News
ശ്രീലങ്കൻ സ്ഫോടന പരമ്പര: മുസ്ലീം നേതാക്കള്‍ ക്ഷമാപണം നടത്തി
സ്വന്തം ലേഖകന്‍ 16-05-2019 - Thursday
കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നൂറുകണക്കിന് നിരപരാധികളുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരയുടെ പേരില്‍ മുസ്ലീം മതനേതാക്കള്‍ ക്ഷമാപണം നടത്തി. മെയ് 14-ന് കൊളംബോയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് ദി ഓള്‍ സിലോണ്‍ ജാമിയത്തുള്‍ ഉലമയുടെ പ്രാദേശിക പ്രസിഡന്റായ മൗലവി ഫാറൂദ് ഫാറൂഖ് രാജ്യത്തെ മുഴുവന്‍ മുസ്ലീം സമുദായത്തിനും വേണ്ടി ക്ഷമ ചോദിച്ചത്. മെത്തഡിസ്റ്റ് സഭാ മെത്രാന്‍ അസീരി പെരേര, സിലോണ്‍ പ്രൊട്ടസ്റ്റന്റ് സഭയുടെ കൊളംബോ രൂപതാ മെത്രാന്‍ ദിലോരാജ് കനഗസബൈ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
ഈ ആക്രമണവുമായി രാജ്യത്തെ മുസ്ലീം സമുദായത്തിന് യാതൊരു ബ്വന്ധവുമില്ലെന്നും, ചില തീവ്രവാദി സംഘടനകളുടെ ക്രൂരമായ പ്രവര്‍ത്തിയാനിതെന്നും മൗലവി ഫാറൂദ് ഫാറൂഖ് പറഞ്ഞു. നിന്ദ്യമായ ഈ ആക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നവര്‍ മതമോ ദൈവവിശ്വാസമോ ഇല്ലാത്തവരാണെന്നും, അതുകൊണ്ടാണ് അവരുടെ മൃതദേഹങ്ങള്‍ ഇസ്ലാമിക സെമിത്തേരികളില്‍ അടക്കാതിരുന്നതെന്നും, ഖുറാനിലോ, പ്രവാചകനോ ഇത്തരം പ്രവര്‍ത്തികളെക്കുറിച്ച് യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ലന്നും അദ്ദേഹം വിവരിച്ചു. 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റിനെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ മുസ്ലീങ്ങള്‍ക്ക് അവരുമായി യാതൊരു ബന്ധവുമില്ലെന്ന് തങ്ങള്‍ വ്യക്തമാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അക്രമങ്ങള്‍ ഒഴിവാക്കണമെന്നും, സമാധാനം പാലിക്കണമെന്നുമാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ക്രിസ്ത്യന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചത്. “ഞങ്ങള്‍ മുഴുവന്‍ മുസ്ലീങ്ങള്‍ക്കും ഒരു സന്ദേശം നല്‍കുവാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു. നിങ്ങളല്ല ഇത് ചെയ്തത്. ഇത് ചെയ്തവര്‍ നിങ്ങളുടെ പേരിന് കളങ്കം വരുത്തുകയാണ് ചെയ്തത്". മെത്രാന്‍ പെരേര പറഞ്ഞു. കുരിശുമരണം വരിച്ച യേശുവാണ് നിങ്ങളോട് ക്ഷമിക്കേണ്ടതെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ നിയമങ്ങള്‍ പാലിക്കുവാനും അക്രമങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുവാനുമാണ് മെത്രാന്‍ കനഗസബൈ ആവശ്യപ്പെട്ടത്. ലോകത്തെ ഞെട്ടിപ്പിച്ച ഏപ്രില്‍ 21-ലെ കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തുവെങ്കിലും, പ്രാദേശിക സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ഈ ആക്രമണങ്ങളുടെ പിന്നിലെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. സ്ഫോടന പരമ്പരയില്‍ നടുങ്ങിവിറച്ചിരിക്കുന്ന ശ്രീലങ്കന്‍ ജനതക്ക് അല്‍പ്പമെങ്കിലും ആശ്വാസം പകരുന്നതായിരുന്നു ഈ വാര്‍ത്താ സമ്മേളനം.