Sunday Mirror

പരിശുദ്ധ കന്യകാമറിയത്തിന്റേയും വി.യൗസേപ്പിതാവിന്റെയും വിവാഹം എപ്രകാരമായിരുന്നു?

ദൈവമനുഷ്യന്റെ സ്നേഹഗീത 28-04-2019 - Sunday

യോവാക്കിം-അന്ന ദമ്പതികളിൽ നിന്ന് ജനിച്ചതിനാല്‍ സ്വഭാവികമായും നല്ല ഗുണങ്ങളെല്ലാം പരിശുദ്ധ അമ്മയ്ക്ക് ഉണ്ടായിരുന്നതോടൊപ്പം, നന്മയെ മാത്രം സ്നേഹിക്കാന്‍ ഒരു മനസ്സും ജന്മപാപരഹിതമായ ഒരു ആത്മാവും മേരി സ്വന്തമാക്കിയിരുന്നു. വചനമായ ദൈവം വസിക്കാനിരുന്ന ദൈവാലയത്തെ, ദൈവം ജന്മപാപക്കറയില്ലാതെ, അമലോത്ഭവയായാണ് സൃഷ്ടിച്ചത്. വൃദ്ധരായ മാതാപിതാക്കള്‍ക്ക് ആനന്ദമേകി വളര്‍ന്ന പരിശുദ്ധ മറിയം, നിര്‍മ്മലവും നിഷ്ക്കളങ്കവുമായ ഹൃദയത്തോടു കൂടിയ ഒരു കുഞ്ഞ് മാലാഖ തന്നെയായിരുന്നു. ദൈവത്തെ മാത്രം നോക്കാൻ കണ്ണുകളും, ശ്രവിക്കാൻ കാതുകളും ബലിയായി കൈകളും അനുഗമിക്കുവാൻ കാലുകളും ഒപ്പം, ഹൃദയവും ജീവിതവും ദൈവത്തിനു നല്കണമെന്ന് മേരി തീരുമാനിച്ചു. ദാവീദിന്‍റെ വംശത്തില്‍പെട്ട ഒരു കന്യകയില്‍ നിന്നും ജനിക്കുന്ന രക്ഷകനായി ആ വംശത്തിലെ പെണ്‍കുട്ടികളെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്ന ആചാരമനുസരിച്ച്, കുഞ്ഞുമേരിയെയും ദേവാലയത്തിൽ സമർപ്പിച്ചു.

മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയ അവളുടെ കണ്ണുകളില്‍ കാല്‍വരിയിലും തിരുക്കല്ലറയിലും ദർശിച്ച വേദനയുടെ ഭാവം കണ്ടു. മകളുടെ ശിരസ്സില്‍ കൈകള്‍ വച്ച് അനുഗ്രഹിച്ച അന്നയും യൊവാക്കിമും പ്രധാനപുരോഹിതന് അവളെ ബലിവസ്തുവായി നൽകി.അസ്തമിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ ജീവിതത്തില്‍ മകളുടെ സാന്നിധ്യമില്ല എന്നതായിരുന്നു യൊവാക്കിമിന്റെയും അന്നയുടെയും ഏറ്റവും വലിയ പരീക്ഷണം.എന്നാല്‍, മക്കള്‍ ഒന്നാമതായി ദൈവത്തിന്റേതാണെന്ന് അവർ ഉറച്ച് വിശ്വസിച്ചു. അതിനാൽ, ദൈവത്തെ കൊണ്ട് സ്തുതിച്ചുകൊണ്ട് അവരുടെ ജീവിതം കടന്നുപോയി.എല്ലാ പെണ്‍കുട്ടികളും ഭാര്യമാരും അമ്മമാരും ആകണമെന്നാണ് ഇസ്രയേലിന്‍റെ നിയമം അനുശാസിക്കുന്നത്. എന്നാൽ കന്യകാത്വം ദൈവത്തിന് സമർപ്പിച്ച മേരി, പ്രധാന പുരോഹിതനോട് തന്റെ വ്രതത്തെക്കുറിച്ച് പറഞ്ഞു.

