India - 2025
ബാലവാകാശ കമ്മീഷന്റെ ഇരട്ടത്താപ്പിനെ ചോദ്യംചെയ്ത് കത്തോലിക്ക കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍ 08-04-2019 - Monday
ചങ്ങനാശേരി: മധ്യവേനലവധിക്കാലത്തു വിശ്വാസോത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷന്‍ നടത്തിയ പ്രതികരണം അപക്വവും കമ്മീഷന്റെ അന്തസിനു കളങ്കമേല്‍പ്പിക്കുന്നതുമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി. അത്യുഷ്ണ കാലയളവില്‍ നട്ടുച്ചയ്ക്കു വീടുകളില്‍നിന്ന് എത്തി എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളുകളിലേക്ക് അയച്ചപ്പോള്‍ ബാലവാകാശ കമ്മീഷന്‍ എവിടെയായിരുന്നുവെന്നും ഭാരവാഹികള്‍ ചോദിച്ചു.
മതനിരാസത്തിന്റെ ചിന്തകളും ശൈലികളും നടപടികളും ഭരണഘടനാ സ്ഥാപനങ്ങളുടെ മേധാവികള്‍ വച്ചു പുലര്‍ത്തുന്നതു വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നു സമിതി കുറ്റപ്പെടുത്തി. എസ്എസ്എല്‍സി പരീക്ഷകള്‍ രാവിലെ 10 മുതല്‍ നടത്താനുള്ള തീരുമാനമെടുപ്പിക്കുവാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കാന്‍ കമ്മീഷന്‍ ചങ്കൂറ്റം കാട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. വിശ്വാസ ജീവിതവും വ്യക്തികളുടെ സ്വാതന്ത്ര്യവും തങ്ങളുടെ വരുതിയിലാണെന്ന നിലയിലുള്ള പ്രസ്താവനകളെ തികഞ്ഞ അവജ്ഞയോടെ സമൂഹം തള്ളിക്കളയുമെന്നും നേതാക്കള്‍ പറഞ്ഞു.
പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, ജനറല്‍ സെക്രട്ടറി രാജേഷ് ജോണ്‍, സിബി മുക്കാടന്‍, സൈബി അക്കര, ജോയി പാറപ്പുറം, ജോര്‍ജുകുട്ടി മുക്കത്ത്, ജോസ് ജോണ്‍ വെങ്ങാന്തറ, ജോസ് പാലത്തിനാല്‍, ടോണി ജെ. വെങ്ങാന്തറ, ഷീന ജോജി എന്നിവര്‍ പ്രസംഗിച്ചു.