News - 2025
നോട്രഡാം കത്തീഡ്രൽ പുനർനിർമ്മാണത്തിന് കൊച്ചു സമ്പാദ്യം പങ്കുവച്ച് കുഞ്ഞു കയ്റ്റലിന്‍
സ്വന്തം ലേഖകന്‍ 29-04-2019 - Monday
ലണ്ടന്‍: നോട്രഡാം കത്തീഡ്രൽ പുനർനിർമ്മാണത്തിനായി തന്റെ കൊച്ചു സമ്പാദ്യം പങ്കുവച്ച ഒമ്പത് വയസ്സുകാരിയെ കുറിച്ചുള്ള വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുന്നു. ഈ മാസം അഗ്നിക്കിരയായ നോട്രഡാം കത്തീഡ്രൽ പുനർനിർമ്മാണത്തിനായി ഇതുവരെ 850 മില്യൺ പൗണ്ടാണ് ലഭിച്ചത്. ഇതിനിടയിലാണ് കത്തീഡ്രൽ പുനർനിർമ്മാണത്തിനായി 9 വയസ്സുകാരിയായ കയ്റ്റലിന്‍ ഹാൻഡ്ലി എന്ന ബ്രിട്ടീഷ് പെൺകുട്ടി തന്റെ ചെറിയ സമ്പാദ്യമായ 3.38 പൗണ്ട് പങ്കുവെച്ചിരിക്കുന്നത്. ദേവാലയത്തിനു വേണ്ടി സംഭാവന സ്വീകരിക്കാൻ ഫ്രഞ്ച് സർക്കാർ നിയോഗിച്ചിരിക്കുന്ന ഫോണ്ടേഷൻ ഡു പാട്രിമോയിണി എന്ന സംഘടനയ്ക്കാണ് പെൺകുട്ടി തന്റെ സമ്പാദ്യം നൽകിയത്.
പുനര്‍നിര്‍മ്മാണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷ അറിയിച്ചുകൊണ്ടുള്ള കുറിപ്പും കാറ്റലിൻ സംഘടനയ്ക്കു നല്‍കിയിട്ടുണ്ട്. "ഫ്രാൻസിലെയും പാരീസിലെയും പ്രിയപ്പെട്ടവരെ, എന്റെ പേര് കയ്റ്റലിന്‍ ഹാൻഡ്ലി എന്നാണ്. എനിക്ക് ഒമ്പത് വയസ്സാണ് ഞാൻ ഇംഗ്ലണ്ടിൽ താമസിക്കുന്നു. നോട്രഡാം തീപിടുത്തത്തെ കുറിച്ച് റേഡിയോയിൽ കേട്ടു, ഇത് ഒരുപാട് ഒന്നുമില്ലെന്ന് എനിക്കറിയാം. ചെറിയ തുകയും സഹായകരമാകും, പുനർനിർമ്മാണത്തിനായി ഒരുപാട് നാൾ എടുക്കില്ല എന്ന് കരുതുന്നു" കാറ്റലിൻ സംഘടനയ്ക്ക് അയച്ച കത്തിൽ ഇപ്രകാരം എഴുതി.
തന്റെ മകൾ കത്തീഡ്രലിന്റെ പഴക്കത്തെ പറ്റി കേട്ടതുമുതൽ വലിയ വിഷമത്തിലായിരുന്നവെന്ന് അവളുടെ പിതാവ് സൈമൺ ഹാൻഡ്ലി അന്താരാഷ്ട്ര മാധ്യമമായ 'സിഎൻഎൻ'നോട് പറഞ്ഞു. കുഞ്ഞു മനസ്സിന്റെ നിഷ്കളങ്കതയുടെ വാര്‍ത്ത മിക്ക അന്താരാഷ്ട്ര മാധ്യമങ്ങളിലും വലിയ ചര്‍ച്ചയാകുകയാണ്. അതേസമയം ദിവസംതോറും വലിയ രീതിയിലുള്ള സംഭാവന കത്തീഡ്രൽ പുനർനിർമ്മാണത്തിനായി തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് 'ഫോണ്ടേഷൻ ഡു പാട്രിമോയിണി' സംഘടനയുടെ വക്താവ് ലോറൻസ് ലെവി പറഞ്ഞു. ഇതുവരെ 164 മില്യൺ പൗണ്ട് സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.
