India - 2024

ജലന്ധറിലെ സാമ്പത്തിക തിരിമറി: സീനിയര്‍ എസ്‌പിയെ നീക്കി

സ്വന്തം ലേഖകന്‍ 05-05-2019 - Sunday

ജലന്ധര്‍: ജലന്ധര്‍ രൂപതയിലെ സഹോദയ സൊസൈറ്റിയുടെ പണം ഫാ. ആന്റണി മാടശേരിയില്‍ നിന്നു പിടിച്ചെടുത്ത സംഭവത്തിലെ തട്ടിപ്പിന്റെ പേരില്‍ ഖന്ന സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് ധ്രുവ് ദഹിയയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തല്‍സ്ഥാനത്തുനിന്നു നീക്കി. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലീസിലെ രണ്ട് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ കൊച്ചിയില്‍ അറസ്റ്റിലായതിനു പിന്നാലെയാണ് കമ്മീഷന്റെ നടപടി. പോലീസ് സേനയെ മുഴുവന്‍ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന നീക്കങ്ങളാണ് ദഹിയയുടെ ഭാഗത്തു നിന്നുണ്ടായതെന്നു ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കഴിഞ്ഞ മാര്‍ച്ച് 29നു ജലന്ധര്‍ രൂപത വൈദികന്‍ ഫാ. ആന്റണി മാടശേരി സഹോദയ സൊസൈറ്റിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനായി ബാങ്ക് ഉദ്യോഗസ്ഥര്‍ക്കൊപ്പം പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണു പോലീസെത്തി പണം പിടിച്ചെടുത്തത്. വിവിധ സ്‌കൂളുകള്‍ക്കുള്ള സഹോദയ ബുക്ക് സൊസൈറ്റിയുടെ അക്കൗണ്ടില്‍ അടയ്ക്കുന്നതിനുള്ളതായിരുന്നു തുക. പോലീസ് പിടിച്ചെടുത്ത 16.65 കോടി രൂപയില്‍ 6.66 കോടി രൂപ കാണാതായെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പണം തട്ടിച്ചെന്ന് സ്ഥിരീകരിച്ചത്.

തുടര്‍ന്നു ഇവര്‍ ഒളിവില്‍ പോയെങ്കിലും കൊച്ചിയില്‍ പിടിയിലാകുകയായിരിന്നു. അതേസമയം കൊച്ചിയില്‍നിന്ന് അറസ്റ്റിലായ ജോഗീന്ദര്‍സിംഗ്, രാജ്പ്രീത് സിംഗ് എന്നീ എഎസ്‌ഐമാരില്‍നിന്നു വെള്ളിയാഴ്ച രണ്ടു കോടി രൂപ കൂടി കണ്ടെടുത്തു. ഇതോടെ കണ്ടെടുത്ത തുക 4.38 കോടി രൂപയായി. 6.65 കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.


Related Articles »