News - 2024

'ക്രൈസ്തവര്‍ക്ക് അടിയന്തര സഹായം അനിവാര്യം': ഇറാഖി ബിഷപ്പ് ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറിയോട്

സ്വന്തം ലേഖകന്‍ 24-05-2019 - Friday

ലണ്ടന്‍: വംശഹത്യക്ക് ഇരയായ ക്രൈസ്തവർക്കും മറ്റ് വിഭാഗങ്ങളിൽപ്പെട്ടവർക്കും അടിയന്തര സഹായമഭ്യർത്ഥിച്ച് ഇര്‍ബിലിലെ കൽദായ കത്തോലിക്കാ സഭ ആർച്ച് ബിഷപ്പ് ബാഷർ വർധ ബ്രിട്ടനിലെത്തി, ഫോറിൻ സെക്രട്ടറി ജെറമി ഹണ്ടുമായി കൂടിക്കാഴ്ച നടത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരും ചര്‍ച്ച നടത്തിയത്. രാജ്യത്ത് സുരക്ഷ ഒരുക്കാനും, ക്രൈസ്തവർക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള വിവേചനം അവസാനിപ്പിക്കാനും ബ്രിട്ടൻ ഇറാഖിനു മേൽ നയതന്ത്ര സമ്മർദ്ധങ്ങൾ ചെലുത്തണമെന്ന് ആർച്ച് ബിഷപ്പ് അഭ്യര്‍ത്ഥിച്ചു.



2003 ന് മുമ്പ് 15 ലക്ഷം ഉണ്ടായിരുന്ന ക്രൈസ്തവ ജനസംഖ്യ ഇസ്ലാമിക് സ്റ്റേറ്റിന്റെ വരവോടുകൂടി ഒന്നരലക്ഷമായി മാറിയെന്ന്‍ അദ്ദേഹം ബ്രിട്ടീഷ് നേതൃത്വത്തെ അറിയിച്ചു. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് ഹൗസ് ഓഫ് കോമൺസിൽ സംഘടിപ്പിച്ച കൂട്ടായ്മയിലും ആർച്ച് ബിഷപ്പ് ബാഷർ വർധ പങ്കെടുത്തു. തന്റെ ആളുകൾ ഇരുണ്ട നിമിഷങ്ങളുടെ ഓർമ്മയിൽ നിന്നും പുറത്തു കടക്കണമെങ്കിൽ ബ്രിട്ടീഷ് സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണമെന്ന് ബിഷപ്പ് പറഞ്ഞു. ആഗോളതലത്തിൽ പീഡനമേൽക്കുന്ന ക്രൈസ്തവ സമൂഹത്തെ പറ്റി പഠനം നടത്തുന്നതിന് ജെറമി ഹണ്ടിന് അദ്ദേഹം നന്ദി പറഞ്ഞു.



ബ്രിട്ടീഷ് സർക്കാറിന്റെ നടപടിയെ പറ്റി കേട്ടപ്പോൾ ഞെട്ടലും സന്തോഷവും ഉണ്ടായി. പല പാശ്ചാത്യ രാജ്യങ്ങളും സ്കൂളുകൾ പുതുക്കിപ്പണിയുന്നതിനും, സുരക്ഷയ്ക്കും മറ്റുമായി സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഹംഗറി ഒഴികെയുള്ള ഒരു രാജ്യവും തങ്ങളുടെ വാഗ്ദാനം നടപ്പിലാക്കിയിട്ടില്ലായെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. തക്കസമയത്ത് സഹായമെത്തിക്കുന്ന ഏയിഡ് ടു ദി ചർച്ച് ഇൻ നീഡ് ഉൾപ്പെടെയുള്ള ക്രൈസ്തവ സംഘടനകളെയും അദ്ദേഹം അഭിനന്ദിച്ചു. ഫോറിൻ ഓഫീസ് മിനിസ്റ്റർ ലോർഡ് അഹമ്മദുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരിന്നു.


Related Articles »