News - 2024

തിരുവോസ്തി ഓണ്‍ലൈനില്‍ വില്‍പ്പനക്ക്: 'എറ്റ്സി'ക്കെതിരെ പ്രതിഷേധം ശക്തം

സ്വന്തം ലേഖകന്‍ 10-05-2019 - Friday

ന്യൂയോര്‍ക്ക്: കരകൗശല നിര്‍മ്മിതികള്‍, പഴയ വിലപിടിപ്പുള്ള സാധനങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന ഇ-കൊമ്മേഴ്സ് കമ്പനിയായ എറ്റ്സി.കോം (Etsy.com) വെബ്സൈറ്റില്‍ പരികര്‍മ്മം ചെയ്ത തിരുവോസ്തി സാത്താന്‍ ആരാധകരുടെ കറുത്ത കുര്‍ബാനക്കും, ആഭിചാരകര്‍മ്മങ്ങള്‍ക്കും ഉപയോഗിക്കുവാന്‍ വേണ്ടി പരസ്യമായി വില്‍പ്പനക്കുവെച്ചത് കത്തോലിക്കര്‍ക്കിടയില്‍ ആശങ്കയുളവാക്കുന്നു. തിരുവോസ്തി വില്‍ക്കുന്നതിന് പെന്റാഗോര എന്ന കച്ചവട സ്ഥാപനത്തിനാണ് ഏറ്റ്സി അനുവാദം നല്‍കിയിരിക്കുന്നത്.

“ഔദ്യോഗിക പുരോഹിതനാല്‍ ആശീര്‍വദിക്കപ്പെട്ട യഥാര്‍ത്ഥ കത്തോലിക്കാ തിരുവോസ്തി!! 9 എണ്ണം***!! ജര്‍മ്മനിയില്‍ നിര്‍മ്മിക്കപ്പെട്ടത്!! കറുത്ത കുര്‍ബാന മന്ത്രവാദം സാത്താനിസം” എന്ന വിവരണത്തോടെയാണ് തിരുവോസ്തി വില്‍പ്പനക്ക് വെച്ചിരിക്കുന്നത്.” തിരുവോസ്തി വിറ്റുപോയെങ്കിലും, വില്‍പ്പന പട്ടികയില്‍ ഇപ്പോഴും ഈ വിവരണം ഉണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇതിനെതിരെ വന്‍ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.



“എറ്റ്സിയുമായി ഇടപാട് നടത്തുന്ന കത്തോലിക്കാ വിശ്വാസികളെ! വിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്നതിനായി ആശീര്‍വദിക്കപ്പെട്ട തിരുവോസ്തി വില്‍പ്പനക്ക് വെച്ച ഈ സ്ഥാപനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യൂ (ഇപ്പോള്‍ സാധനം “വിറ്റുപോയി” എന്നാണ് കാണിക്കുന്നത്. ഒരു കത്തോലിക്കാ സഹോദരന്‍ ബാക്കിയുള്ളവ വാങ്ങിച്ച് ഒരു പുരോഹിതന് കൈമാറിയിട്ടുണ്ട്)” എന്നാണ് ഇതിനെക്കുറിച്ച് ഒരു വിശ്വാസി ട്വീറ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ഈ തിരുവോസ്തികള്‍ അധികാരപ്പെട്ട പുരോഹിതനാല്‍ ആശീര്‍വദിക്കപ്പെട്ടതാണോ എന്നതിന് വ്യക്തമായ തെളിവില്ലെന്നാണ് കാനോന്‍ അഭിഭാഷകനായ എഡ്വാര്‍ഡ് പീറ്റര്‍ പറയുന്നത്. വിദ്വേഷം, അക്രമം എന്നിവക്ക് കാരണമാകുന്ന സാധനങ്ങള്‍ വില്‍ക്കുവാന്‍ പാടില്ല എന്ന് എറ്റ്സിയുടെ നിരോധിക്കപ്പെട്ട സാധനങ്ങളെക്കുറിച്ചുള്ള പേജില്‍ പറയുന്നുണ്ടെന്നതു ശ്രദ്ധേയമാണ്. അതേസമയം എറ്റ്സി.കോം വഴി ഇനി ഒരു സാധനം പോലും വാങ്ങിക്കരുതെന്ന ആഹ്വാനങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


Related Articles »