India - 2024

132-ാമത് ചങ്ങനാശേരി അതിരൂപതാ ദിനാഘോഷം മെയ് 20ന്

സ്വന്തം ലേഖകന്‍ 04-05-2019 - Saturday

ചങ്ങനാശേരി: നൂറ്റിമുപ്പത്തിരണ്ടാമത് ചങ്ങനാശേരി അതിരൂപതാദിനാഘോഷം മെയ് 20 തിങ്കളാഴ്ച കുറ്റിച്ചല്‍ ലൂര്‍ദ്ദ്മാതാ എന്‍ഞ്ചിനീയറിങ്ങ് കോളേജില്‍ ദൈവദാസന്‍ ഫാ. അദെയോദാത്തൂസ് നഗറില്‍ നടക്കും. അമ്പൂരി ഫൊറോന ആതിഥേയത്വമരുളുന്ന ആദ്യ അതിരൂപതാദിനം അവിസ്മരണീയമാക്കുവാനുള്ള വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഇന്നലെ അതിരൂപതാ കേന്ദ്രത്തില്‍ കൂടിയ അവലോകന യോഗത്തില്‍ മാര്‍ ജോസഫ് പവ്വത്തില്‍ അതിരൂപതാദിന ലോഗോമാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.

കേരളത്തിലെ അഞ്ച് ജില്ലകളില്‍ മുന്നൂറോളം ഇടവകകളിലായി എണ്‍പതിനായിരം കുടുംബാംഗങ്ങളിലെ അഞ്ചു ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ പ്രതിനിധികളും, വൈദീകരും, സന്യസ്തപ്രതിനിധികളും പരിപാടികളില്‍ പങ്കെടുക്കും. മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ഈ സംഗമത്തില്‍ അഭി. പിതാക്കന്മാരെ കൂടാതെ മറ്റ് വിശിഷ്ട വ്യക്തികളും സംബന്ധിക്കും. അതിരൂപത നല്കുന്ന പരമോന്നത ബഹുമതിയായ എക്‌സലന്‍സ് അവാര്‍ഡ് അന്നേദിവസം സമ്മാനിക്കും.

സംസ്ഥാന ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ അംഗീകാരം നേടിയ അതിരൂപതാംഗങ്ങളെ പ്രത്യേകമായി ആദരിക്കും. അതിരൂപതയെ സംബന്ധിക്കുന്ന വിവിധ പ്രഖ്യാപനങ്ങളും അന്നേദിവസം നടക്കും. അതിരൂപതാ ദിനത്തിന് മുന്നോടിയായി മെയ് 12 ഞായറാഴ്ച അതിരൂപതയിലെ എല്ലാ പള്ളികളിലും ഇടവകതല ആഘോഷപരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്. അന്നേദിവസം അര്‍പ്പിക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാന മദ്ധ്യേ മാര്‍. ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ സര്‍ക്കുലര്‍ വായിക്കും.

അതിരൂപതാ ദിനം വിളമ്പരം ചെയ്ത് പേപ്പല്‍ പതാക ഉയര്‍ത്തുകയും, അതിരൂപതാ ആന്തം ആലപിക്കുകയും, അതിരൂപതാദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്യും. മെയ് 12 മുതല്‍ 19 വരെ അതിരൂപതയില്‍ പ്രാര്‍ത്ഥനാ വാരചരണവും ക്രമീകരിച്ചിട്ടുണ്ട്. 18-ാം തീയതി ശനിയാഴ്ച മായം സെന്റ് മേരീസ് പള്ളിയിലെ ദൈവദാസന്‍ ഫാ. അദെയോദാത്തൂസിന്റെ സ്മ്യതി മണ്ഡപത്തില്‍ നിന്നും അമ്പൂരി സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയിലേയ്ക്ക് യുവദീപ്തിയുടെ ആഭിമുഖ്യത്തില്‍ ദീപശിഖാ-ഛായാചിത്ര പ്രയാണം ക്രമീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് ആഘോഷമായ സായാഹ്ന പ്രാര്‍ത്ഥനയും അനുസ്മരണ പ്രഭാഷണവും നടക്കും.


Related Articles »