News - 2025
നാസീ പീഢന ക്യാമ്പില്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി മരണമടഞ്ഞ ഫാദര്‍ എയ്ജൽമാർ യുൻസീറ്റീഗിനെ ഫ്രാന്‍സിസ് പാപ്പ രക്തസാക്ഷിയായി പ്രഖ്യാപിച്ചു.
സ്വന്തം ലേഖകന്‍ 27-01-2016 - Wednesday
71 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാസീ പീഢന ക്യാമ്പില്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി മരണമടഞ്ഞ ഫാദര്‍ എയ്ജൽമാർ യുൻസീറ്റീഗിനെ ഫ്രാന്‍സിസ് പാപ്പ രക്തസാക്ഷിയായി പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ജനുവരി 21 നായിരിന്നു പ്രഖ്യാപനം. ഈ പ്രഖ്യാപനത്തോടെ അദ്ദേഹത്തെ വിശുദ്ധനായി വാഴിക്കാനുള്ള പാത തുറക്കുകയാണ്.
ഹിറ്റ്ലർ യഹൂദരെ കൂട്ടക്കൊല ചെയ്യുന്നതിനെതിരെയും നാസികളുടെ വ്യാജ പ്രചരണങ്ങൾക്ക് എതിരെയും, ക്രൈസ്തവ സമൂഹത്തെ ഉപദേശിച്ചതിന്റെ പേരില്‍, 1941 ഏപ്രിൽ 21-ന്, ജർമ്മനിയിലും ഓസ്ട്രിയയിലും പൗരോഹിത്യവൃത്തിയിലേർപ്പെട്ടിരുന്ന ഫാദർ എയ്ജൽമാർ യുൻസീറ്റീഗിനെ നാസികൾ അറസ്റ്റ് ചെയ്തു. 'ലോകത്തിലെ ഏറ്റവും വലിയ ആശ്രമം' എന്നറിയപ്പെട്ടിരുന്ന ദഷ്യവിലെ നാസി പീഡനകേന്ദ്രത്തിലേക്കാണ് അവർ അദ്ദേഹത്തെ എത്തിച്ചത്. അന്ന് ക്യാമ്പിൽ ഏകദേശം 2700 വൈദീകർ തടങ്കലിൽ ഉണ്ടായിരുന്നു. തടവുകാരിലേറയും പോളണ്ടിൽ നിന്നുള്ള പുരോഹിതർ.
പട്ടം ലഭിച്ച് രണ്ടു വർഷം കഴിഞ്ഞപ്പോളാണ്, 30-മത്തെ വയസ്സിൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്. ചെക് റിപ്പബ്ലിക്കിൽ, 1911-ലാണ് അദ്ദേഹം ജനിച്ചത്. 18-മത്തെ വയസ്സിൽ അദ്ദേഹം സെമിനാരിയിൽ ചേർന്നു. ''ആരും പോകുന്നില്ലെങ്കിൽ, ഞാൻ പോകാം" എന്ന ആപ്തവാക്യം സ്വീകരിച്ച 'മരിയൻ ഹിൽ മിഷൻ സൊസൈറ്റി'യിൽ പുരോഹിതനായി. കിഴക്കൻ യൂറോപ്പിൽ നിന്നും എത്തുന്ന തടവുകാരെ സഹായിക്കാനായി, അദ്ദേഹം ക്യാമ്പിൽ വച്ച് റഷ്യൻ ഭാഷ പഠിച്ചു. ആ സമയത്ത് തന്നെ, ക്യാമ്പിൽ അദ്ദേഹം വിശുദ്ധൻ എന്ന് എന്നു പേരെടുത്തിരിന്നു.
