപ്പെടുത്തി കൊണ്ട് തന്റെ സര്‍വ്വശക്തി ഏറ്റവും അഗ്രാഹ്യമാം വിധം വെളിപ്പെടുത്തി. ക്രൂശിതനായ ക്രിസ്തു ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമാകുന്നു. അവിടുത്തെ പുനരുത്ഥാനത്തിലും മഹത്ത്വീകരണത്തിലും പിതാവ് നമ്മുക്ക് വേണ്ടി തന്റെ ശക്തി പ്രകടിപ്പിക്കുകയും തന്റെ ശക്തിയുടെ മഹത്വം എത്ര സമുന്നതമാണെന്ന്‍ ലോകത്തിന് കാണിച്ചുകൊടുക്കുകയും ചെയ്തു.
വിചിന്തനം
ക്രൂശിതനായ ക്രിസ്തു ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമാകുന്നു എന്നു തിരിച്ചറിയുന്നതാണ് യഥാര്‍ത്ഥ വിശ്വാസം. ദൈവസ്നേഹം സര്‍വ്വശക്തമാണെന്നു നാം വിശ്വസിക്കുന്നില്ലെങ്കില്‍ ദൈവപിതാവും നമ്മെ സൃഷ്ട്ടിച്ചുവെന്നും പുത്രന്‍ നമ്മെ രക്ഷിച്ചുവെന്നും പരിശുദ്ധാത്മാവ് നമ്മേ പവിത്രീകരിച്ചുവെന്നും വിശ്വസിക്കുവാന്‍ നമുക്ക് എങ്ങനെ കഴിയും? അതിനാല്‍ പരിശുദ്ധ കന്യകാമറിയത്തെപ്പോലെ "ദൈവത്തിനു യാതൊന്നും അസാധ്യമല്ല" എന്നു വിശ്വസിക്കുകയും "ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്ധമാണ്" എന്നു ദൈവത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യാം.
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.