News
വിദ്വേഷ പ്രബോധനങ്ങള്‍ തടഞ്ഞില്ലേല്‍ ഇനിയും ക്രൈസ്തവ നരഹത്യയുണ്ടാകും: ഫ്രഞ്ച് ഇമാമിന്റെ തുറന്നുപറച്ചില്‍
സ്വന്തം ലേഖകന്‍ 29-04-2019 - Monday
പാരീസ്: ഇസ്ലാമിലെ വിദ്വേഷ പ്രബോധനങ്ങള്‍ മനുഷ്യ ബോംബ് സൃഷ്ട്ടിക്കുവാന്‍ വഴിയൊരുക്കുന്നുവെന്നും മതതീവ്രവാദത്തെ ധൈര്യപൂര്‍വ്വം നേരിടുന്നതിനോ അവസാനിപ്പിക്കുന്നതിനോ മുസ്ലീം മതമേലധ്യക്ഷന്‍മാര്‍ തയ്യാറാകാത്തിടത്തോളം ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം തുടരുമെന്നും ഫ്രഞ്ച് ഇമാമിന്റെ തുറന്നുപറച്ചില്‍. ഫ്രാന്‍സിലെ ഇമാം കോണ്‍ഫറന്‍സിന്റെ വൈസ് പ്രസിഡന്റും, നീംസിലെ ഇമാമുമായ പ്രൊഫ. ഹൊസിനെ ഡ്രോയിച്ചെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ക്രിസ്ത്യാനികള്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന തീവ്രവാദി ആക്രമണങ്ങളെ അപലപിച്ച ഇമാം, ആഗോളതലത്തില്‍ ക്രൈസ്തവര്‍ പ്രത്യേകിച്ച് കത്തോലിക്കര്‍ തീവ്രവാദത്തിനും, അടിച്ചമര്‍ത്തലിനും, കൂട്ടക്കൊലക്കും ഇരയായിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. സിറിയ, ഇറാഖ്, ഈജിപ്ത് എന്നിവിടങ്ങളില്‍ ക്രൈസ്തവര്‍ യുദ്ധങ്ങളുടെ അനന്തര ഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാന്യൂസിന് അയച്ച കുറിപ്പില്‍ അദ്ദേഹം കുറിച്ചു.
ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള വിദ്വേഷം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിന്റെ തെളിവാണ് ശ്രീലങ്കയിലെ തീവ്രവാദി ആക്രമണം. ഓരോ വര്‍ഷവും ജീവന്‍ രക്ഷക്കും, സ്കൂളുകള്‍ പണിയുന്നതിനുമായി കത്തോലിക്ക സമൂഹം കോടികളാണ് ചിലവഴിക്കുന്നത്. എങ്കിലും പാശ്ചാത്യ മതനിരപേക്ഷ രാജ്യങ്ങളുടെ വികലമായ പോളിസികള്‍ കാരണം ക്രിസ്ത്യാനികളാണ് സഹിക്കുന്നത്. ഖുറാന്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ടെങ്കില്‍, ക്രിസ്റ്റ്യാനോഫോബിയയ്ക്കെതിരായി (ക്രിസ്തുമതവിരുദ്ധത) മുസ്ലീം ലോകം ശബ്ദമുയര്‍ത്തേണ്ടതാണെന്ന് പ്രൊഫ. ഹൊസിനെ വിവരിച്ചു.
ധൈര്യമുള്ളവരില്‍ നിന്നുമാണ് ഇസ്ലാമിന്റെ നവോത്ഥാനം ആരംഭിക്കുകയെന്നും പ്രൊഫ. ഹൊസിനെ തുറന്നടിച്ചു. ഇസ്ലാമിനെ സംരക്ഷിക്കേണ്ടതിനും, ഇസ്ലാമിക തീവ്രവാദികള്‍ നിരപരാധികളെ കൊന്നൊടുക്കുന്നത് തടയുന്നതിനുമായി മുസ്ലീമുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. മതവിദ്വേഷത്തിനും, ഇസ്ലാമിക പുരോഹിതന്‍മാരുടെ വിദ്വേഷപരമായ പ്രബോധനങ്ങളുടേയും കാര്യത്തില്‍ നിശബ്ദരായിരിക്കുന്നവര്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്യുന്നത്. ഇസ്ലാം മനുഷ്യ സ്നേഹത്തില്‍ നിന്നും, സാഹോദര്യത്തില്‍ നിന്നും അകന്ന് അക്രമത്തോടു കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പ് നല്‍കികൊണ്ടാണ് അദ്ദേഹത്തിന്റെ പ്രസ്താവന അവസാനിക്കുന്നത്.
