News - 2025
വൈദികന്റെ വാക്കുകൾ നിശബ്ദമായി ശ്രവിച്ചുകൊണ്ടിരിക്കുന്നത് വിശ്വാസത്തിന്റെ തെളിവായി കരുതാനാവുമോ?
സ്വന്തം ലേഖകന്‍ 13-03-2016 - Sunday
വൈദികന്റെ വാക്കുകൾ നിശബ്ദമായി ശ്രവിച്ചുകൊണ്ടിരിക്കുന്നത് വിശ്വാസത്തിന്റെ തെളിവായി കരുതാനാവുമോ? ഫ്രാൻസിസ് മാർപാപ്പയും റോമൻ ക്യൂരിയ അംഗങ്ങളും പങ്കെടുത്ത നോമ്പുകാല ധ്യാനത്തിന്റെ അവസാന പ്രഭാഷണത്തിൽ ധ്യാനഗുരു ഫാദർ എർമിസ് റോഞ്ചിയാണ് ഈ ചോദ്യം മാർപാപ്പായോടും മറ്റുള്ളവരോടും ചോദിച്ചത്. വിശ്വാസികളുടെ സംശയങ്ങളും ചോദ്യങ്ങളും ശക്തമായ വിശ്വാസത്തിന്റെ ലക്ഷണങ്ങളാകാമെന്ന് ഫാദർ റോഞ്ചി അഭിപ്രായപ്പെട്ടു.
"ശക്തമായ സംശയങ്ങൾ ശക്തമായ വിശ്വാസത്തെ സൂചിപ്പിക്കുന്നു" അദ്ദേഹം പറഞ്ഞു.
"വിശ്വാസം ഉറപ്പിക്കാനുള്ള ചോദ്യങ്ങൾ നമ്മെ അലോസരപ്പെടുത്തുന്നുണ്ടാകും. പക്ഷേ, അത് ചോദിക്കുന്നവർ അത് വഴി വലിയ വിശ്വാസത്തിലാണ് എത്തി ചേരുന്നത്. പറഞ്ഞു പഴകിയ ഉത്തരങ്ങൾ ആരെയും തൃപ്തിപ്പെടുത്തുന്നില്ല." മാർച്ച് 11-ാം തീയതിയിലെ അവസാന ധ്യാന പ്രസംഗത്തിൽ ഫാദർ റോഞ്ചി പറഞ്ഞു.
ഗബ്രിയേൽ മാലാഖ കന്യകാമറിയത്തോട് 'നീ ഒരു പുത്രനെ പ്രസവിക്കും' എന്ന ദൈവിക സന്ദേശം അറിയിച്ചപ്പോൾ കന്യകാമറിയം പ്രതിവചിച്ചത് ഒരു ചോദ്യത്തിലൂടെയാണ്. 'അതെങ്ങനെ സാധ്യമാകും?' ഫാദർ റോഞ്ചിയുടെ പ്രഭാഷണത്തിന്റെ കേന്ദ്ര ബിന്ദു കന്യകാമറിയത്തിന്റെ ഈ ചോദ്യമായിരുന്നു.
ദൈവത്തിന്റെ ദാനമായ വിവേകം ഉപയോഗിക്കുന്നത്. ദൈവം രൂപകൽപ്പന ചെയ്ത മനുഷ്യമഹത്വത്തിന്റെ ലക്ഷണമാണ്. കന്യകാമറിയം പ്രതികരിച്ചതു പോലെ, "ഈ നിഗൂഢ രഹസ്യം ഞാൻ അംഗീകരിക്കുന്നു; പക്ഷേ, എങ്ങനെ? എന്നു ചോദിക്കുന്നത് മനുഷ്യമഹത്വമാണ് കാണിക്കുന്നത്.
ദൈവത്തിൽ വിശ്വസിക്കുന്നവരും സ്വന്തം കാര്യങ്ങൾ ദൈവകരങ്ങളിൽ ഏൽപ്പിച്ചു കൊടുക്കുന്നവരുമാണ് ചോദ്യങ്ങൾ ചോദിക്കുന്നത്.
ഒഴിഞ്ഞുകിടക്കുന്ന ശവക്കല്ലറയ്ക്ക് മുന്നിൽ കർത്താവ് പ്രത്യക്ഷപ്പെട്ട് മഗ്ദലന മറിയത്തോട് ചോദിച്ചത് ഇതാണ്, "സ്ത്രീയേ, നീ വിലപിക്കുന്നതെന്തിന്?" ഉയിർത്തെഴുന്നേറ്റ കർത്താവിന്റെ ആദ്യ വാക്കുകൾ അത്യന്തം ഹൃദയവർജകമായിരുന്നു. "നിങ്ങളുടെ കണ്ണുനീരിന്റെ കാരണമെന്ത്? മറ്റെന്തിനെക്കാളും അതാണ് എനിക്ക് പ്രധാനം" കർത്താവ് പറയുന്നു.
ദൈവത്തിന്റെ അനന്തമായ ബോധമണ്ഡലത്തിൽ മനുഷ്യരുടെ പാപങ്ങളല്ല, അവരുടെ കണ്ണീരും കഷ്ടപ്പാടുമാണ് കുറിക്കപ്പെട്ടിരിക്കുന്നത്. കരയുന്നവരുടെ അടുത്തുചെന്ന് അവരെ തൊട്ട് ആശ്വസിപ്പിക്കുക- അതായിരുന്ന കണ്ണീരിനോടുള്ള യേശുവിന്റെ പ്രതികരണം. അതു തന്നെയായിരിക്കണം അദ്ദേഹത്തിന്റെ അനുയായികളുടെ പ്രതികരണവും.
പക്ഷേ, നൂറ്റാണ്ടുകളിലൂടെ കരുണയുടെ പ്രവർത്തികൾ രൂപാന്തരം പ്രാപിച്ച്, ഭാരമേറിയ ഒരു ഉത്തരവാദിത്വമായി മാറിയിരിക്കുന്നു. ഇപ്പോൾ പലരും നന്മ ചെയ്യുന്നത്, കിട്ടാൻ പോകുന്ന മോക്ഷത്തിന്റെ വിലയായി കാണാൻ തുടങ്ങിയിരിക്കുന്നു.
വ്യഭിചാര കുറ്റത്തിന് പിടിക്കപ്പെട്ട സ്ത്രീയെ കല്ലെറിയാൻ കൂടിയ ജനക്കൂട്ടത്തോട് യേശു പറഞ്ഞു, "നിങ്ങളിൽ പാപം ചെയ്യാത്തവർ (ആദ്യത്തെ) കല്ല് എറിയട്ടെ." സമൂഹത്തിന്റെ കപടമുഖം പുറത്തു കൊണ്ടുവരുന്ന സന്ദർഭമാണത്. ആദ്യത്തെ കല്ലെറിയാൻ ആരും തയ്യാറാകുന്നില്ല.
സ്വന്തം കുറ്റം മറച്ചു വച്ച് മറ്റുള്ളവരുടെ കുറ്റം ചൂണ്ടി കാണിക്കാൻ ശ്രമിക്കുന്ന സമൂഹമാണിത്. രാജ്യങ്ങളിലും സമൂഹങ്ങളിലും സമാധാനഭംഗം സൃഷ്ടിക്കുന്നത് ഈ മനോഭാവമാണെന്ന് ഫാദർ റോഞ്ചി അഭിപ്രായപ്പെട്ടു.