India - 2025
മാര്‍ ഏബ്രഹാം മറ്റത്തിന്റെ സ്മരണക്ക് മുന്നില്‍ കേരള സഭ
സ്വന്തം ലേഖകന്‍ 23-04-2019 - Tuesday
കൊച്ചി: മധ്യപ്രദേശിലെ സീറോ മലബാര്‍ രൂപത സത്‌നയുടെ പ്രഥമ മെത്രാന്‍ മാര്‍ ഏബ്രഹാം ഡി.മറ്റത്തിനു അന്ത്യാഞ്ജലി അര്‍പ്പിച്ച് കേരളസഭ. കൊച്ചി ഇടപ്പള്ളിയിലെ വിന്‍സന്‍ഷ്യന്‍ സന്യാസസമൂഹത്തിന്റെ ജനറലേറ്റില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതികദേഹത്തില്‍ മെത്രാന്‍മാരും വൈദികരും സമര്‍പ്പിതരും വിശ്വാസികളും ഉള്‍പ്പെടെ ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചു. നാളെ രാവിലെ 9.30നു സെന്റ് വിന്‍സന്റ് കത്തീഡ്രലിലാണു സംസ്‌കാരം. സംസ്‌കാര ശുശ്രൂഷകളുടെ ആദ്യഭാഗം ഇന്നലെ വിന്‍സന്‍ഷ്യന്‍ ജനറലേറ്റില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയോടെ നടന്നു.
സഭാ ചരിത്രത്തിലും ദൈവശാസ്ത്രത്തിലും ആരാധനാക്രമത്തിലും ആഴമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന്‍ കര്‍ദിനാള്‍ ആമുഖ സന്ദേശത്തില്‍ അനുസ്മരിച്ചു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശം നല്‍കി. സത്‌ന ബിഷപ്പ് മാര്‍ ജോസഫ് കൊടകല്ലില്‍, എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, സത്‌ന മുന്‍ ബിഷപ്പ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍, എറണാകുളംഅങ്കമാലി അതിരൂപത സഹായമെത്രാന്‍മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ഷംഷാബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം, ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാണ്ഡ്യ ബിഷപ്പ് മാര്‍ ആന്റണി കരിയില്‍, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ബിഷപ്പ് മാര്‍ ജോസ് പുളിക്കന്‍, വിന്‍സന്‍ഷ്യന്‍ സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മികരായി.
കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറന്പില്‍, ബിഷപ്പ് മാര്‍ തോമസ് ചക്യത്ത്, ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്, ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, വിവിധ സന്യസ്ത സഭകളുടെ മേജര്‍ സുപ്പീരിയര്‍മാര്‍, ജനപ്രതിനിധികള്‍, സത്‌ന ഉള്‍പ്പെടെ വിവിധ രൂപതകളില്‍ നിന്നുള്ള വൈദികര്‍, സമര്‍പ്പിതര്‍, അല്മായര്‍ തുടങ്ങിയവരും അന്തിമോപചാരമര്‍പ്പിക്കാനെത്തി.
ബിഷപ് മാര്‍ മറ്റത്തിന്റെ ഭൗതികദേഹം ഇന്നു സത്‌നയിലേക്കു കൊണ്ടുപോകും. സത്‌ന ബിഷപ്പ് മാര്‍ ജോസഫ് കൊടകല്ലിലും രൂപതയുടെ പ്രതിനിധികളും അനുഗമിക്കും. രാത്രി 11നു സത്‌ന സെന്റ് വിന്‍സന്റ് കത്തീഡ്രലില്‍ എത്തിക്കുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിനു വയ്ക്കും. നാളെ രാവിലെ 9.30നു സംസ്‌കാര ശുശ്രൂഷകളുടെ അവസാനഭാഗം ആരംഭിക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലുള്ള ശുശ്രൂഷകളില്‍ ജബല്‍പൂര്‍ ബിഷപ്പ് ഡോ. ജെറാള്‍ഡ് അല്‍മെയ്ഡ വചനസന്ദേശം നല്‍കും.