മേരിയുടെ ത്യാഗപൂർണമായ മനോഭാവത്തെയും പരിശുദ്ധമായ ജീവിതത്തെയും മനസ്സിലാക്കിയ അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു. "നിയമം അനുശാസിക്കുന്നത് നീ ചെയ്യണം. ഓരോ മനുഷ്യനും സ്വന്തം വംശത്തില്‍പെട്ട ഒരു സ്ത്രീയെ നല്കണം എന്ന നിയമം നിന്നെ രക്ഷിക്കും.തിരഞ്ഞെടുപ്പു നമുക്ക് ദൈവത്തിനു വിടാം.ദൈവം നിനക്ക് ഭര്‍ത്താവിനെ തരും. അയാള്‍ വിശുദ്ധനായ മനുഷ്യനായിരിക്കും, കാരണം നീ നിന്നെത്തന്നെ കര്‍ത്താവിനു സമര്‍പ്പിച്ചിരിക്കുന്നു. നിന്‍റെ വ്രതത്തെപ്പറ്റി അദ്ദേഹത്തോടു പറയുക.”മേരിയ്ക്ക് അനുയോജ്യനായ ഒരു പുരുഷനെ കണ്ടെത്താൻ അദ്ദേഹം ദാവീദ് വംശത്തിലെ എല്ലാ യുവാക്കളെയും ക്ഷണിച്ചു. ഇരുപതു മുതല്‍ അന്‍പതു വയസ്സുവരെ പ്രായം തോന്നിക്കുന്ന അനേകം പുരുഷന്മാർ പ്രധാന പുരോഹിതന്റെ നിർദ്ദേശമനുസരിച്ച് എത്തിച്ചേർന്നു. ഒരു പ്രത്യേക തിരുന്നാളിനെന്നപോലെ മോടിയായി വസ്ത്രധാരണം ചെയ്തിരുന്ന അവരുടെയിടയിൽ ഇളം തവിട്ടു നിറത്തിൽ വസ്ത്രം ധരിച്ചിരുന്ന ജോസഫ് ലളിതമായും എന്നാല്‍ ഭംഗിയേറിയതുമായി കാണപ്പെട്ടു.‍

സന്നിഹിതരായിരുന്ന യുവാക്കളുടെ പേരെഴുതിയ ഉണക്കക്കമ്പുകളുമായി ഒരു ലേവായന്‍ വന്നു. എന്നാൽ ‍ഉണക്കകമ്പുകളിൽ ഒന്ന് അതിമനോഹരമായി പുഷ്‌പിച്ചിരുന്നു. വെള്ളപ്പൂക്കള്‍ക്ക് നടുവില്‍ ഇളംറോസ്; അത് നേർത്ത് ദളങ്ങളുടെ അറ്റംവരെ നീണ്ടു നിൽക്കുന്നു . പ്രധാന പുരോഹിതന്‍ സംസാരിക്കാന്‍ തുടങ്ങി. "എന്‍റെ അപേക്ഷപ്രകാരം ഇവിടെ ഒരുമിച്ചു കൂടിയിരിക്കുന്ന ദാവീദ് വംശജരായ പുരുഷന്മാരെ, ശ്രദ്ധിക്കുവിന്‍. കര്‍ത്താവ് സംസാരിച്ചിരിക്കുന്നു. അവിടത്തേക്ക് മഹത്വം ഉണ്ടാകട്ടെ. അവിടുത്തെ മഹത്വത്തിന്‍റെ ഒരു രശ്മി താണിറങ്ങി ഉണങ്ങിയ ഒരു കമ്പിന് ജീവന്‍ നല്‍കുകയും അതിൽ അത്ഭുതകരമായി പുഷ്പങ്ങള്‍ നിറഞ്ഞിരിക്കുന്നു. വസന്തം കഴിഞ്ഞുപോയി, ഇപ്പോള്‍ ഭൂമിയില്‍ ഒരിടത്തും പുഷ്പങ്ങള്‍ വഹിക്കുന്ന ശിഖരങ്ങളില്ല. സിയോണ്‍ മുതല്‍ ബഥനി വരെ മഞ്ഞു മൂടിക്കിടക്കുകയാണ്. ദാവീദിന്‍റെ വംശജയായ കന്യകയുടെ പിതാവും രക്ഷാധികാരിയും താന്‍ തന്നെയാണെന്ന് ദൈവം മഹത്വപൂര്‍ണ്ണമായി വെളിപ്പെടുത്തിയിരിക്കുന്നു".

