Life In Christ - 2024

ക്രിസ്തീയ നയത്തിലൂടെ പുത്തന്‍ ചരിത്രം സൃഷ്ടിച്ച് ഹംഗറി

സ്വന്തം ലേഖകന്‍ 04-04-2019 - Thursday

വാഷിംഗ്ടണ്‍ ഡി‌സി/ബുഡാപെസ്റ്റ്: ക്രൈസ്തവ മൂല്യങ്ങള്‍ക്കു പ്രാധാന്യം നല്‍കി ഭ്രൂണഹത്യകളുടെ മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും പരമ്പരാഗത കുടുംബങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകിയും ഹംഗറി നടപ്പിലാക്കിയ പദ്ധതികൾ യൂറോപ്യന്‍ സമൂഹത്തിന് മുന്നില്‍ പുതുചരിത്രമാകുന്നു. ക്രൈസ്തവ വിശ്വാസത്തിനു മാത്രമേ പുതിയ യൂറോപ്പ് കെട്ടിപ്പെടുക്കാൻ സാധിക്കൂ എന്നു കരുതുന്ന ഹംഗറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബന്റെ നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.

കുറച്ചു നാളുകൾക്കു മുൻപാണ് ജനനനിരക്ക് പ്രോത്സാഹിപ്പിക്കാനായി അമ്മമാർക്ക് മൂന്നുവർഷം പ്രസവാവധി സർക്കാർ പ്രഖ്യാപിച്ചത്. നാലിൽ കൂടുതൽ കുട്ടികളുള്ള അമ്മമാർ ഇൻകം ടാക്സ് അടയ്ക്കേണ്ട എന്നത് മറ്റൊരു സുപ്രധാനമായ സർക്കാർ പ്രഖ്യാപനമായിരുന്നു. 2010 മുതൽ ഇപ്രകാരമുള്ള പല ജനപ്രിയ പദ്ധതികളും രാജ്യം നടപ്പിലാക്കിയിരിന്നു. 2010നും 2018നും ഇടയിൽ ഭ്രൂണഹത്യകളുടെ എണ്ണത്തിൽ 33 ശതമാനത്തോളം കുറവാണ് ഉണ്ടായത്.

ഇതിനിടെ വിവാഹ നിരക്ക് 43 ശതമാനമായാണ് ഉയർന്നത്. വിവാഹമോചനം നേടുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. ഇസ്ലാമിക കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനു പകരം കുടുംബങ്ങൾ വളർത്താനുള്ള നയങ്ങളാണ് രാജ്യം രൂപീകരിച്ചത്. ഹംഗറിയുടെ കുടുംബ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയായ കാറ്റലിൻ നോവാക്ക് കഴിഞ്ഞദിവസം വാഷിംഗ്ടണിൽ എത്തി രാജ്യം നടപ്പിലാക്കിയ പദ്ധതികൾ വിശദീകരിച്ചിരിന്നു.

കുടുംബങ്ങൾക്ക് വേണ്ടി മൂന്നര ശതമാനം മാത്രം ജിഡിപി ആണ് 2010ൽ നീക്കിവെച്ചിരുന്നതെന്നും അത് ഈ വർഷം അഞ്ച് ശതമാനമായി ഉയർന്നുവെന്നും കാറ്റലിൻ നോവാക്ക് പറഞ്ഞു. കുടുംബമാണ് സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകം. കുടുംബങ്ങൾ വളർത്താനായി ഹംഗറി നടപ്പിലാക്കിയ പദ്ധതികൾ എല്ലാം രാജ്യത്തിന്റെ ക്രൈസ്തവ വേരിന്റെ പ്രതിഫലനമാണെന്നും അവർ വ്യക്തമാക്കി. ക്രൈസ്തവവിശ്വാസത്തിൽ അടിസ്ഥാനമിട്ടു രാജ്യം നടപ്പിലാക്കുന്ന പദ്ധതികൾക്കെല്ലാം ഹംഗറി കൂടി അംഗമായ യൂറോപ്യൻ യൂണിയൻ എതിരാണ്.


Related Articles »