News - 2025

ടൂറിനിലെ അത്ഭുത തിരുക്കച്ചയുടെ ശാസ്ത്രീയ ഫോട്ടോകളുടെ ശേഖരം പുറത്ത്

സ്വന്തം ലേഖകന്‍ 12-04-2019 - Friday

ഡെന്‍വര്‍: ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം പതിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ടൂറിനിലെ തിരുക്കച്ചയുടെ ശാസ്ത്രീയ ഫോട്ടോകള്‍ പുറത്ത്. ഷ്രൌഡ് ഓഫ് ടൂറിന്‍ ഗവേഷണ പദ്ധതിയുടെ ഔദ്യോഗിക ശാസ്ത്രീയ ഫോട്ടോഗ്രാഫറായ വെര്‍നോണ്‍ മില്ലര്‍ എടുത്തിട്ടുള്ള ആയിരകണക്കിന് ഫോട്ടോകളും, എന്‍ലാര്‍ജ് ചെയ്ത സൂക്ഷ്മ ചിത്രങ്ങളും, അള്‍ട്രാവയലറ്റ് പ്രകാശത്തില്‍ എടുത്തിരിക്കുന്ന ഫോട്ടോകളുമാണ് www.shroudphotos.com എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മില്ലറിന്റെ ഡിജിറ്റലൈസ് ചെയ്ത ഫോട്ടോകള്‍ പ്രസിദ്ധീകരിക്കുന്ന ആദ്യ സൈറ്റാണ് ഷ്രൌഡ്ഫോട്ടോസ്.കോം.

ഇതോടെ ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ക്കും ഗവേഷകര്‍ക്കും ടൂറിനിലെ തിരുക്കച്ചയുടെ ഫോട്ടോകള്‍ സൗജന്യമായി കാണുന്നതിനും, ഡൌണ്‍ലോഡ് ചെയ്യുന്നതിനും അവസരമൊരുങ്ങിയിരിക്കുകയാണ്. 14 അടി 5 ഇഞ്ച്‌ നീളവും, 3 അടി 7 ഇഞ്ച്‌ വീതിയുമുള്ള ലിനന്‍ തുണിയാണ് ടൂറിനിലെ തിരുക്കച്ച. ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി കുരിശുമരണം വരിച്ച മനുഷ്യന്റെ രൂപം പതിഞ്ഞിട്ടുള്ള കച്ച പഠന വിധേയമാക്കിയപ്പോള്‍ അത് ക്രിസ്തുവിന്‍റേതാണെന്ന്‍ സാധൂകരിക്കുന്ന തെളിവുകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിന്നു.

ടൂറിനിലെ തിരുക്കച്ചയില്‍ വന്‍ പഠനങ്ങളാണ് ഇക്കാലയളവില്‍ നടന്നിരിക്കുന്നത്. 1578 മുതല്‍ ഈ തിരുക്കച്ച ഇറ്റലിയിലെ ടൂറിനിലെ സെന്റ്‌ ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ സൂക്ഷിക്കുകയാണ്. 1977 മുതല്‍ 1981വരെ വിവിധ സര്‍വ്വകലാശാലകളില്‍ നിന്നും, അമേരിക്കയിലെ വിവിധ ലബോറട്ടറികളില്‍ നിന്നും ഭൗതീകശാസ്ത്രജ്ഞരും, രസതന്ത്രജ്ഞരും, ഡോക്ടര്‍മാരും, എഞ്ചിനീയര്‍മാരും അടങ്ങുന്ന നിരവധി സംഘങ്ങള്‍ ഈ കച്ചയില്‍ പ്രത്യേകം ഗവേഷണം നടത്തിയിട്ടുണ്ട്.

ചമ്മട്ടിയടിയേറ്റ് കുരിശുമരണം വരിച്ച ഒരു യഥാര്‍ത്ഥ മനുഷ്യന്റെ രൂപം തന്നെയാണിതെന്ന നിഗമനത്തിലാണ് ഭൂരിഭാഗം ഗവേഷണങ്ങളും എത്തിച്ചേര്‍ന്നിരിക്കുന്നത്. തിരുക്കച്ചയുടെ ഏതാണ്ട് മുപ്പത്തിരണ്ടായിരത്തിലധികം ഫോട്ടോകളാണ് ഇതുവരെ എടുക്കപ്പെട്ടിട്ടുള്ളത്. ഫോട്ടോഗ്രാഫിയുടെ ശൈശവദശയില്‍ അതായത് 1878-ലായിരുന്നു ഈ തിരുക്കച്ച ആദ്യ ഫോട്ടോക്ക് വിധേയമാകുന്നത്. തിരുക്കച്ചയെക്കുറിച്ച് പഠിക്കുവാന്‍ ഇറങ്ങിയവരെല്ലാം അവസാനം വിശ്വാസികളായി മാറി എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.


Related Articles »