India - 2025

ഇനി മൂന്ന് ദിവസം: സത്യത്തിന് സാക്ഷ്യമേകാന്‍ ഷെക്കെയ്‌ന ന്യൂസ് ചാനല്‍ ഒരുങ്ങി

സ്വന്തം ലേഖകന്‍ 25-04-2019 - Thursday

തൃശൂര്‍: സത്യത്തിന്റെ സാക്ഷ്യം എന്ന ദൗത്യവുമായി ഷെക്കെയ്‌ന സാറ്റലൈറ്റ് വാര്‍ത്താ ചാനല്‍ ദൈവകരുണയുടെ തിരുനാള്‍ ദിനമായ ഏപ്രില്‍ 28 ഞായറാഴ്ച സംപ്രേഷണം ആരംഭിക്കും. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി സുവിശേഷപ്രഘോഷണം നടത്തുന്ന പ്രശസ്ത വചനപ്രഘോഷകന്‍ ബ്രദര്‍ സന്തോഷ് കരുമത്രയാണ് ചാനലിന് ചുക്കാന്‍ പിടിക്കുന്നത്. തൃശ്ശൂരില്‍ മണ്ണുത്തിക്കടുത്ത് താളിക്കോട് കേന്ദ്രമാക്കിയുള്ള ചാനലിന്റെ ഉദ്ഘാടനം ഞായറാഴ്ച മൂന്നു മണിക്ക് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ റീത്തുകളില്‍ നിന്നായി പന്ത്രണ്ടോളം ബിഷപ്പുമാരും മറ്റ് വിശിഷ്ട്ടാതിഥികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

'ദൈവത്തിന്റെ മഹത്വമാര്‍ന്ന സാന്നിധ്യം' എന്നര്‍ത്ഥമുള്ള ഹീബ്രു വാക്കിലുള്ള ഷെക്കെയ്‌ന ടിവി സത്യത്തിനു സാക്ഷ്യം വഹിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുകയെന്നു ബ്രദര്‍ സന്തോഷ് കരുമത്ര പറഞ്ഞു. റേറ്റിങ്ങിനുവേണ്ടി പായാതെ സത്യത്തിന്റെ പ്രഘോഷണത്തില്‍ ഒരു വീഴ്ചയും വരരുതെന്നെ ലക്ഷ്യത്തോടെയാണ് ചാനല്‍ ഒരുങ്ങുന്നത്. യാഥാര്‍ഥ്യവും മനുഷ്യനന്മയും ലക്ഷ്യമാക്കി, വാണിജ്യപരസ്യങ്ങളില്ലാതെയാകും 'ഷെക്കെയ്‌ന' പ്രവര്‍ത്തിക്കുകയെന്നതും ശ്രദ്ധേയമാണ്. തിന്മയുടെ ആഘോഷങ്ങളില്ലാതെ നന്മയിലൂന്നിയായിരിക്കും ഷെക്കെയ്‌ന ചുവടു വെയ്ക്കുകയെന്നു ചാനല്‍ അധികൃതര്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ പ്രൈം ടൈമില്‍ ഏതാനും മണിക്കൂറുകള്‍ നീളുന്ന സംപ്രേഷണമാണ് ഉണ്ടാകുക. മൂന്നു മാസത്തിനുള്ളില്‍ വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പ്രോഗ്രാമുകളും ആത്മീയ പ്രോഗ്രാമുകളുമടക്കം മുഴുവന്‍ സമയ സംപ്രേഷണം ആരംഭിക്കും. മലയാള മനോരമ മുന്‍ പത്രാധിപ സമിതി അംഗവും ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷന്റെ പ്രസിഡന്‍റുമായ ഇഗ്‌നേഷ്യസ് ഗോൺസാൽവസാണ് ചാനലിന്റെ ചീഫ് ന്യൂസ് ഡയറക്ടര്‍. വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തന മികവ് തെളിയിച്ച പ്രഗത്ഭരുടെ ടീമും ചാനലിന്റെ പിന്നണിയിലുണ്ട്.

More Archives >>

Page 1 of 240