News

ഫാ. മൈക്ക് ഷ്മിറ്റ്‌സിന്റെ "10 മിനിറ്റിൽ ബൈബിൾ" ഗ്ലോബല്‍ സൂപ്പര്‍ ഹിറ്റ്

പ്രവാചകശബ്ദം 13-07-2024 - Saturday

കാലിഫോര്‍ണിയ: സുപ്രസിദ്ധ വചന പ്രഘോഷകനും അമേരിക്കന്‍ വൈദികനുമായ ഫാ. മൈക്ക് ഷ്മിറ്റ്‌സിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. "10 മിനിറ്റിൽ ബൈബിൾ" എന്ന തലക്കെട്ടോടെ യൂട്യൂബില്‍ റിലീസ് ചെയ്ത വീഡിയോ പത്തു ലക്ഷത്തിലധികം കാഴ്ചക്കാരുമായി ശ്രദ്ധ നേടുകയാണ്. ജൂലൈ 9ന് പ്രസിദ്ധീകരിച്ച വീഡിയോ ആദ്യ 24 മണിക്കൂറിനുള്ളിൽ 358,000-ലധികം കാഴ്‌ചക്കാരെ സ്വന്തമാക്കിയിരിന്നു. അസെൻഷൻ ആൻഡ് കൊറോണേഷൻ മീഡിയ നിർമ്മിച്ച വീഡിയോ മൂന്നു ദിവസത്തിനിടെ പത്തു ലക്ഷത്തോളം കാഴ്ചക്കാരെയാണ് ആകര്‍ഷിച്ചതെന്നതും ശ്രദ്ധേയമാണ്.

ബൈബിളിനെ കുറിച്ചുള്ള ഏറ്റവും മനോഹരമായ വിവരണമെന്നാണ് പലരും സോഷ്യല്‍ മീഡിയായില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം കൊണ്ട് 160,000 കാഴ്‌ചകളുടെ മുൻ റെക്കോർഡാണ് ഫാ. ഷ്മിറ്റ്സ് തിരുത്തിയതെന്ന് അസൻഷൻ പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തു ലക്ഷത്തിലധികം കാഴ്ചക്കാരെ കൂടാതെ ഇരുപത്തിനായിരത്തോളം പേര്‍ ലൈക്ക് നല്‍കിയിട്ടുണ്ട്. മനോഹരമായ ആനിമേഷന്‍ ഉപയോഗിച്ചാണ് ബൈബിളിനെ കുറിച്ചുള്ള വിവരണം മുന്നോട്ട് പോകുന്നത്. വീഡിയോ ക്രിസ്തു വിശ്വാസത്തിലേക്ക് നയിക്കുകയാണെന്ന് രേഖപ്പെടുത്തിയ നിരവധി പേര്‍ കമന്‍റ് സെക്ഷനില്‍ ഉണ്ടെന്നതും ശ്രദ്ധേയമാണ്.

മിനസോട്ട-ഡുലുത്ത് സർവകലാശാലയിൽ ചാപ്ലിനായും ഡുലുത്ത് രൂപതയുടെ യൂത്ത് മിനിസ്ട്രി ഓഫീസിൻ്റെ ഡയറക്ടറായും സേവനമനുഷ്ഠിക്കുന്ന വൈദികനാണ് ഫാ. മൈക്ക്. 2015-ൽ ആണ് "അസെൻഷൻ പ്രസൻ്റ്സ്" എന്ന യൂട്യൂബ് സീരീസ് ഹോസ്റ്റുചെയ്യാൻ അദ്ദേഹം ആരംഭിച്ചത്. ഇത് ഏറെ ശ്രദ്ധ നേടിയതോടെ അദ്ദേഹത്തിൻ്റെ വിവിധ പോഡ്‌കാസ്റ്റുകൾ, പുസ്തകങ്ങൾ, സംഭാഷണങ്ങൾ എന്നിവയ്ക്ക് കത്തോലിക്കാ പ്രേക്ഷകർക്കിടയിൽ ജനപ്രീതിയാര്‍ജ്ജിച്ചിരിന്നു. അദ്ദേഹത്തിൻ്റെ "ബൈബിൾ ഇൻ എ ഇയർ" എന്ന പോഡ്‌കാസ്റ്റ് മില്യണ്‍ കണക്കിന് ഡൌണ്‍ലോഡുമായി ആഗോള ശ്രദ്ധ നേടിയിരിന്നുവെന്നതും ശ്രദ്ധേയമാണ്.


Related Articles »