അദ്ദേഹം തുടർന്നു, "ഇത് ദൈവത്തിന്‍റെ തെരഞ്ഞെടുപ്പായതിനാല്‍ അയാള്‍ പരിശുദ്ധനായിരിക്കണം. ദൈവം നിശ്ചയിച്ച ഒരു പുരുഷനെ പൂര്‍ണ്ണവിശ്വാസത്തോടെ ദൈവത്താല്‍ അനുഗൃഹീതയായ കന്യകയെ ഏല്‍പ്പിക്കുന്നു. ഞാനും അവളെ അനുഗ്രഹിക്കുന്നു. അദ്ദേഹം പുഷ്പങ്ങളോട് കൂടിയ കമ്പ് എടുത്ത് കന്യകയുടെ ഭര്‍ത്താവിന്‍റെ പേര് പ്രസ്താവിച്ചു. ഗലീലിയായിലെ നസ്രത്തിലുള്ള ദാവീദിന്‍റെ വംശത്തില്‍പെട്ട, ബെത്‌ലഹേമിലെ യാക്കോബിന്‍റെ മകന്‍ ജോസഫ്‌." പ്രധാനപുരോഹിതന്‍ ജോസഫിന്റെ കൈയില്‍ അദ്ദേഹത്തിന്റെ പേരെഴുതിയ പൂക്കളോട് കൂടിയ കമ്പ് നൽകി, തോളില്‍ കൈവച്ചുകൊണ്ട് പറഞ്ഞു : "നിനക്ക് കര്‍ത്താവ് തന്നിരിക്കുന്ന മണവാട്ടി ധനികയല്ല. എന്നാല്‍, എല്ലാ നന്മകളും അവളിലുണ്ട്. ഉത്തമ ദമ്പതികളാകുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ."പ്രധാന പുരോഹിതനു മുന്നിൽ ജോസഫ് പ്രതിജ്ഞ ചെയ്തു."എന്‍റെ ശക്തിയും പുരുഷനെന്ന നിലയ്ക്കുള്ള അധികാരവും എല്ലാം അവളുടെ സേവനത്തിനായി നല്‍കുന്നു. അവള്‍ക്കു വേണ്ടിയുള്ള ഏതു ത്യാഗവും എനിക്ക് അധികമാകുകയില്ല".

അനന്തരം ജോസഫ്, മേരിയെ സമീപിച്ച് ഇപ്രകാരം പറഞ്ഞു."ചെറുപ്പം മുതലേ ഞാന്‍ എന്നെത്തന്നെ കര്‍ത്താവിന് സമര്‍പ്പിച്ചിരുന്നു. നിന്‍റെ ത്യാഗത്തോടുകൂടി എന്‍റേതും ഞാന്‍ ചേര്‍ക്കുന്നു. നിന്‍റെ കന്യാത്വത്തേയും എന്‍റെ ബ്രഹ്മചര്യത്തെയും അര്‍പ്പിച്ചുകൊണ്ട് നിത്യനായ പിതാവിനെ നമുക്കു സ്നേഹിക്കാം. പ്രകാശത്തിന്‍റെ വചനങ്ങള്‍‍ ഞാന്‍ അര്‍ഹിക്കുന്നില്ല. എങ്കിലും അതിന്‍റെ നേരിയ ഒരു സ്വരം എന്‍റെ പക്കല്‍ എത്തുന്നുണ്ട്. നിന്‍റെ രഹസ്യത്തിന്‍റെ അന്തര്‍ധാരകള്‍ മനസ്സിലാക്കാന്‍ അത് എന്നെ സഹായിക്കുന്നു. ഞാന്‍ ഒരു സാധു മനുഷ്യനാണ്. വിദ്യാഭ്യാസവും സമ്പാദ്യവും ഒന്നുമില്ലാത്ത ഒരു തൊഴിലാളി. എന്നാല്‍ നിന്‍റെ പാദത്തിങ്കല്‍ എന്‍റെ നിധി ഞാന്‍ അര്‍പ്പിക്കുന്നു. എന്‍റെ സമ്പൂര്‍ണ്ണ വിരക്തിയാണത്. ദൈവത്തിന്‍റെ കന്യകയായ നിന്‍റെ സമീപത്തു നില്‍ക്കുന്നതിനുവേണ്ടി എന്നന്നേക്കുമായി ഇതു ഞാന്‍ നിനക്കു തരുന്നു.." ഇതു കേട്ട് മേരിയുടെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു.

