Life In Christ

'മക്കളുടെ വിശ്വാസം മാതൃകയാക്കി' യേശുവിനെ രക്ഷകനായി സ്വീകരിക്കാന്‍ പട്ടേല്‍ കുടുംബം

സ്വന്തം ലേഖകന്‍ 09-04-2019 - Tuesday

ന്യൂയോര്‍ക്ക്: ഈ നോമ്പുകാലം അമേരിക്കയിലെ ബെതെസ്ദായില്‍ താമസിക്കുന്ന മിശ്രവിവാഹിതരായ സമീര്‍, സീന ദമ്പതികളും അവരുടെ മൂന്ന് മക്കളും അടങ്ങുന്ന അഞ്ചംഗ പട്ടേല്‍ കുടുംബത്തെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ മറക്കാനാവാത്തതാണ്. സാധാരണഗതിയില്‍ മാതാപിതാക്കളാണ് കുട്ടികള്‍ക്ക് സത്യത്തിന്റെ വഴി കാണിച്ചു കൊടുക്കുന്നതെങ്കിലും പട്ടേല്‍ കുടുംബത്തിന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. ആറാം ഗ്രേഡില്‍ പഠിക്കുന്ന പന്ത്രണ്ടുകാരനായ സൈദ്‌ പട്ടേലും, അനുജനായ നാലാം ഗ്രേഡില്‍ പഠിക്കുന്ന ഒന്‍പതുകാരനായ റയാന്‍ പട്ടേലുമാണ് അവരുടെ മാതാപിതാക്കളായ ഇന്ത്യന്‍ വംശജനും, ഹിന്ദുമതവിശ്വാസിയുമായ സമീര്‍ പട്ടേലിനേയും, ശ്രീലങ്കയിലെ മുസ്ലീം കുടുംബത്തില്‍ നിന്നുമുള്ള സീന ലഫീറിനേയും യേശുവിലേക്ക് നയിച്ചത്.

മേരിലാന്‍ഡിലെ പോട്ടോമാക്കിലെ ദി ഹൈറ്റ്സ് സ്കൂളില്‍ പഠിക്കുന്ന സൈദും, റയാനും തങ്ങളുടെ സ്കൂള്‍ ചാപ്പലില്‍ നടക്കാറുള്ള ബലിയര്‍പ്പണത്തില്‍ അനുദിനം പങ്കെടുക്കാറുണ്ടായിരിന്നു. ഈ വിശ്വാസത്തിന്റെ ചുവടു പിടിക്കാന്‍ മകന്‍ സൈദ് തന്റെ മാതാപിതാക്കളെ ക്ഷണിച്ചപ്പോള്‍ തന്നെ വലിയ ദൈവീക ഇടപെടല്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാകുകയായിരിന്നു. ഇതിനെ കുറിച്ച് സീന പറയുന്നതു ഇങ്ങനെ, "ഒരു ദിവസം സൈദ് 'ഞാന്‍ എല്ലാദിവസവും സ്കൂളിലെ കുര്‍ബാനയില്‍ പങ്കെടുക്കാറുണ്ട്. നിങ്ങള്‍ക്ക് എന്നോടൊപ്പം ചേരുവാന്‍ താല്‍പ്പര്യമുണ്ടോ?' എന്ന് ചോദിച്ചു. ഇതിന് സമ്മതം മൂളിയ തങ്ങള്‍ പട്ടേല്‍ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളോടൊപ്പം ഒരു വെള്ളിയാഴ്ച സ്കൂള്‍ ചാപ്പലിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു". ഏകമനസ്സോടെ പ്രാര്‍ത്ഥിച്ച അവര്‍ ദിവ്യകാരുണ്യ സ്വീകരണ സമയത്ത് വൈദികന്റെ അനുഗ്രഹവും തേടി.

ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൂടെയാണ് അവര്‍ കടന്നു പോയത്. "ഞങ്ങള്‍ ഒരുമിച്ച് മനസ്സിലാക്കാന്‍ ആരംഭിച്ചിരിക്കുന്നു, മനോഹരമായിരിക്കുന്നു"- കത്തോലിക്ക വിശ്വാസത്തിലേക്ക് ചേക്കേറുവാന്‍ തീരുമാനിച്ചതിനെ ഇപ്രകാരമാണ് അവര്‍ വിശേഷിപ്പിക്കുന്നത്. തങ്ങളുടെ മൂത്ത മക്കളുടെ വിശ്വാസമാണ് തങ്ങള്‍ക്ക് പ്രചോദനം നല്‍കിയതെന്ന് സമീര്‍-സീന ദമ്പതികള്‍ തുറന്നു സമ്മതിക്കുന്നു. ബെതെസ്ദായിലെ ലിറ്റില്‍ ഫ്ലവര്‍ ദേവാലയത്തില്‍വെച്ച് ഈ വരുന്ന ഏപ്രില്‍ 20-ലെ ഉയിര്‍പ്പ് തിരുനാള്‍ കുര്‍ബാനയില്‍ ജ്ഞാനസ്നാനത്തോടൊപ്പം പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും, വിശ്വാസ സ്ഥിരീകരണവും നടത്തുവാനുള്ള തയ്യാറെടുപ്പിലാണവര്‍.

‘ഞാന്‍ നിന്നെ വിളിച്ചിരിക്കുന്നു’ എന്ന ബൈബിള്‍ വാക്യം ശരിക്കും അന്വര്‍ത്ഥമാവുകയാണ് പട്ടേല്‍ കുടുംബത്തിന്റെ ജീവിതത്തില്‍. ഏറെ പ്രതീക്ഷയോടും പ്രാര്‍ത്ഥനയോടും കൂടിയാണ് പട്ടേല്‍ കുടുംബം മാമ്മോദീസ ദിനത്തിനായി കാത്തിരിക്കുന്നത്. തന്നേയും തന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിലുള്ള വിശ്വാസം പ്രതീക്ഷയുടേതായ ഒരു സന്ദേശമാണെന്ന്‍ സമീര്‍ പട്ടേല്‍ പറയുന്നു. പട്ടേല്‍ കുടുംബത്തിനു പുറമേ മറ്റൊരു സ്കൂള്‍ കുടുംബവും, 2 സീനിയര്‍ ആണ്‍കുട്ടികളും ഈ ഈസ്റ്ററില്‍ കത്തോലിക്കാവിശ്വാസം സ്വീകരിക്കുമെന്ന് സ്കൂള്‍ ഹെഡ്മാസ്റ്ററായ അല്‍വാരോ ഡെ വിസെന്റെ അറിയിച്ചിട്ടുണ്ട്.


Related Articles »