News - 2025
അമേരിക്കയിൽ ഗർഭച്ഛിദ്രം കുറയുന്നു; നിയമവിധേയമാക്കിയ ശേഷം ഗർഭച്ഛിദ്രത്തിലൂടെ കൊല ചെയ്യപ്പെട്ടത് 58 ലക്ഷം കുഞ്ഞുങ്ങൾ
അഗസ്റ്റസ് സേവ്യർ 19-01-2016 - Tuesday
അമേരിക്കയിൽ ഗർഭച്ഛിദ്രം കുറയുന്നതായി നാഷണൽ റൈറ്റ് റ്റു ലൈഫ് കമ്മറ്റിയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗവൺമെന്റ് സ്ഥാപനമായ Centers for Disease Control and Prevention പുറത്തുവിട്ട കണക്കനുസരിച്ച്, 1989-ൽ 16 ലക്ഷം ഗർഭച്ഛിദ്രങ്ങൾ നടന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ 10 ലക്ഷം മാത്രമേ നടന്നിട്ടുള്ളു എന്ന് വ്യക്തമാകുന്നു.
ആയിരം പ്രസവങ്ങൾ നടക്കുമ്പോൾ 210 ഗർഭച്ഛിദ്രങ്ങൾ നടക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. Planned Parenthood ക്ലിനിക്കുകളിൽ പക്ഷേ, ഗർഭച്ഛിദ്രം പേൽസാഹിപ്പിക്കുകയും ദശലക്ഷക്കണക്കിന് ഡോളറിന്റെ ലാഭമുണ്ടാക്കുകയും ചെയ്തതായി നാഷണൽ റൈറ്റ് റ്റു ലൈഫ് കമ്മറ്റിയുടെ പ്രസിഡന്റ് കരോൾ ടോബിയാസ് അറിയിച്ചു.
Planned Parenthood-നുള്ള ഗവൺമെന്റ് ധനസഹായം അവസാനിപ്പിക്കണമെന്നാണ് നാഷണൽ റൈറ്റ് റ്റു ലൈഫ് കമ്മറ്റി (NRLC) ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രസ്തുത ക്ലിനിക്കുകൾക്ക് ധനസഹായം നിറുത്തലാക്കി കൊണ്ടുള്ള ഒരു ബിൽ പ്രസിഡന്റ് ഒബാമ വീറ്റോ ഉപയോഗിച്ച് പരാജയപ്പെടുത്തുകയുണ്ടായി.
"ഇതാദ്യമായാണ് അത്തരം ക്ലിനിക്കുകൾക്ക് ധനസഹായം നിറുത്തലാക്കാനുള്ള ഒരു ബിൽ കോൺഗ്രസിൽ വരുന്നത്. പുതു ജീവിതത്തെ നശിപ്പിക്കുന്നതിനു പകരം പിന്തുണയ്ക്കുന്ന ഒരു പ്രസിഡന്റ് നമുക്ക് ഇല്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം." NRLC-യുടെ ലെജിസ്ലേറ്റീവ് ഡയറക്ടർ ഡഗ്ളസ് ജോൺസൺ പറഞ്ഞു.
പുതു ജീവനെ പിന്തുണയ്ക്കുന്ന ഒരു കോൺഗ്രസാണ് ഇപ്പോഴുള്ളത് എന്ന് ജോൺസൺ കൂട്ടിച്ചേർത്തു. പക്ഷേ, പ്രസിഡന്റിന്റെ വീറ്റോയെ പരാജയപ്പെടുത്താനുള്ള സെനറ്റ് വോട്ട് ലഭ്യമാക്കാനായില്ല. അങ്ങനെയാണ് ബിൽ പരാജയപ്പെട്ടത്.
ഈ വിഷയത്തിൽ ജനുവരി 26-ാം തിയതി നടക്കാൻ പോകുന്ന വേട്ടെടുപ്പും പ്രസിഡന്റിന്റെ വീറ്റോയ്ക്ക് മുന്നിൽ പരാജയപ്പെടാനാണ് സാധ്യത എന്ന് ജോൺസൺ അറിയിച്ചു. ലഭ്യമായ കണക്കുകൾ അനുസരിച്ച്, ഗർഭച്ഛിദ്രത്തിന് വിധേയരായവരിൽ 14.7 ശതമാനം മാത്രമാണ് വിവാഹിതർ. 85 ശതമാനത്തിനു മുകളിൽ ഗർഭച്ഛിദ്രങ്ങൾ അവിവാഹിതരായ സ്ത്രീകളിലാണ് നടത്തപ്പെട്ടത്.
1973-ൽ ഗർഭച്ഛിദ്രം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷം, 424 സ്ത്രീകൾ നിയമ വിധേയമായ ഗർഭച്ഛിദ്ര ശ്രമങ്ങൾക്കിടയിൽ മരണമടഞ്ഞിട്ടുണ്ട്. ഗർഭച്ഛിദ്രം നിയമവിധേയമാക്കിയ ശേഷം 58 ലക്ഷം കുഞ്ഞുങ്ങൾ ഗർഭാവസ്ഥയിൽ കൊല ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് കണക്കുകൾ പറയുന്നു. അതിന് വിധേയരായ അമ്മമാരുടെ മനസ്സിലേറ്റ ആഘാതം കണക്കുകളിൽ വിവരിക്കാനാവില്ല.
ഗർഭച്ഛിദ്രം അവസാനിപ്പിക്കുന്നതിൽ തങ്ങൾ അവസാനംജയിക്കുക തന്നെ ചെയ്യുമെന്ന് കരോൾ ടോബിയാസ് പ്രത്യാശ പ്രകടിപ്പിച്ചു.
(Source: Catholic Herald)