ക്യാമ്പിൽ പുരോഹിതരുടെ നേരെയുള്ള നാസികളുടെ പെരുമാറ്റം വാക്കുകള്‍ക്ക് അതീതമായിരുന്നു. ചുരുക്കം സമയം ആരാധനയ്ക്ക് അനുവാദം നൽകും. മറ്റു ചിലപ്പോൾ ദ്രോഹിക്കും. ഒരു ദുഖവെള്ളിയാഴ്ച്ച നാസികൾ ആഘോഷിച്ചത് വൈദീകരെ പീഡിപ്പിച്ചു കൊണ്ടായിരുന്നു. ഫാദർ യുൻസീറ്റീഗ് ആരോഗ്യ പ്രശ്നങ്ങളില്ലാതെയാണ് ക്യാമ്പിൽ കഴിഞ്ഞത്. പക്ഷേ, 1945-ൽ ക്യാമ്പിൽ ടൈഫോയിഡ് പടർന്നു പിടിച്ചു. മറ്റെല്ലാവരും കൈയൊഴിഞ്ഞ ടൈഫോയിഡ് ബാരക്കിൽ, സേവനത്തിനായി ഫാദർ യുൻസീറ്റീഗും കൂടെ 19 വൈദീകരും തയ്യാറായി. ടൈഫോയിഡ് ബാരക്കിലെ സേവനം മരണം സ്വയം വരിക്കലാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ഫാദർ യുൻസീറ്റീഗിന്റെ നേതൃത്വത്തിൽ വൈദികർ പ്രവർത്തനനിരതരായത്. രോഗം പിടിപെട്ടവരെ ചികിത്സിച്ചും, ആശ്വസിപ്പിച്ചും, പ്രാർത്ഥിച്ചും, അവർ ടൈഫോയിഡ് ബാരക്കിൽ സേവനം തുടർന്നു.
ഫാദർ തന്റെ സഹോദരിക്കയച്ച എഴുത്തുകളിൽ നിന്നും, അദ്ദേഹം തന്റെ പ്രവർത്തിയിൽ സന്തോഷവും വിശ്വാസവും കണ്ടെത്തിയിരുന്നു എന്ന് കാണാന്‍ സാധിയ്ക്കും. "ഞങ്ങളെ നയിക്കുന്നത് ദൈവാനുഗ്രഹമാണ്. അത് പ്രശ്നങ്ങൾ തരണം ചെയ്യാൻ ഞങ്ങളെ ശക്തരാക്കുന്നു. ദൈവത്തെ സ്നേഹിക്കുന്നവർക്ക്, ദൈവം കരുതിവച്ചിരിക്കുന്ന അനുഗ്രഹത്തെ പറ്റി എല്ലാവർക്കും അറിവുണ്ടായിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു." മറ്റൊരു കത്തിലുള്ളത് ഇങ്ങനെ, "എല്ലാ സഹനത്തിന്റെയും പിന്നിൽ ദൈവസ്നേഹമുണ്ട്. നല്ല മനസ്സുള്ളവർക്ക് അവിടുന്നു സന്തോഷം നൽകും." ടൈഫോയിഡ് ബാരക്കിലെ ജീവിതം അദ്ദേഹത്തെയും രോഗിയാക്കി.1945 മാർച്ച് 2-ാം തിയതി അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തിന്റെ കൂടെ ടൈഫോയിസ് ബാരക്കിൽ സേവനത്തിനിറങ്ങിയ 19 പേരിൽ രണ്ടു പേർ മാത്രമാണ് ടൈഫോയിഡിൽ നിന്നും രക്ഷപെട്ടത്.
ഫ്രാന്‍സിസ് പാപ്പയുടെ പുതിയ തീരുമാനത്തോടെ എയ്ജൽമാർ യുൻസീറ്റീഗിനെ വിശുദ്ധനാക്കാനുള്ള വഴി തുറക്കുകയാണ്. നേരത്തെ 2009-ൽ ബനഡിക്ട് XVI - മൻ മാർപാപ്പ, എയ്ജൽമാർ യുൻസീറ്റീഗിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരിന്നു.
(Source: EWTN News)