News - 2024

ദൈവവചനം കേള്‍ക്കാന്‍ വെനിസ്വേലന്‍ അതിര്‍ത്തിയില്‍ എത്തിയത് ഒരു ലക്ഷത്തോളം വിശ്വാസികൾ

സ്വന്തം ലേഖകന്‍ 25-04-2019 - Thursday

കുകുറ്റ: ഈസ്റ്ററിനോട് അനുബന്ധിച്ച രണ്ടുദിവസങ്ങളിലായി വെനിസ്വേലയുടെയും കൊളംബിയയുടെയും അതിർത്തിയിൽ ദൈവ വചനം കേള്‍ക്കാന്‍ എത്തിയത് ഒരു ലക്ഷത്തോളം വിശ്വാസികൾ. ലോക പ്രശസ്ത സുവിശേഷ പ്രഘോഷകനായിരുന്ന ബില്ലിഗ്രഹാമിന്റെ മകൻ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ പ്രസംഗം കേൾക്കാനാണ് പതിനായിരങ്ങള്‍ തടിച്ചുകൂടിയത്. "ഫെസ്റ്റിവൽ ഓഫ് ഹോപ്പ്" എന്ന് പേരിട്ട കൂട്ടായ്മയില്‍ കൊളംബിയയിലെ വിശ്വാസികളും കടുത്ത ഞെരുക്കങ്ങളില്‍ നിന്ന്‍ കരകയറാന്‍ ശ്രമിക്കുന്ന വെനിസ്വേലൻ അഭയാർത്ഥികളും പങ്കെടുത്തു. കൊളംബിയയിലെ കുകുറ്റ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഫുട്ബോൾ സ്റ്റേഡിയത്തിലാണ് സുവിശേഷം കേൾക്കാൻ ആളുകൾ തിങ്ങിനിറഞ്ഞത്.

പ്രദേശത്തെ നാനൂറോളം ദേവാലയങ്ങൾ ആളുകളെ കൊണ്ടുവരുന്നതിലും അഭയാർത്ഥികളെ ക്ഷണിക്കുന്നതിനും മുന്‍കൈ എടുത്തിരിന്നു. ആദ്യത്തെ ദിവസം 52000 വിശ്വാസികളാണ് എത്തിയത്. വെനിസ്വേലയിലെ അഭയാർഥികളുടെ മാനുഷിക ആവശ്യങ്ങൾ അവരുടെ, ആത്മീയ ഹൃദയം തുറക്കാൻ ദൈവം ഉപയോഗിക്കുകയാണെന്ന് ഫ്രാങ്ക്ലിൻ ഗ്രഹാം "ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വർക്ക്" എന്ന മാധ്യമത്തോട് പറഞ്ഞു. സുവിശേഷത്തിനു വേണ്ടിയുള്ള പലരുടെയും ദാഹം അവിശ്വസനീയമാംവിധം ആണെന്ന് ഫ്രാങ്ക്ലിൻ ഗ്രഹാം കൂട്ടിച്ചേർത്തു.

ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കാൻ ദൈവം പ്രേരണ നൽകിയ ഓരോ വ്യക്തികളെയും ഓർത്ത് തങ്ങൾ ദൈവത്തെ മഹത്വപ്പെടുത്തുകയാണെന്നും അദ്ദേഹം സ്മരിച്ചു. രണ്ടാമത്തെ ദിവസം 42,000 ആളുകളാണ് വചനപ്രഘോഷണം ശ്രവിക്കാനായി എത്തിയത്. കുട്ടികളിലേക്ക് സുവിശേഷം എത്തിക്കുന്നതിന് പ്രത്യേക ക്രമീകരണം നടത്തിയിരിന്നു. സോഷ്യലിസ്റ്റ് ഭരണത്തിൻ കീഴിൽ ജനജീവിതം പൂര്‍ണ്ണമായും താറുമാറായ വെനിസ്വേലയിലെ അഭയാർത്ഥികൾക്ക് ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ ജീവകാരുണ്യ സംഘടനയായ സമരിറ്റൻ പേഴ്സ് നിരവധി സഹായങ്ങൾ എത്തിച്ചു നൽകുന്നുണ്ട്.

Posted by Pravachaka Sabdam on 

Related Articles »