India - 2025

28ന് പ്രാര്‍ത്ഥനാദിനം: ശ്രീലങ്കന്‍ സഭയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെസിബിസി

സ്വന്തം ലേഖകന്‍ 26-04-2019 - Friday

കൊച്ചി: ആഗോള കത്തോലിക്കാസഭ ദൈവകരുണയുടെ ഞായറായി ആചരിക്കുന്ന 28ന് കേരളസഭ ശ്രീലങ്കന്‍ സഭയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്ന് കെസിബിസിയുടെ ആഹ്വാനം. അന്നേദിവസം ലോകസമാധാനത്തിനായി ദിവ്യബലിയര്‍പ്പിക്കുകയും സമാധാന സമ്മേളനങ്ങളും പ്രാര്‍ത്ഥനായോഗങ്ങളും സംഘടിപ്പിക്കുവാനും കെ‌സി‌ബി‌സി ആവശ്യപ്പെട്ടു. സര്‍ക്കുലര്‍ ഏപ്രില്‍ 28നു കേരളത്തിലെ എല്ലാ ദേവാലയങ്ങളിലും വായിക്കും.

മരണത്തിന്‍മേലുള്ള ജീവന്റെ വിജയം ക്രിസ്ത്യാനികള്‍ ആഘോഷിക്കുന്ന ഉയിര്‍പ്പ് തിരുനാദിനം തന്നെ ഭീകരര്‍ ആക്രമണത്തിനു തിരഞ്ഞെടുത്തു എന്നത് ശ്രദ്ധാര്‍ഹമാണ്. സ്‌നേഹത്തിന്റെയും ക്ഷമയുടെയും പര്യായമായ യേശുക്രിസ്തുവി ദിവ്യോപദേശങ്ങള്‍ ജീവിതപ്രമാണമാക്കുന്ന ക്രൈസ്തവര്‍ ആത്മസംയമനം പാലിക്കുകയും പ്രത്യാശ കൈവിടാതെ ഈ ദുരന്തത്തെ നേരിടുകയും ചെയ്യേണ്ടതാണ്. ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കും ആശുപത്രികളില്‍ കഴിയുന്നവരുടെ സൗഖ്യത്തിനും ശ്രീലങ്കന്‍ സഭയുടെയും ജനതയുടെയും മുറിവ് ഉണങ്ങുന്നതിനും ലോകമെന്പാടുമുള്ള തീവ്രവാദികള്‍ക്കു മാനസാന്തരം ഉണ്ടാകുന്നതിനുംവേണ്ടി അന്നേ ദിവസം പ്രാര്‍ത്ഥിക്കണമെന്നും കേരള മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു.

കെസിബിസി പ്രസിഡന്റ് ആര്‍ച്ചു ബിഷപ്പ് ഡോ.സൂസപാക്യം, വൈസ് പ്രസിഡന്റ് ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സെക്രട്ടറി ജനറല്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ സംയുക്തമായാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.


Related Articles »