News - 2025

ബി‌ജെ‌പി ഭരണം ക്രൈസ്തവര്‍ക്ക് ദോഷമാകുമോ? ആശങ്ക പങ്കുവെച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍

സ്വന്തം ലേഖകന്‍ 27-05-2019 - Monday

ലണ്ടന്‍/ വാഷിംഗ്ടണ്‍ ഡി‌സി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ നിലപാടുള്ള ബി‌ജെ‌പി വീണ്ടും അധികാരത്തിലേറിയതിന് പിന്നാലെ ആശങ്ക പങ്കുവച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍. ബിജെപിയുടെ വിജയത്തെതുടര്‍ന്ന്‍ ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനങ്ങളില്‍ വര്‍ദ്ധനവുണ്ടായെക്കുമെന്ന വിലയിരുത്തല്‍ യു‌കെ ആസ്ഥാനമായ പ്രിമീയര്‍, അമേരിക്ക ആസ്ഥാനമായ സി‌ബി‌എന്‍ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ വ്യാപകമായ ആക്രമണങ്ങളാണ് ഇപ്പോള്‍ ഉയരുന്ന ആശങ്കക്ക് ആധാരം.

കഴിഞ്ഞ 5 വര്‍ഷക്കാലം മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ മനസ്സുകളെ വിഭജിക്കുകയാണ് ബി.ജെ.പി. ചെയ്തതെന്ന്‍ പ്രിമീയര്‍ ചൂണ്ടിക്കാട്ടുന്നു. ഹിന്ദുത്വ നിലപാടിനെ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ പ്രചാരണം, ക്രിസ്ത്യാനികളെയും, മുസ്ലീങ്ങളേയും വിദേശികളായി താഴ്ത്തികെട്ടുകയാണ് ചെയ്തതെന്നും പ്രിമീയര്‍ വിലയിരുത്തുന്നു. പുതിയ ഫലത്തോടെ ഇന്ത്യയില്‍ സ്ഥിതി അതീവ അപകടകരമായ സ്ഥിതിയിലാണെന്ന് സി‌ബി‌എന്‍ ന്യൂസ് ചൂണ്ടിക്കാട്ടി. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവ മതമര്‍ദ്ദനം നടക്കുന്ന രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ.

ബിജെപി വീണ്ടും അധികാരത്തില്‍ വന്നതിനാല്‍ പീഡന തോത് വര്‍ദ്ധിക്കുമെന്ന് ഓപ്പണ്‍ഡോഴ്സും ഭയപ്പെടുന്നു. തങ്ങളുടെ പാര്‍ട്ടിയാണ് അധികാരത്തിലിരിക്കുന്നതെന്ന ധൈര്യം മതമൗലീകവാദികള്‍ക്ക് എന്തും ചെയ്യുവാനുള്ള ധൈര്യം നല്‍കുമെന്നും സംഘടന പറയുന്നു. മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിമുഖത കാണിക്കുകയാണെന്നും ഇത് അക്രമികള്‍ക്ക് ശക്തിപകരുകയാണ് ചെയ്യുന്നതെന്നും ഓപ്പണ്‍ഡോഴ്സിന്റെ പ്രതിനിധി എറിന്‍ ജെയിംസ് പറയുന്നു.


Related Articles »