India - 2025
കത്തോലിക്കാ സഭാസമൂഹം ഭാരതത്തിനു നല്‍കിയ സംഭാവനകള്‍ വലുത്: കര്‍ണാടക മുന്‍ ചീഫ് സെക്രട്ടറി
സ്വന്തം ലേഖകന്‍ 21-05-2019 - Tuesday
തിരുവനന്തപുരം: കത്തോലിക്കാ സഭാസമൂഹം ഭാരതത്തിനു നല്‍കിയ സംഭാവനകള്‍ വലുതാണെന്നു കര്‍ണാടക മുന്‍ ചീഫ് സെക്രട്ടറി ഡോ.ജെ. അലക്‌സാണ്ടര്‍. കുറ്റിച്ചല്‍ ലൂര്‍ദ് മാതാ എന്‍ജിനിയറിംഗ് കോളജിലെ ദൈവദാസന്‍ ഫാ. അദെയോദാത്തൂസ് ഒസിഡി നഗറില്‍ നടന്ന 132ാമത് ചങ്ങനാശേരി അതിരൂപത ദിനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകായിരുന്നു അദ്ദേഹം. ക്രൈസ്തവ സഭാസമൂഹം വലിയ വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യാടിസ്ഥാനത്തില്‍ ക്രൈസ്തവ സമൂഹം ന്യൂനപക്ഷമാണ്. എന്നാല്‍ ആതുരശുശ്രൂഷ, വിദ്യാഭ്യാസം, സമൂഹനന്മ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ ഈ സമൂഹം നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്. വിശ്വാസത്തിന്റെയും പാരന്പര്യത്തിന്റെയും ദീപം പരത്തുന്നതിന് നമുക്കു സാധിക്കട്ടെ. സമൂഹത്തില്‍ പ്രകാശം പരത്തേണ്ട ചുമതല സഭാസമൂഹത്തിനുണ്ട്. ചങ്ങനാശേരി അതിരൂപതയ്ക്കു അതിപുരാതന ചരിത്രമാണ് പറയാനുള്ളത്. പകര്‍ന്നുകിട്ടിയ വിശ്വാസത്തിന്റെ പ്രകാശമാണ് ഈ അതിരൂപതാദിനത്തിലെ വിശ്വാസികളുടെ വലിയ പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു.
ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷനായിരുന്നു. പൊതുസമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സപ്തതി സ്മാരക ഭവന നിര്‍മാണ പദ്ധതികളുടെ സമര്‍പ്പണം ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. 93 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു.
അതിരൂപതാദിനത്തോടനുബന്ധിച്ചുള്ള എക്‌സലന്‍സ് അവാര്‍ഡ് ബംഗളുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് മുന്‍ ഡയറക്ടര്‍ പ്രഫ.ജെ. ഫിലിപ്പിന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സമ്മാനിച്ചു. ഉന്നത നേട്ടങ്ങള്‍ കൈവരിച്ച അതിരൂപതാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ജേതാക്കളെ പിആര്‍ഒ അഡ്വ. ജോജി ചിറയില്‍ പരിചയപ്പെടുത്തി. മികച്ച പാരീഷ് കൗണ്‍സിലിനെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ആന്റണി മാത്യൂസ് പരിചയപ്പെടുത്തി. പ്രഫ.ജെ.ഫിലിപ്പ് മറുപടി പ്രസംഗം നടത്തി. അതിരൂപതാദിനത്തിന്റെ കോഓര്‍ഡിനേറ്റര്‍ റവ.ഡോ.സോണി മുണ്ടുനടയ്ക്കല്‍ നന്ദി പറഞ്ഞു. അതിരൂപതയിലെ 16 ഫൊറോനകളിലെ 230 ഇടവകകളില്‍ നിന്നായി 3500ഓളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്.
