Life In Christ - 2025

'ക്രൈസ്തവരായതിന്റെ പേരിൽ ഒറ്റപ്പെടല്‍ ഏറ്റുവാങ്ങാൻ തയ്യാറായിരിക്കുക'

സ്വന്തം ലേഖകന്‍ 15-05-2019 - Wednesday

വിര്‍ജീനിയ: ക്രൈസ്തവരായതിന്റെ പേരിൽ അധിക്ഷേപങ്ങളും ഒറ്റപ്പെടലുകളും ഏറ്റുവാങ്ങാൻ തയ്യാറായിരിക്കണമെന്ന് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളോട് അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. ക്രിസ്ത്യാനിയായതിന്റെ പേരിൽ വിശ്വാസത്തെ പ്രതി പീഡനം ഏൽക്കേണ്ടി വരുമെന്ന് മുന്നറിയിപ്പുനൽകിയ മൈക്ക് പെൻസ് ഒറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങാൻ തയ്യാറായിരിക്കണമെന്നും അമേരിക്കയിലെ ക്രൈസ്തവ സർവകലാശാലയായ ലിബർട്ടി യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രസംഗമധ്യേ കൂട്ടിച്ചേര്‍ത്തു. സർവകലാശാലയിൽനിന്ന് ബിരുദം പൂർത്തിയാക്കി ഇറങ്ങുന്നവർക്കായി സംഘടിപ്പിക്കപ്പെട്ട ചടങ്ങിലായിരിന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.

"അമേരിക്കയുടെ ചരിത്രം പരിശോധിച്ചാൽ, ക്രൈസ്തവ വിശ്വാസിയാണെന്ന് സ്വയം വിശേഷിപ്പിക്കാൻ എളുപ്പമായിരുന്നു. ബൈബിൾ പഠനങ്ങൾക്കു വേണ്ടി നിലകൊണ്ടതിന്റെ പേരിൽ ഒഴിവാക്കപ്പെടുകയോ, അധിക്ഷേപം ഏൽക്കേണ്ടി വരികയോ ചെയ്യുമെന്ന് ആരും കരുതിയിരുന്നില്ല". സഹിഷ്ണുതയ്ക്കു വേണ്ടി ഉച്ചത്തിൽ ഉയർന്നു കേൾക്കുന്ന ശബ്ദങ്ങൾ പലതിനും ക്രൈസ്തവ വിശ്വാസത്തോട് വളരെക്കുറച്ചു സഹിഷ്ണുത മാത്രമേയുളളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽ.ജി.ബി.ടി വിദ്യാർഥികൾക്കും, അധ്യാപകർക്കും വിലക്കേർപ്പെടുത്തിയിരുന്ന ഒരു സ്വകാര്യ സ്കൂളിൽ അധ്യാപികയായി തന്റെ ജീവിത പങ്കാളി ജോലിയിൽ പ്രവേശിച്ചപ്പോൾ തനിക്കും ഭാര്യക്കും മാധ്യമങ്ങളിൽ നിന്നും ഇടതുപക്ഷ ചിന്താഗതിക്കാരിൽ നിന്നും ഏൽക്കേണ്ടിവന്ന വിമർശനങ്ങളെ പറ്റിയുളള അനുഭവങ്ങളും മൈക്ക് പെൻസ് വിവരിച്ചു. ക്രൈസ്തവവിശ്വാസത്തിനു മേൽ നടക്കുന്ന ഈ ആക്രമണങ്ങൾ അമേരിക്കൻ ചിന്താഗതിയുമായി ചേർന്നു പോകുന്നതല്ലായെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വിശ്വാസ സ്വാതന്ത്രം സംരക്ഷിക്കാനായി ട്രംപ് ഭരണകൂടം കഴിഞ്ഞ ഏതാനും മാസങ്ങളിൽ എടുത്ത നടപടികളെപ്പറ്റിയും അമേരിക്കൻ വൈസ് പ്രസിഡന്റ് വാചാലനായി. മനസ്സാക്ഷിക്ക് അനുസൃതമായി ജീവിക്കാനും, പഠിക്കാനും, ദൈവത്തെ ആരാധിക്കാനുമായുള്ള അമേരിക്കക്കാരുടെ അവകാശത്തിനുവേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം സന്ദേശത്തില്‍ വ്യക്തമാക്കി. പല പ്രമുഖ വേദികളിലും തന്റെ ക്രിസ്തീയ വിശ്വാസത്തെ ഉയര്‍ത്തിക്കാട്ടി സംസാരിച്ചിട്ടുള്ള വ്യക്തിത്വമാണ് മൈക്ക് പെന്‍സിന്റേത്.


Related Articles »