News - 2025
വിങ്ങിയ ഹൃദയവുമായി ശ്രീലങ്കയില്‍ ഞായറാഴ്ച ബലിയര്‍പ്പണത്തിന് പുനഃരാരംഭം
സ്വന്തം ലേഖകന്‍ 13-05-2019 - Monday
കൊളംബോ: ആഗോള മനസാക്ഷിയെ ഞെട്ടിച്ച് ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ സ്‌ഫോടനങ്ങള്‍ക്കു ശേഷം ആദ്യമായി കൊളംബോയിലെ കത്തോലിക്കര്‍ ഞായറാഴ്ച ദിവ്യബലിയര്‍പ്പണത്തില്‍ പങ്കെടുത്തു. സായുധ സുരക്ഷാ ഭടന്മാര്‍ ദേവാലയങ്ങള്‍ക്ക് കാവല്‍ നില്‍ക്കുമ്പോഴായിരിന്നു ബലിയര്‍പ്പണം. ദേവാലയ പരിസരത്ത് കാര്‍ പാര്‍ക്കിംഗ് തടഞ്ഞും ദേവാലയത്തിലെത്തുന്നവരെ ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ വിശദമായി പരിശോധിച്ചുമാണ് ഓരോരുത്തര്‍ക്കും പ്രവേശനം നല്കിയത്.
നേരത്തെ ഈസ്റ്റര്‍ സ്ഫോടനങ്ങളെ തുടര്‍ന്നാണ് കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ രഞ്ജിത്ത് മാല്‍ക്കം പരസ്യ ദിവ്യബലിയര്‍പ്പണം താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ അഭ്യര്‍ത്ഥിച്ചത്. വീണ്ടും ക്രൈസ്തവ ദേവാലയങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലായിരിന്നു കര്‍ദ്ദിനാളിന്റെ നിര്‍ദ്ദേശം. തുടര്‍ന്നുള്ള രണ്ട് ഞായറാഴ്ചകളില്‍ കര്‍ദ്ദിനാള്‍ തന്റെ വസതിയിലെ സ്വകാര്യ ചാപ്പലില്‍ അര്‍പ്പിച്ച ബലിയര്‍പ്പണം ശ്രീലങ്കന്‍ ചാനലുകള്‍ തത്സമയ സംപ്രേഷണം നടത്തിയിരിന്നു.
വിശ്വാസികള്‍ ടെലിവിഷന് മുന്നില്‍ മുട്ടുകുത്തി കണ്ണീര്‍ വാര്‍ത്തുകൊണ്ടാണ് ബലിയില്‍ പങ്കുചേര്‍ന്നത്. ഒടുവില്‍ ശ്രീലങ്കന്‍ ക്രൈസ്തവ സമൂഹത്തിന് പരസ്യ ബലിയര്‍പ്പണത്തിന് അനുമതിയായിരിക്കുകയാണ്. ഇസ്ളാമിക തീവ്രവാദികളുടെ നരയാട്ടിനെ തുടര്‍ന്നു കൊല്ലപ്പെട്ട 250-ല്‍ അധികം പേര്‍ വരുന്ന തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി വിങ്ങുന്ന വേദനയോടെയാണ് വിശ്വാസികള്‍ ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നതെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അടച്ചിട്ടിരിക്കുന്ന കത്തോലിക്കാ സ്‌കൂളുകള്‍ നാളെ തുറക്കും.