വിവാഹ ദിനത്തിൽ ഭംഗിയായി മുടി പിന്നിക്കെട്ടി, അമ്മയുടെ ശിരോവസ്ത്രം തലയില്‍ അണിഞ്ഞു, വെള്ളത്തുകല്‍‍ ചെരുപ്പുകള്‍ ധരിച്ചു, അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയ മേരിക്ക് "എന്‍റെ മണവാട്ടി, നിനക്കു സമാധാനം"! എന്ന് പറഞ്ഞുകൊണ്ട് ജോസഫ് പൂക്കുലകള്‍ സമ്മാനിച്ചു. പ്രധാന പുരോഹിതന്‍ വധുവിന്‍റെ വലതുകരം വരന്റെ വലതുകരത്തോടു ചേര്‍ത്തു പിടിച്ചുകൊണ്ട് അവരെ ആശീര്‍വാദിച്ചു. "അബ്രഹാമിന്‍റെയും ഇസഹാക്കിന്റെയും യാക്കോബിന്‍റെയും ദൈവം നിങ്ങളോട് കൂടെ ഉണ്ടായിരിക്കട്ടെ. നിങ്ങളെ യോജിപ്പിച്ച ദൈവത്തിന്റെ അനുഗ്രഹം നിങ്ങളില്‍ പൂർത്തിയാകുകയും ദീര്‍ഘായുസ്സും അബ്രഹമിന്‍റെ മടിയിലേക്ക്‌ നിങ്ങളെ പ്രവേശിപ്പിക്കുന്ന ഭാഗ്യമരണവും നിങ്ങൾക്ക് പ്രദാനം ചെയ്യും".

സാധാരണക്കാര്‍ ഒരു വലിയ പുണ്യമെന്നുമാത്രം കരുതുന്ന കന്യാത്വം എന്ന രഹസ്യത്തെ ജോസഫ് മാനുഷികമായ അറിവു കൊണ്ടല്ല, സ്വഭാവാതീതമായ ജ്ഞാനത്താലാണ് കണ്ടത്. അവരുടെ ആദ്ധ്യാത്മിക സമ്പര്‍ക്കത്തില്‍ അധരങ്ങള്‍ കൊണ്ടുള്ള സംസാരമല്ല പകരം ആത്മാവിന്‍റെ ചേതനയില്‍ രണ്ടു ഹൃദയങ്ങളാണ് സംസാരിച്ചിരുന്നത്. അവിടെ ദൈവത്തിനു മാത്രമേ അവരുടെ സ്വരം കേള്‍ക്കാന്‍ കഴിയൂ.

ജോസഫ്, പൗരുഷത്തിന്‍റെ മാതൃകയായ മനുഷ്യനെങ്കിലും വിരക്ത ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. പറുദീസായുടെ കാവല്‍ദൂതനെപ്പോലെ ദൈവത്തിന്‍റെ വിശുദ്ധ പേടകത്തിന്‍റെ കാവല്‍ക്കാരനായിരുന്നു ജോസഫ് ! നിര്‍മ്മലയായി തനിക്കു ലഭിച്ച മറിയത്തെ ദൈവത്തിനു വേണ്ടി നിര്‍മ്മലയായി കാത്തുസൂക്ഷിച്ച ജോസഫ് അവളുടെ വിശ്വസ്ത സേവനത്തിനായി സ്വയം നല്‍കുകയായിരുന്നു .ദൈവിക രഹസ്യങ്ങള്‍ ഗ്രഹിക്കാനുള്ള ജ്ഞാനം സിദ്ധിച്ച ജോസഫിന്‍റെ അസ്ഥിയില്‍ നിന്നുള്ള അസ്ഥിയും മാംസത്തില്‍ നിന്നുള്ള മാംസവുമല്ല, അതിലും ഉപരിയായിരുന്നു മേരി.ലോക രക്ഷകനെയും അമ്മയെയും ശത്രുക്കളുടെ കെണിയില്‍ നിന്ന് രക്ഷിക്കുവാന്‍ നിയോഗിക്കപ്പെട്ട ജോസഫിന് സ്തുതിയുണ്ടായിരിക്കട്ടെ!

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

#repost


Related Articles »