India - 2025

ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ 94ാം ചരമവാര്‍ഷികാചരണം

സ്വന്തം ലേഖകന്‍ 03-06-2019 - Monday

ചങ്ങനാശേരി: ചങ്ങനാശേരി രൂപതയുടെ മുന്‍ മെത്രാനും ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ 94ാം ചരമവാര്‍ഷികാചരണത്തില്‍ പങ്കുചേര്‍ന്നു വിശ്വാസികള്‍. കബറടങ്ങിയിരിക്കുന്ന ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ രാവിലെ മുതല്‍ വൈകുന്നേരംവരെ തുടര്‍ച്ചയായി നടന്ന വിശുദ്ധ കുര്‍ബാനയിലും പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും ഉച്ചയ്ക്കു നടന്ന ശ്രാദ്ധസദ്യയിലും വൈദികരും സന്യാസിനികളും ഉള്‍പ്പെടെ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

രാവിലെ ആറിനു വിശുദ്ധ കുര്‍ബാനയ്ക്ക് സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.രാജു കോയിപ്പള്ളി, ഫാ. തോമസ് പ്ലാപറന്പില്‍, ഫാ.സോണി പള്ളിച്ചിറ എന്നിവര്‍ സഹകാര്‍മികരായിരുന്നു. 7.30ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി. വളരെ പ്രയാസകരമായ കാലഘട്ടത്തില്‍ സാമൂഹിക തിന്മകള്‍ക്കെതിരേ ശബ്ദമുയര്‍ത്തുകയും നവീകരണം നടപ്പാക്കുകയും ചെയ്ത പുണ്യശ്ലോകനായിരുന്നു മാര്‍ കുര്യാളശേരിയെന്നു മാര്‍ പെരുന്തോട്ടം ഉദ്‌ബോധിപ്പിച്ചു. ഫാ.കുര്യന്‍ പുത്തന്‍പുര, ഫാ.ജോസഫ് കൊല്ലാറ, ഫാ.ജോഷ്വാ തുണ്ടത്തില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

തുടര്‍ന്ന് സത്‌ന ബിഷപ് മാര്‍ ജോസഫ് കൊടകല്ലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഈശോയുടെ സ്‌നേഹം ലോകത്തിനു പകര്‍ന്നുനല്‍കാന്‍ പരിശ്രമിച്ച മാര്‍ കുര്യാളശേരിയുടെ മാതൃക പ്രാവര്‍ത്തികമാക്കാന്‍ നമുക്കു കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ഫാ.ജേക്കബ് വാരിക്കാട്ട്, ഫാ.ഫിലിപ്പ് വൈക്കത്തുകാരന്‍വീട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. നേര്‍ച്ചഭക്ഷണ വെഞ്ചരിപ്പും മാര്‍ കൊടകല്ലില്‍ നിര്‍വഹിച്ചു.

ഉച്ചയ്ക്കു സമൂഹബലിക്കു വികാരി ജനറാള്‍ മോണ്‍.തോമസ് പാടിയത്ത് മുഖ്യകാര്‍മികനായിരുന്നു. ഫാ.തോമസ് തുന്പയില്‍, ഫാ.ആന്റണി കിഴക്കേവീട്ടില്‍, ഫാ.പീറ്റര്‍ കിഴക്കയില്‍, ഫാ.സെബാസ്റ്റ്യന്‍ മണ്ണാംതുരുത്തില്‍, ഫാ.ജോസഫ് തൂന്പുങ്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഉച്ചകഴിഞ്ഞു ഫാ.ആന്റണി പോരൂക്കര വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ.ആന്റണി പനച്ചിങ്കല്‍ ആരാധന നയിച്ചു.

പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ തെരേസാ നടുപ്പടവില്‍, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ ബഞ്ചമിന്‍ മേരി, വികാര്‍ ജനറല്‍ സിസ്റ്റര്‍ റോസിലി ഒഴുകയില്‍, ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ അനറ്റ് ചാലങ്ങാടി, ചങ്ങനാശേരി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡോ.സിസ്റ്റര്‍ മേഴ്‌സി നെടുന്പുറം, സത്‌ന പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റോസ് തെരേസാസ് ജീരകത്തില്‍, സിസ്റ്റര്‍ റോസ് അല്‍ഫോന്‍സ് എന്നിവര്‍ നേതൃത്വം നല്‍കി.


Related Articles »