News - 2024

സിറിയയില്‍ രക്തസാക്ഷിത്വം വരിച്ച ഡച്ച് വൈദികന്‍റെ നാമകരണം ഉടന്‍

സ്വന്തം ലേഖകന്‍ 08-04-2019 - Monday

ഡമാസ്ക്കസ്: അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് സിറിയയിലെ ഹോംസ് നഗരത്തില്‍ രക്തസാക്ഷിത്വം വരിച്ച ഡച്ച് വൈദികന്‍ ഫാ. ഫ്രാന്‍സ് വാന്‍ ഡെര്‍ ലുഗ്ടിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താനുള്ള നീക്കങ്ങള്‍ക്ക് സാധ്യതയേറി. വിമതപക്ഷത്തിന്റെ കൈകളാല്‍ കൊലചെയ്യപ്പെട്ട ഈശോ സഭാംഗമായ ഫാ. ഫ്രാന്‍സ് വാന്റെ നാമകരണത്തെ സംബന്ധിച്ചു ജെസ്യൂട്ട് സുപ്പീരിയര്‍ ജനറല്‍ ഫാദര്‍ അര്‍ട്ടുറോ സോസ, സൊസൈറ്റി ഓഫ് ജീസസിന്റെ ജനറല്‍ പോസ്റ്റുലേറ്ററായ ഫാ. പാസ്ക്വാല്‍ സെബോല്ലാഡാ എന്നിവരടങ്ങുന്ന ഒരു ചെറിയ പ്രതിനിധി സംഘം ഉടന്‍ തന്നെ ഹോംസിലെത്തുമെന്ന് സിറിയന്‍ സ്വദേശിയും ഈശോസഭാംഗവുമായ ഫാ. സിയാദ് ഹിലാല്‍ പറഞ്ഞു.

ഫാ. ലുഗ്ട് സമാധാനത്തിന്റേയും അനുരജ്ഞനത്തിന്റേയും വക്താവായിരുന്നുവെന്ന്‍ ഫാ. സിയാദ് സ്മരിച്ചു. ഒരു പുരോഹിതനും മനശാസ്ത്രജ്ഞനുമെന്ന നിലയില്‍ സഹജീവികളുടെ കാര്യത്തില്‍ അദ്ദേഹം അതീവ ശ്രദ്ധ പതിപ്പിക്കുകയും, അവരെ സഹായിക്കുവാന്‍ ശ്രമിക്കുകയും ചെയ്തിരിന്നു. കത്തോലിക്കരും ഓര്‍ത്തഡോക്സ്കാരുമായ ക്രിസ്ത്യാനികളില്‍ മാത്രമല്ല മുസ്ലീങ്ങളില്‍ വരെ ഫാ. ലുഗ്ടിന്റെ കൊലപാതകം ഞെട്ടലുളവാക്കിയെന്നും ഫാ. സിയാദ് വിവരിച്ചു. സഭാ നിയമമനുസരിച്ച് നാമകരണം ചെയ്യപ്പെടുന്ന വ്യക്തി മരിച്ച് 5 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ ആരംഭിക്കുക.

എന്നാല്‍ ഫാ. ലുഗ്ടിന്റെ കാര്യത്തില്‍ നാമകരണ നടപടികള്‍ ആരംഭിക്കേണ്ട സമയമായെന്നു ഫ്രഞ്ച് കത്തോലിക്കാ വാര്‍ത്താ മാധ്യമമായ ലാ ക്രോയിക്സിന് നല്‍കിയ അഭിമുഖത്തില്‍ ഫാ. സിയാദ് പറഞ്ഞു. സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ കഴിഞ്ഞ 8 വര്‍ഷങ്ങളായി തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച് ഫാ. സിയാദ് എഴുതിയ “ഹോംസ്! ലെസ്പെരന്‍സ് ഒബ്സ്റ്റിനി” എന്ന പുസ്തകം ‘സ്യൂവ്രെ ഡി ഓറിയന്റ്’ സംഘടനയുടെ ‘ലിറ്റററി പ്രൈസ്’ പുരസ്കാര പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. വടക്കന്‍ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ പരാജയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, തങ്ങളെ അംഗീകരിക്കാത്തവര്‍ക്ക് ജീവിക്കുവാനുള്ള അവകാശമില്ല എന്ന ജിഹാദികളുടെ ചിന്ത ഇപ്പോഴും അപ്രത്യക്ഷമായിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.


Related Articles »