News - 2025
മെത്രാൻമാർ പ്രാർത്ഥിക്കാതിരുന്നാൽ ദൈവജനം ദുരിതത്തിലാകും: ഫ്രാൻസിസ് മാർപാപ്പ
സ്വന്തം ലേഖകൻ 26-01-2016 - Tuesday
വെള്ളിയാഴ്ച്ച കാസാ സാന്താ മാർത്തയിൽ ദിവ്യബലിയർപ്പണവേളയിൽ മെത്രാൻമാർക്കു വേണ്ട അടിസ്ഥാന ഗുണങ്ങളെ പറ്റിയാണ് പിതാവ് സംസാരിച്ചത്. ദൈവത്തിന്റെ, ഭൂമിയിലെ പ്രതിനിധികളായ മെത്രാന്മാർ, പ്രാർത്ഥനാനിരതരാകാതെ മറ്റു കാര്യങ്ങളിൽ ശ്രദ്ധിച്ചു നടന്നാൽ, ദൈവ ജനങ്ങളുടെ സ്ഥിതി പരിതാപകരമാകും എന്ന് ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടു.
യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നത് വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിൽ വിവരിക്കുന്നുണ്ട് (3:13-19). അവർ തന്നോടുകൂടെ ആയിരിക്കാൻ യേശു ആഗ്രഹിച്ചു. പിശാചിനു മേൽ അധികാരവുമായി, ദൈവജനത്തിന്റെ രക്ഷയ്ക്കായി, നാനാ ദേശങ്ങളിലേക്കും അയക്കപ്പെടാനാണ് അവർ തിരഞ്ഞെടുക്കപ്പെട്ടത്. ഭൂമിയിലെ ആദ്യത്തെ മെത്രാന്മാരായിരുന്നു അവർ. യൂദാസിന്റെ മരണശേഷം, മത്തിയാസ്, തിരുസഭയുടെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. "യേശുവിന്റെ ഉയർത്തെഴുന്നേൽപ്പിന് സാക്ഷ്യം വഹിക്കുന്ന, തിരുസഭയുടെ നെടുംതൂണുകളാണ് മെത്രാന്മാർ." മാർപാപ്പ പറഞ്ഞു.
"മെത്രാന്മാരായ നമുക്ക്, യേശുവിനെ സാക്ഷ്യം വഹിക്കാനുള്ള ഉത്തരവാദിത്വമുണ്ട്- യേശു ജീവിക്കുന്നു എന്നതിന് സാക്ഷ്യം, യേശു ഉയർത്തെഴുന്നേറ്റു എന്നതിന് സാക്ഷ്യം. യേശു നമ്മുടെ കൂടെ നടക്കുന്നു, യേശു നമ്മെ രക്ഷിക്കുന്നു, യേശു നമുക്കു വേണ്ടി മരണം വരിച്ചു, യേശു നമ്മുടെ പ്രത്യാശയാണ്, യേശു നമ്മുടെ പാപങ്ങൾ പൊറുക്കുന്നു- ഇതിനെല്ലാം സാക്ഷ്യം വഹിക്കുന്നവരാണ് നാം മെത്രാന്മാർ. നമ്മുടെ ജീവിതം യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിന് സാക്ഷ്യമായിരിക്കണം"
"ഒരു മെത്രാന്റെ ആദ്യത്തെ കടമ യേശുവിനൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുക എന്നതാണ്. അജപാലന പദ്ധതികൾ തയ്യാറാക്കുക എന്നതല്ല; പ്രാർത്ഥന, അതു തന്നെയാണ് ഒരു മെത്രാന്റെ ആദ്യത്തെ ചുമതല! മെത്രാന്റെ രണ്ടാമത്തെ ചുമതല സാക്ഷ്യം വഹിക്കുക എന്നതാണ്. യേശു വാഗ്ദാനം ചെയ്തിട്ടുള്ള മോചനത്തെ പറ്റി, ദൈവജനത്തെ അറിയിക്കുക. ഏറ്റവും പ്രധാനപ്പെട്ട ഈ രണ്ടു ചുമതലകളും നിറവേറ്റുമ്പോഴാണ്, ഒരു മെത്രാൻ തിരുസഭയുടെ നെടുംതൂണായി പരിണമിക്കുന്നത്."
"പ്രാഥമികമായ ഈ രണ്ടു കാര്യങ്ങളും അവഗണിച്ചു കൊണ്ട്, ഭരണകാര്യങ്ങൾ മാത്രം ശ്രദ്ധിക്കുന്ന മെത്രാൻ, തിരുസഭയുടെ അടിസ്ഥാന ശിലകൾക്ക് ബലഹീനതയുണ്ടാക്കുന്നു. ദൈവജനം ദുരിതത്തിലേക്ക് പതിക്കുന്നു!"
"ദൈവത്തിന്റെ പ്രതിനിധികളായി വർത്തിക്കുന്ന മെത്രാന്മാരില്ലെങ്കിൽ, തിരുസഭ ദുർബ്ബലമാകും. അതുകൊണ്ടാണ് നമ്മൾ, നമ്മുടെ മെത്രാന്മാർക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് പറയുന്നത്."
"ഞങ്ങൾക്കു വേണ്ടി, നിങ്ങളുടെ മെത്രാന്മാർക്കു വേണ്ടി, പ്രാർത്ഥിക്കുക. കാരണം, ഞങ്ങൾക്കും പാപക്കറയുണ്ട്. ബലഹീനതകളുണ്ട്. തിരഞ്ഞെടുക്കപ്പെട്ട യൂദാസ് പാപം ചെയ്തതുപോലെ, തിരഞ്ഞെടുക്കപ്പെട്ട ഞങ്ങൾക്കും തെറ്റുകൾ സംഭവിക്കാം. ഞങ്ങൾ യേശു ആഗ്രഹിച്ചതു പോലുള്ള ശിഷ്യരാകുവാൻ, നിങ്ങളുടെയെല്ലാം പ്രാർത്ഥന ഞങ്ങൾക്ക് ആവശ്യമാണ്." പ്രഭാഷണം അവസാനിപ്പിച്ചു കൊണ്ട് പിതാവ് പറഞ്ഞു.
(Source: Vatican Radio)